March 23, 2023 Thursday

ഔഷധ നിർമ്മാതാക്കളും ഡോക്ടർമാരും ചേർന്ന് നടത്തുന്ന കള്ളക്കളിക്ക് കേന്ദ്രത്തിന്റെ ഒത്താശ

ബേബി ആലുവ
കൊച്ചി
March 2, 2020 8:47 pm

വ്യാപാരം വർദ്ധിപ്പിക്കാൻ ഔഷധ നിർമ്മാതാക്കളും ഡോക്ടർമാരും ചേർന്നു നടത്തുന്ന കള്ളക്കളിക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ചെന്നൈ ഹൈക്കോടതി തന്നെ ഈ അവിശുദ്ധ ബന്ധത്തിനെതിരെ നിശിതവിമർശനവുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു.

വ്യാപാരം വർദ്ധിപ്പിച്ച് കൊള്ളലാഭം കൊയ്യാൻ ഔഷധക്കമ്പനി ഉടമകളും ഡോക്ടർമാരുടെ വിവിധ സംഘടനകളും ഒത്തുചേർന്ന് കാലങ്ങളായി നടത്തി വരുന്ന കളികൾ പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടിക്ക് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി. എന്നാൽ ഈ കാര്യങ്ങൾ നിയന്ത്രിക്കാനെന്ന ഭാവേന 2015 ജനുവരി മുതൽ യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റിങ് പ്രാക്ടീസ് എന്ന സംവിധാനം കൊണ്ടുവന്നെങ്കിലും, ആദ്യഘട്ടത്തിൽ ഇത് മരുന്നു കമ്പനികൾക്ക് സ്വമേധയാ നടപ്പാക്കാമെന്ന വ്യവസ്ഥയിലൂടെ, അവരുടെ ക്രമക്കേടുകൾ അവർക്കു തന്നെ പരിഹരിക്കാവുന്നതാണെന്ന സാഹചര്യം കേന്ദ്രം ഒരുക്കിക്കൊടുക്കുകയായിരുന്നു.

രണ്ടു വർഷത്തിനു ശേഷം നിർബന്ധിത നിയമമാക്കാമെന്നായിരുന്നു നിലപാട്. എന്നാൽ ഈ സമയപരിധി കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും നിബന്ധനകൾ ബന്ധപ്പെട്ടവർ പാലിക്കാതിരുന്നിട്ടും തുടർനടപടികൾക്ക് കേന്ദ്ര രാസവള വകുപ്പിനു കീഴിലുള്ള ഔഷധ മന്ത്രാലയം തയ്യാറായിട്ടില്ല. ഇതിനും പുറമെ, യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റിങ് പ്രാക്ടീസ് സംവിധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് അടുത്തിടെ ഔഷധക്കമ്പനികൾക്കു കത്തെഴുതി കേന്ദ്രം വീണ്ടും നാണം കെടുകയും ചെയ്തു. അതേസമയം, ഡോക്ടർമാരുടെ സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾക്കും മറ്റും വൻകിട ഹോട്ടലുകളും പ്രാദേശിക വിനോദ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് ഔഷധക്കമ്പനികൾ സഹായിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നതായി കത്തിൽ സമ്മതിക്കുന്നുമുണ്ട്. ബന്ധപ്പെട്ട നിബന്ധനകളിൽ പറയുന്ന കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് മരുന്നു കമ്പനി ഉടമകളുടെ സംഘടനകളും സമ്മേളനങ്ങളും മറ്റും നടക്കുമ്പോൾ നിയമ ലംഘനങ്ങളുണ്ടാകുന്നില്ലെന്ന് ഡോക്ടർമാരുടെ സംഘടനകളും ഉറപ്പ് വരുത്തണമെന്ന ഉപദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.

ആവർത്തിച്ചുള്ള ആവശ്യമുയർന്നിട്ടും മാർക്കറ്റിങ് കോഡ് നിയമത്തിന്റെ ഭാഗമാക്കി മാറ്റി തുടർ നടപടികൾ അധികൃതർക്ക് സ്വീകരിക്കാൻ കഴിയുന്ന തരത്തിലാക്കാൻ കേന്ദ്ര ഗവണ്മെന്റ് താത്പര്യമെടുക്കാത്തത് ആക്ഷേപകരമാണെന്ന് ഓൾ ഇന്ത്യ ഡ്രഗ്സ് ആക്ഷൻ നെറ്റ് വർക്ക് (ഐഡാൻ) കോ-കൺവീനർ മാലിനിഐ സോള അഭിപ്രായപ്പെട്ടു. ഡോക്ടർമാരും മരുന്നു കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് ഒട്ടേറെ പരാതികളുയർന്നിട്ടുണ്ട്. അവയിലെല്ലാം വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം ധീരത കാട്ടണമെന്നും ഐഡാൻ ആവശ്യപ്പെട്ടു.
ഇതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളോടും ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോടും മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. 2009 മുതൽ മരുന്നു കമ്പനികളിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയ എത്ര ഡോക്ടർമാർക്കെതിരെ നടപടിയെടുത്തുവെന്ന് മെഡിക്കൽ കൗൺസിലിനോടും അമിത വില ഈടാക്കിയ മരുന്നു കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടികളെന്താണെന്ന് ഔഷധ മന്ത്രാലയത്തോടും കോടതി ചോദിച്ചു. ഔഷധ വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാൻ നടപ്പാക്കിയ യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് എന്നു മുതൽ നിർബന്ധമാക്കുമെന്ന് കോടതി കേന്ദ്രത്തോട് ആരായുകയും ആരോഗ്യ, ഔഷധ മന്ത്രാലയങ്ങൾ, ദേശീയ ഔഷധവില നിർണ്ണയ സമിതി, മെഡിക്കൽ കൗൺസിൽ, ആദായ നികുതി വകുപ്പ് എന്നിവ ചേർന്ന് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

ENGLISH SUMMARY: Cen­ter sup­port for drug deal­ers’ fraud

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.