വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിന് സംവരണതത്വങ്ങൾ പാലിക്കേണ്ടതില്ലെന്ന് സ്വകാര്യ സംരംഭകരോട് കേന്ദ്രസർക്കാര്‍. ഓഹരി വില്പനയ്ക്കുശേഷം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്ക് വിവിധ വിഭാഗങ്ങൾക്കുള്ള സംവരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുന്നത് നിയമപരമായി സാധ്യമല്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭരണഘടനാപ്രകാരം, സർക്കാരുകൾക്ക് മാത്രമാണ് സംവരണം പാലിക്കേണ്ട ബാധ്യതയുള്ളതെന്ന് തൊഴിൽ നിയമ വിദഗ്ധ മനിഷി പഥക് അഭിപ്രായപ്പെടുന്നു. ഇതോടെ രാജ്യത്ത് നിലവിലുള്ള തൊഴിലവസരങ്ങൾ ഇല്ലാതാകുകയും സംവരണത്തിന് അർഹരായ ജനവിഭാഗങ്ങൾക്ക് അതിനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലൂടെ രാജ്യത്ത് പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ തൊഴിലവസരങ്ങളിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന ആശങ്ക വിവിധ മേഖലകളിൽ നിന്നുയർന്നതോടെ ഇത് പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് ലഭിച്ച റിപ്പോർട്ടുകളിലാണ് സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ സംവരണനയം ബാധകമാവില്ലെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ നിലവിൽ തൊഴിലെടുക്കുന്നവരെ സംരക്ഷിക്കുന്നതിന് സർക്കാർ കരാർ ഉണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെങ്കിലും, അതും പൂർണമായി വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.
രണ്ട് പൊതുമേഖലാ ബാങ്കുകളെ കൂടി സ്വകാര്യവൽക്കരിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബാങ്കിംഗ് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭത്തിലാണ്.
English summary: reservation in the PSUs
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.