24 April 2024, Wednesday

ചരിത്രസ്മാരകങ്ങളിലെ ഹിന്ദു ആരാധനാലയങ്ങൾ തുറന്നുകൊടുക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണത്തിന്

പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
May 25, 2022 10:49 pm

ഗ്യാൻവാപി മസ്ജിദ്, മാർത്താണ്ഡ ക്ഷേത്രം, കുത്തബ് മിനാർ എന്നിവയെച്ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ രാജ്യത്തുടനീളം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പൈതൃക സംരക്ഷണ കേന്ദ്രങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍. പുരാതന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും സംരക്ഷിക്കുന്ന 1958 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്.

‘പുരാതന കാലം മുതൽ ഹിന്ദു ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ പൊതുവേ വിവാദരഹിതമാണ്. എന്നാൽ പതിവ് അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതിനാൽ ഈ ക്ഷേത്രങ്ങൾ വീണ്ടും തുറക്കേണ്ടതുണ്ട്’ എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥർ വാദിക്കുന്നു. കുത്തബ് മിനാർ നിർമ്മിച്ചത് കുത്തബ്ദീന്‍ ഐബക്കല്ലെന്നും സൂര്യന്റെ ദിശ പഠിക്കാൻ ഹിന്ദു ചക്രവർത്തി വിക്രമാദിത്യനാണെന്നും എഎസ്ഐയുടെ തന്നെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ അവകാശപ്പെട്ടതിനെ തുടർന്നാണ് കുത്തബ് മിനാർ വിവാദം പൊട്ടിപ്പുറപ്പെട്ടത് എന്നത് ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

ഏതാനും ദിവസം മുമ്പ് തെക്കൻ കശ്മീരിലെ മാർത്താണ്ഡ ക്ഷേത്രത്തിലെ എട്ടാം നൂറ്റാണ്ടിലെ സംരക്ഷിത കേന്ദ്രത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ്-ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ നടന്ന മതപരമായ ചടങ്ങ് വിവാദമായിരുന്നു. സൂര്യക്ഷേത്രത്തിലെ നവഗ്രഹ അഷ്ടമംഗല പൂജയിലാണ് സിൻഹ പങ്കെടുത്തത്. പരിപാടിയെ ദിവ്യമായ അനുഭവം എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. മതപരമായ പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് എഎസ്ഐ അറിയിച്ചുവെങ്കിലും മറ്റ് നടപടികളുണ്ടായില്ല.

കശ്മീരിലെ ഷാ മിരി രാജവംശത്തിലെ ആറാമത്തെ സുൽത്താനായിരുന്ന സിക്കന്ദർ ഷാ മിരിയാണ് മാർത്താണ്ഡ സൂര്യക്ഷേത്രം തകർത്തതെന്നാണ് ചരിത്രം. പിന്നീട് നിരവധി ഭൂകമ്പങ്ങൾ അവശിഷ്ടങ്ങളെയും നശിപ്പിച്ചു. പല പെെതൃകകേന്ദ്രങ്ങളിലുമുള്ള ഹിന്ദു ക്ഷേത്രങ്ങൾ നാശോന്മുഖമാണെന്നും അവ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അവയിൽ മതപരമായ പരിപാടികൾ പുനരാരംഭിക്കുകയാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഏഷ്യൻ ഏജ്’ റിപ്പോർട്ട് ചെയ്തു.

കുത്തബ് മിനാർ, ഗ്യാൻവാപി വിവാദങ്ങൾ മുന്നൊരുക്കം

കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഗ്യാൻവാപി, താജ്മഹൽ ഹർജികളും കേന്ദ്രസർക്കാർ ഒത്താശയോടെ സംഘ്പരിവാർ നടത്തുന്ന ആസൂത്രിത നീക്കമാണെന്നതിന് കൂടുതൽ തെളിവുകൾ. സംരക്ഷിത ചരിത്രസ്മാരകങ്ങളിലെ ഹിന്ദു ആരാധനാലയങ്ങൾ തുറക്കാനുള്ള നിയമനിർമ്മാണത്തിന് പിൻബലം നല്കാനുള്ള മുന്നൊരുക്കങ്ങളാണ് വിവാദങ്ങൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ തന്നെ മറയാക്കിയാണ് മോഡി സർക്കാരിന്റെ ഈ നീക്കം.
വിവാദങ്ങൾ കൊഴുപ്പിക്കാൻ കുത്തബ് മിനാറുമായി ബന്ധപ്പെട്ട് എഎസ്ഐയുടെ പഴയ റിപ്പോർട്ട് തന്നെ സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്.

ഹിന്ദു ക്ഷേത്രങ്ങൾ നിലനിന്നിരുന്ന പ്രദേശത്താണ് കുത്തബ് മിനാർ നിർമ്മിച്ചതെന്ന് 1871–72 കാലഘട്ടത്തിലെ എഎസ്ഐ റിപ്പോർട്ടിൽ പറയുന്നു. പുറത്തുവിട്ട വിവരങ്ങൾ പൂർണമായും ശരിയാണെന്ന് എഎസ്ഐ മുൻ ഡയറക്ടർ ഡോ. അമരേന്ദ്ര നാഥ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സ്ഥാപക തലവൻ സർ അലക്സാണ്ടർ കണ്ണിങ്ഹാമിന്റെ മേൽനോട്ടത്തിൽ 1871–72ൽ ജെ ഡി ബെഗ്ലറും എ സി എൽ കാർലിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഒരു ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് മസ്ജിദ് നിർമ്മിച്ചു. സ്മാരകത്തിലെ മസ്ജിദിന്റെ അടിത്തറ വളരെ പഴക്കമുള്ളതാണെന്നും നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Eng­lish Summary:Center to leg­is­late for open­ing Hin­du places of wor­ship in his­tor­i­cal monuments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.