സ്വന്തം ലേഖകൻ

December 14, 2019, 10:37 pm

രോഗികളെ ദുരിതത്തിലാക്കി കേന്ദ്രം; മരുന്നിന് കഴുത്തറുപ്പൻ വില

Janayugom Online

ന്യൂഡൽഹി: പാവപ്പെട്ട രോഗികൾക്ക് ചികിത്സ കിട്ടാക്കനിയാക്കി അവശ്യ മരുന്നുകളുടെ വില മോഡി സർക്കാർ കുത്തനെ വർധിപ്പിച്ചു. അവശ്യമരുന്നുകളുടെ വില 50 ശതമാനത്തോളം വർധിപ്പിക്കാനാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)യുടെ തീരുമാനം. 12 മരുന്നുകളുടെ വില വർധിപ്പിക്കുന്നതിന് 2013ലെ ഡിപിസിഒ ചട്ടങ്ങൾ പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചട്ടം കാറ്റിൽപ്പറത്തിയാണ് 12 അവശ്യ മരുന്നുകളുടെ വില 50 ശതമാനം വർധിപ്പിക്കാനുള്ള എൻപിപിഎയുടെ തീരുമാനം.

ബിസിജി പ്രതിരോധ കുത്തിവയ്പ്പ്, ശ്വാസകോശ, വാതപ്പനി എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കായ ബെൻസാതീൻ ബെൻസൈൽ പെൻസിലിൻ, ന്യുമോണിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബെൻസി പെൻസിലിൻ, മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിൻ, കുഷ്ഠ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡാപ്സോൺ, ക്ലോഫസമീൻ, വൃക്കരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ഫ്യൂറോസെമൈഡ്, ബാക്ടീരിയ ബാധ തടയുന്നതിന് ഉപയോഗിക്കുന്ന മെട്രോണിടസോൾ, എൻസൈമുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അസ്കോർബിക് ആസിഡ്, വൈറ്റമിൻ സി ഗുളികകൾ, ഫംഗൽ അണുബാധ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ക്ലോർട്ടിമസോൾ, അലർജി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫിനറാമിൻ, സന്ധിവാത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡെനിസൊളോൺ, എന്നീ മരുന്നുകളുടെ വിലയാണ് പകുതിയിൽ കൂടുതൽ വർധിപ്പിക്കുന്നത്.

ഈ മാസം ഒമ്പതിന് ചേർന്ന യോഗത്തിലാണ് മരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ മരുന്നുകൾ പ്രാഥമിക ആരോഗ്യ പരിപാലന ചികിത്സാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതുകാരണമാണ് സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിഞ്ഞിരുന്നത്.

ആശ്വാസമേകി കേരളം

കേരളത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം രോഗികൾക്ക് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയിൽ 21 ജീവൻ രക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്തി ഉത്തരവിറങ്ങി. ഈ നടപടിയിലൂടെ എലിപ്പനി, കുഷ്ഠരോഗം, മലേറിയ, എയ്ഡ്സ് രോഗികൾക്കുണ്ടാകുന്ന അണുബാധകൾ, വൃക്കരോഗികൾ തുടങ്ങിയവർക്കെല്ലാം ചുരുങ്ങിയ ചെലവിൽ ഫലവത്തായ ചികിത്സ ലഭ്യമാക്കാൻ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയും. പുതുക്കിയ വിലവിവര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ടു വർഷകാലമായി കെഎംഎസ്എൽ വഴി ആവർത്തിച്ച് ദർഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്.

ബദൽ മരുന്നുകൾ ലഭ്യമല്ലാത്ത ഈ മരുന്നുകൾ പലതരത്തിലുള്ള രോഗ ചികിത്സയ്ക്കും ഒഴിവാക്കാൻ കഴിയാത്തതുമാണ്. ചില മരുന്ന് കമ്പനികളുടെ പെട്ടെന്നുള്ള പിന്മാറ്റവും ചികിത്സാമേഖലയിൽ ആകമാനം പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായി. വിപണിയിൽ നിന്നും പല കാരണങ്ങളാൽ പിൻവലിക്കപ്പെട്ട പല മരുന്നുകളും ഉപയോഗിച്ച് ചികിത്സിക്കേണ്ട രോഗാവസ്ഥ, ലഭ്യമായ മറ്റ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കേണ്ടി വരുന്നതുമൂലം പ്രതിശീർഷ ചെലവിലും ഭയാനകമായ വർധനവ് ഉണ്ടായി. ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ കെ ശൈലജ, കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രാലയത്തെയും ഈ വസ്തുതകൾ ധരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പുതുക്കിയ വിലവിവര പട്ടികയിൽ 21 ജീവൻ രക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്തിയത്.