പഞ്ചാബില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തമാസം പതിനാലിന് ചണ്ഡീഗഢില്‍ ചര്‍ച്ച നടത്താമെന്നാണ് ധാരണ. വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകരുടെ പ്രക്ഷോഭം.
കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സന്നദ്ധതയറിയിച്ചു. മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുള്ള ദല്ലേവാളിന്റെ സമരം ഇന്ന് 55-ാം ദിവസത്തേക്ക് കടക്കുകയാണ്. അതേസമയം തന്റെ നിരാഹാര സമരം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കും വരെ തുടരുമെന്ന് മറ്റൊരു കര്‍ഷക നേതാവായ സുഖജിത് സിങ് അറിയിച്ചു.
11 മാസമായി പ്രക്ഷോഭം തുടരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച, എന്നീ സംഘടനകളുടെ പ്രതിനിധികളും ദല്ലേവാളുമായി കേന്ദ്ര കാര്‍ഷിക മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വഴിത്തിരിവ്. ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന പ്രഖ്യാപനം വന്നതോടെ കര്‍ഷക നേതാക്കളും കേന്ദ്ര പ്രതിനിധി സംഘവും ദല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എങ്കില്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കാനാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി. അടുത്ത മാസം 14 ന് വൈകിട്ട് അഞ്ചിന് ചണ്ഡീഗഢിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷനിലാണ് യോഗം ചേരുക.
കേന്ദ്രത്തിലെയും പഞ്ചാബിലെയും മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ട്, 12, 15, 18 തീയതികളില്‍ കേന്ദ്രമന്ത്രിമാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ധാരണയില്‍ എത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.