Web Desk

തിരുവനന്തപുരം

November 03, 2020, 10:33 pm

ഹൈടെക് കൃഷിക്കായി മികവിന്റെ കേന്ദ്രം

*വയനാടിനെ പൂക്കൃഷിയുടെ ഹബ്ബാക്കി മാറ്റും * അഗ്രി-ഹോര്‍ട്ടി ടൂറിസത്തിന് എക്സലൻസ് സെന്റർ മുതല്‍ക്കൂട്ടാവും
Janayugom Online

കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്കുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി കൃഷിവകുപ്പ്. പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷിക്കായി സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന് മികവിന്റെ കേന്ദ്രം (സെന്റർ ഓഫ് എക്സലന്‍സ് ഫോര്‍ വെജിറ്റബിള്‍സ് ആന്റ് ഫ്ളവേഴ്സ്) വയനാട് ജില്ലയില്‍ ഏതാനം മാസങ്ങൾക്കകം പ്രവർത്തനക്ഷമമാകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയിലൂടെ മലയോര മേഖലകളിലെ പ്രത്യേക കാലവസ്ഥയോടൊപ്പം ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി വയനാടിനെ പൂക്കൃഷിയുടെ ഹബ്ബാക്കി മാറ്റും. പുഷ്‌പങ്ങളുടേയും പച്ചക്കറി വിളകളുടേയും സാങ്കേതിക മികവോടെയുളള ഉല്പാദനവും മൂല്യ വര്‍ധനവും വിപണനവും പരിചയപ്പെടുത്തുന്ന സെന്റര്‍ ഓഫ്‌ എക്‌സെലന്‍സ്‌ സംസ്ഥാനത്തിന്റെ അഗ്രി-ഹോര്‍ട്ടി ടൂറിസത്തിന്‌ മുതല്‍കൂട്ടായി മാറും.

പുഷ്പോത്സവത്തിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഇന്‍ഡോ-ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ അമ്പലവയലിലുളള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എക്സലൻസ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ അധ്യക്ഷത വഹിക്കും. നെതർലന്റ് കൃഷിമന്ത്രി കരോളാ ഷൗട്ടൻ മുഖ്യപ്രഭാഷണം നടത്തും. തുറസായ സ്ഥലത്തെ പച്ചക്കറി-പുഷ്പ വിളകളുടെ കൃത്യതാകൃഷി, ടിഷ്യൂകള്‍ച്ചര്‍ തൈകളുടെ ഉല്പാദനം, വിതരണം, കര്‍ഷകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമുളള പരിശീലന പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.

മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (എംഐഡിഎച്ച്) പദ്ധതിയുടെയും, സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയുടെയും സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പിന്റെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കീഴിലാണ് സെന്റര്‍ സ്ഥാപിതമാകുന്നത്. മൊത്തം 13 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിൽ ഏഴ് കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും ആറ് കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവിൽ നിന്നും ലഭ്യമാക്കും.

ഫ്ലോറി കൾച്ചർ രംഗത്ത് സംസ്ഥാനത്തെ പിന്നോക്കാവസ്ഥ പരിഹരിച്ച് കയറ്റുമതിയിലൂടെ വരുമാനം വർധിപ്പിക്കാനുള്ള സാധ്യതയിലേക്കാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ പച്ചക്കറി കൃഷിയും വിപുലമാക്കും. പച്ചക്കറി കൃഷിയിലും പുഷ്പ കൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചു വരുന്ന നെതര്‍ലന്റുമായുളള സഹകരണത്തിലൂടെ അത്തരം സാങ്കേതിക വിദ്യകള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കും. വയനാടിന്റെ കാലാവസ്ഥയും മറ്റ് സാങ്കേതിക വശങ്ങളും പരിഗണിച്ച്, ക്യാപ്സിക്കം, തക്കാളി, വെളളരി എന്നീ പച്ചക്കറികളുടെയും ക്രൈസാന്തിമം, ജെര്‍ബറ എന്നീ പുഷ്പവിളകളുടെയും പോളീഹൗസ് കൃഷിയും, മറ്റ് പച്ചക്കറി വിളകളുടെയും പുഷ്പവിളകളുടെയും തുറസായ സ്ഥലത്തെ കൃത്യതാ കൃഷിയുടെയും ഉല്പാദനം ഏറ്റെടുത്തുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.

നെൽവയൽ ഉടമകൾക്ക് റോയൽറ്റി ധീരമായ കാൽവെയ്പ്: മന്ത്രി

നെൽവയൽ ഉടമകൾക്ക് റോയൽറ്റി പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. പ്രകൃതി മൂലധനത്തിന്റെ സംരക്ഷണത്തിന് മൂല്യം നൽകുന്ന കർഷകർക്ക് അവകാശമായി റോയൽറ്റി നൽകുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. സർക്കാരിന്റെ പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന മറ്റൊരു വാഗ്ദാനം കൂടി ഇതോടെ നിറവേറ്റുകയാണ്. കഴിഞ്ഞ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118. 24 കോടി രൂപ വകയിരുത്തിയിരുന്നു.

ഇതിൽ 40 കോടി രൂപയാണ് നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റിക്കായി വകയിരുത്തിയിട്ടുള്ളത്. രണ്ട് ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്കായിരിക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി. കാർഷിക രംഗത്തെ ധീരമായ കാൽവെയ്പാണ് നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി പ്രഖ്യാപനമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. നിലവിൽ 60,000‑ൽ അധികം പേർ റോയൽറ്റിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷന് സമയ പരിധിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; cen­ter for excel­lence high­tech agriculture

You may also like this video;