ഭിന്നശേഷിക്കാർക്കെതിരെയും കേന്ദ്രം; നാഷണൽ ട്രസ്റ്റ് ആക്ട് റദ്ദാക്കാൻ നീക്കം

ഷാജി ഇടപ്പള്ളി

കൊച്ചി

Posted on October 17, 2020, 9:55 pm

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച ഭിന്നശേഷി വ്യക്തികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി 1999 ൽ നടപ്പിലാക്കിയ നാഷണൽ ട്രസ്റ്റ് ആക്ട് റദ്ദാക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കി. സാമൂഹ്യ നീതി മന്ത്രാലയവുമായി യോജിപ്പിക്കുവാനുള്ള നീക്കം സജീവം. ചെലവ് ചുരുക്കലിന്റെ ഭാഗമെന്ന നിലയിൽ കേന്ദ്ര സർക്കാർ നടത്തുന്ന പരിഷ്കാരം ബുദ്ധിപരിമിതരുടെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും ക്ഷേമ പദ്ധതികളും ഉൾപ്പെടെയുള്ളവ ഇല്ലാതാകുന്ന സാഹചര്യം സൃഷ്ടിച്ചേക്കുമെന്നാണ് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. ലാഭകരമായി പ്രവർത്തിക്കാത്ത സ്ഥാപനങ്ങളും സംവിധാനങ്ങളുമെല്ലാം അടച്ചുപൂട്ടാനും സമാനമായ മറ്റേതെങ്കിലും വകുപ്പുമായി ലയിപ്പിക്കാനുമാണ് കേന്ദ്ര നീതി ആയോഗിന്റെ നിർദ്ദേശം.

കഴിഞ്ഞ 20 വർഷത്തെ പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ നാഷണൽ ട്രസ്റ്റിന് കഴിഞ്ഞിട്ടില്ലെന്നാണ് നീതി ആയോഗിന്റെ കണ്ടെത്തൽ. സ്ഥിരം ചെയർമാൻ ഇല്ലാതായിട്ടും വർഷങ്ങളായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സാമൂഹ്യ നീതി മന്ത്രാലയത്തിലേക്ക് ലയിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുന്നത്. ഇതിന്റെ മുന്നോടിയായി നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ഇക്കണോമിക്സ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് (എൻഐഎൽഇആർഡി ) യെ ചുമതലപ്പെടുത്തിയിരിക്കയാണ്. ഇതനുസരിച്ച് ഓരോ സംസ്ഥാനത്തുനിന്നും ആവശ്യമായ വിവരങ്ങൾ ഇവർ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

നാഷണൽ ട്രസ്റ്റ് നിയമം നടപ്പിലാക്കുന്നതിന് ജില്ലാ തലങ്ങളിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ചെയർമാനായി നിയമാധിഷ്ഠിതമായ ലോക്കൽ ലെവൽ കമ്മിറ്റികൾ നിലവിലുണ്ട്. മാനസിക വൈകല്യമുള്ള വ്യക്തികളുടെ നിയമാനുസൃത രക്ഷിതാക്കളെ നിയമിക്കുന്നതിനുള്ള അധികാരം ഈ കമ്മിറ്റിക്കാണ്. നിലവിൽ കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ബുദ്ധിമാന്ദ്യം മൂലം സ്വന്തം തീരുമാനം എടുക്കാൻ കഴിയാത്ത പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾ ഇല്ലെന്നു ഉറപ്പുവരുത്തണം, അതോടൊപ്പം വൈകല്യമുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബസ്വത്തിൽ അവരുടെ അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്നതും ഈ നിയമത്തിന്റെ സംരക്ഷണത്തിലാണ്. നീതി നിഷേധിക്കപ്പെട്ട നിരവധിപേർക്ക് അർഹതപ്പെട്ട സ്വത്ത് തിരികെ വാങ്ങി നൽകാൻ ഈ നിയമം ഉള്ളതിനാൽ കഴിഞ്ഞിട്ടുണ്ടെന്ന് നാഷണൽ ട്രസ്റ്റ് മുൻ ബോർഡ് മെമ്പറും സംസ്ഥാന കോ ഓർഡിനേറ്ററുമായിരുന്ന ആർ വേണുഗോപാലൻ നായർ ജനയുഗത്തോട് പറഞ്ഞു.

ഭിന്നശേഷി വ്യക്തികൾക്ക് നിയമപരമായ രക്ഷിതാവിനെ നിയമിക്കുന്ന ജില്ലാ തലത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റികളുടെ പ്രവർത്തനം നിയമം ഇല്ലാതായാൽ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. നിരാമയ ആരോഗ്യ ഇൻഷുറൻസ്, വികാസ് പകൽ പരിചരണം ഉൾപ്പെടെയുള്ള പത്തിലേറെ ക്ഷേമപദ്ധതികളും സന്നദ്ധ സംഘടനകൾ വഴി നടപ്പാക്കി വരുന്നുണ്ട്. നാഷണൽ ട്രസ്റ്റ് ഇല്ലാതായാൽ ഇത്തരത്തിലുള്ള പരിരക്ഷയും നഷ്ടമാകുമെന്ന് പരിവാർ എന്ന ദേശീയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി എസ് മായ പറഞ്ഞു.

you may also like this video