പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ജമ്മുകശ്മീരിലെ ഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നടപടികളുമായി മോഡി സർക്കാർ. ഏപ്രിൽ മാസത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിക്കുമുമ്പായി ഭൂമി കണ്ടെത്തണമെന്ന നിർദ്ദേശമാണ് സർക്കാർ റവന്യു അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പാട്ടത്തിനും വിലയ്ക്കും ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ 60,000 കനാൽ ( 7500 ഏക്കർ) ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് തുടരുന്നത്. ജമ്മുവിൽ 50,000 കനാൽ കശ്മീരിൽ 10,000 ഏക്കർ ഭൂമിയും ഏറ്റെടുക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് ആദ്യമായാണ് ഭൂമി വാങ്ങാൻ കഴിയുന്നത്. ഭരണഘടനയുടെ 370,35 എ എന്നീ അനുച്ഛേദങ്ങൾ പ്രകാരം പുറത്തുനിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇത് റദ്ദാക്കിയതോടെ കശ്മീരിൽ ആർക്കും ഭൂമി വാങ്ങാൻ കഴിയും.
ജമ്മു കശ്മീരിലെ ഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നടപടിയുടെ ഭാഗമാണ് പ്രത്യേക പദവികൾ റദ്ദാക്കിയതിന് പിന്നിലുള്ള മോഡി സർക്കാരിന്റെ പ്രധാനപ്പെട്ട താൽപ്പര്യമെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലയിൽ നിക്ഷേപം ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡൽഹിയിലെ വിശ്വകർമ്മ യൂണിവേഴ്സിറ്റി, ഫെർഗൂസൻ കോളജ് പൂനെ, നോയിഡയിലെ അമിറ്റി സർവകലാശാല എന്നിവർ ജമ്മു കശ്മീരിൽ കാമ്പസുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
പ്രവാസി ഇന്ത്യാക്കാരും നിരവധി പദ്ധതികൾ സ്ഥാപിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ജമ്മു കശ്മീരിൽ ലോകോത്തര നിലവാരത്തിലുള്ള ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ജമ്മു കശ്മീരിൽ നിന്നുള്ള ഡോക്ടർമാർ അറിയിച്ചു. അതിനിടെ വൻകിട വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി ഡാൽമിയ, റിലയൻസ് ഉൾപ്പടെയുള്ള വൻകിട കോർപ്പറേറ്റുകളും രംഗത്തെത്തി. ഇവർക്കായി കശ്മീരിൽ 875 ഏക്കർ ഭൂമി ഇതിനകം കണ്ടെത്തിയതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
English summary: Center to write land in Kashmir
YOU MAY ALSO LIKE THIS VIDEO