കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ മേൽ കൊള്ളപ്പലിശ അടിച്ചേല്പിച്ച് അവരെ കടക്കെണിയിലേക്ക് തള്ളി നീക്കുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് . കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റൊരു വരുമാനവുമില്ലാത്തതിനാൽ അനിവാര്യ ചെലവുകൾക്കുവേണ്ടി വായ്പയെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സാധാരണഗതിയിൽ കേരളം നൽകുക ഏഴ് മുതൽ എട്ട് ശതമാനം പലിശയാണ്. ഈ പലിശ നിരക്കിനെക്കാൾ വളരെ ഉയർന്ന തോതിലാണ് (11–12 ശതമാനം നിരക്കിൽ) കേരളത്തില്‍ സാമ്പത്തിക വളർച്ച ഉണ്ടായിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ സ്ഥിതി മാറുകയാണ്.
ഈ വർഷം കേരളത്തിന്റെ സാമ്പത്തിക ഉല്പാദനം കഴിഞ്ഞ വർഷത്തെക്കാൾ കുറയുന്നതിനാണ് സാധ്യത. ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രം കൊള്ളപ്പലിശ അടിച്ചേല്പിക്കുന്നത്. ഈ നയം സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയെ തകർക്കുമെന്നും കേന്ദ്രം ഇതു തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തികവർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട ആദ്യഗഡു കമ്പോളവായ്പയായ 6,000 കോടി രൂപയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണ് നൽകേണ്ടി വരുന്നത്, 8.96 ശതമാനം. 15 വർഷക്കാലയളവിലേയ്ക്കുള്ള ബോണ്ടുകൾക്കാണ് ഈ പലിശ നൽകേണ്ടി വരുന്നത്. ഈ പലിശ ശതമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വായ്പ നൽകാനുള്ള പണം കൂടുതൽ ലഭ്യമാക്കിയിട്ടും ബാങ്കുകൾ ബോണ്ടുകളിൽ നിക്ഷേപിക്കാൻ മടിക്കുകയാണ്. റിസർവ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകളുടെ പലിശ നിരക്ക് കൂടുകയാണ് ചെയ്തത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ അതീവഗൗരവമായ പാളിച്ചകളിലേയ്ക്കാണ് ഈ അനുഭവം വിരൽചൂണ്ടുന്നത്. ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ അഭിമുഖീകരിക്കുമ്പോഴും ഇതിന്റെ ഒരു ചിന്തയും കേന്ദ്ര ഭരണാധികാരികൾക്കില്ല. ഈയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കുകയാണ് പോംവഴി. മുൻ റിസർവ് ബാങ്ക് ഗവർണർ രംഗരാജൻ അടക്കമുള്ളവർ കേന്ദ്രസർക്കാരിനോട് പറയുന്നത് അവരെടുക്കുന്ന കടത്തിൽ നല്ലൊരു പങ്ക് റിസർവ് ബാങ്കിലേയ്ക്ക് മാറ്റണമെന്നാണ്. അല്ലെങ്കിൽ കടത്തെ മോണിറ്റൈസ് ചെയ്യണമെന്നാണ്. കേന്ദ്രസർക്കാരിനു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്ന്, സംസ്ഥാന സർക്കാരിൽ നിന്ന് വാങ്ങുന്ന ബോണ്ടുകൾ ആവശ്യമെങ്കിൽ റിസർവ് ബാങ്ക് വാങ്ങും എന്ന് ഉറപ്പുനൽകുക.
ഇതിനെയാണ് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് എന്നു പറയുന്നത്. പക്ഷേ ഇതിന് ഇതുവരെയും ആർബിഐ തയ്യാറായിട്ടില്ല. രണ്ടാമത്തേത്, ആർബിഐയിൽ നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് അതിലൊരു വിഹിതം കൊടുക്കലാണ്. അഞ്ചു ശതമാനത്തിൽ താഴെ ഏറ്റവും ചുരുങ്ങിയ പലിശയ്ക്ക് പാൻഡെമിക് ബോണ്ടുകൾ എന്ന പേരിൽ ബോണ്ടിറക്കാൻ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാണ് ആവശ്യം. ഇത് റിസർവ് ബാങ്ക് നേരിട്ട് വാങ്ങണം. ഇത് സംസ്ഥാനങ്ങളുടെ വായ്പാപരിധിയ്ക്കു പുറത്തായിരിക്കണം. അഥവാ സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണം.
ലോകത്ത് ഏതൊരു സർക്കാരും ചെയ്യുന്ന കാര്യം ചെയ്യാൻ കേന്ദ്രസർക്കാർ മടിക്കുകയാണ്. ഇന്ത്യയിൽ ആദ്യപാദത്തിൽ സംസ്ഥാനങ്ങൾക്ക് 1.27 ലക്ഷം കോടി രൂപയുടെ വായ്പയെടുക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാരാകട്ടെ, ആദ്യപകുതിയിൽ 4.88 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്രയും വലിയ തുക ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ പറ്റുന്ന പാകത്തിലല്ല ധനകാര്യസ്ഥിതി. ഒരുപക്ഷേ, സമീപഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തികത്തകർച്ചയോർത്ത് കേന്ദ്രസര്‍ക്കാര്‍ പരിഭ്രമിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
English Summary: Center imposes heavy interest rates on states: Finance Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.