May 31, 2023 Wednesday

സാമ്പത്തികമാന്ദ്യം പിടിമുറുക്കുന്നു ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടികുറയ്ക്കാൻ കേന്ദ്രം

സ്വന്തം ലേഖകൻ
December 9, 2019 9:18 pm

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മോഡി സർക്കാർ. മുൻകാലങ്ങളിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ സാധാരണക്കാരന്റെ പക്കൽ പണം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ നവഉദാരവൽക്കരണം എല്ലാ അർഥത്തിലും ഉൾക്കൊള്ളുന്ന മോഡി സർക്കാർ പദ്ധതി ചെലവുകളും ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ടുകളും വെട്ടികുറയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുകയും പാവപ്പെട്ടവന്റെ മേൽ കൂടുതൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന മോഡി സർക്കാർ നിലപാട്.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം, ക്ഷേമ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, ആരോഗ്യ മേഖലയിലെ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന് മാത്രമല്ല നിലവിൽ അനുവദിച്ചതുപോലും ലഭിക്കാത്ത അവസ്ഥയാകും സംജാതമാകുന്നത്. ഇത് സമൂഹത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പ്രതിരോധ ചെലവുകളുടെ വിഹിതം സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാടിന് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ട്.

you may also like this video;

കേന്ദ്ര ലിസ്റ്റിൽ (യുണിയൻ ലിസ്റ്റ്) ഉൾപ്പെട്ട പ്രതിരോധ ചെലവുകൾ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കും. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കേണ്ടി വരും. ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കണം എന്നു പറയുമ്പോഴും പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അവകാശം പ്രതിപാദിക്കുന്ന ഭരണഘനയുടെ ഏഴാം പട്ടികയിൽ മാറ്റം വരുത്തിയിട്ടില്ല. ജിഎസ് ടി സംവിധാനം നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാനുള്ള നടപടികൾ ഇനിയും കാര്യക്ഷമമല്ല. കൂടാതെ സംസ്ഥാപ വിഹിതം കൈമാറുന്നതിൽ ഗുരുതരമായ കാലവിളംബമാണ് കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകുന്നത്. സെസ് ഇനത്തിൽ പരിക്കുന്ന ഫണ്ടും കേന്ദ്ര സർക്കാർ നൽകുന്നില്ല.

ആഗസ്റ്റ് മാസത്തിന് ശേഷം സെസ് തുക സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല. ജിഎസ്ടി വരുമാനത്തിൽ ശരാശരി പ്രതിമാസം ഒരു ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ധനക്കമ്മി കുറയ്ക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ധനക്കമ്മി കുറയ്ക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.