September 26, 2022 Monday

Related news

September 20, 2022
September 10, 2022
August 25, 2022
August 18, 2022
August 18, 2022
August 11, 2022
August 4, 2022
July 28, 2022
July 19, 2022
July 17, 2022

വന്ദേഭാരത് കച്ചവടമാക്കി കേന്ദ്രം; ക്രിമിനലുകളെയും പണം വാങ്ങി നാട്ടിലേക്ക് കടത്തുന്നു, ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിലപാടിലേക്ക്

കെ രംഗനാഥ്
ദുബായ്
May 12, 2020 8:49 am

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ വെറുമൊരു കച്ചവട പദ്ധതിയായി മാറ്റിയെന്ന ആരോപണം വ്യാപകമാവുന്നു. തൊഴില്‍ നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളേയും രോഗികളെയും കുട്ടികളെയും ഗര്‍ഭണികളെയും മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കുന്നതിനു പകരം വമ്പന്മാരായ ക്രിമിനലുകളെയും അവരുടെ കുടുംബങ്ങളേയും ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ചുള്ള ഔദ്യോഗിക മാഫിയാസംഘങ്ങള്‍ പണം വാങ്ങി ഇന്ത്യയിലേക്ക് കടത്തുന്നുവെന്നതിന്റെ തെളിവുകളും പുറത്തുവരുന്നു. പ്രവാസികളില്‍ നിന്ന് ദുര്‍വഹമായ വിമാനക്കൂലി ഈടാക്കുന്ന കേന്ദ്രം ഇന്ത്യാക്കാരെ സൗജന്യമായാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതും തിരിച്ചടിയാവുന്നു.

ഞായറാഴ്ച പ്രവാസികളുമായി ഖത്തറിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഖത്തര്‍ പ്രവേശനാനുമതി നിഷേധിച്ചത് ഇന്ത്യയ്ക്ക് വലിയ നാണക്കേടായി. ഖത്തറിലെ പ്രവാസികളെ തങ്ങള്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എന്നാല്‍ ഇവരെയൊക്കെ ഭാരിച്ച നിരക്ക് ഈടാക്കിയാണ് കൊണ്ടുപോകുന്നതെന്നറിഞ്ഞതോടെ എയര്‍ ഇന്ത്യാ വിമാനത്തിന് ദോഹയില്‍ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. സൗജന്യമായാണ് പ്രവാസികളെ കൊണ്ടുപോകുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് അടക്കമുള്ള നിരവധി ഡ്യൂട്ടികള്‍ ഖത്തര്‍ ഇളവു നല്‍കുകയും ചെയ്തിരുന്നത് പിന്‍വലിച്ചിട്ടുണ്ട്.

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്ത 40,000 ല്‍പരം പ്രവാസികളുടെ മുന്‍ഗണനാക്രമം ലംഘിച്ച് കോഴവാങ്ങി അടിയന്തരമായി നാട്ടിലെത്തിക്കുന്നതു കണ്ടു പിടിച്ചിട്ടുണ്ട്. ഇതെല്ലാമാണ് എയര്‍ ഇന്ത്യ വിമാനത്തിന് അനുമതി നിഷേധിക്കാന്‍ ഖത്തറിന് പൊടുന്നനേയുള്ള പ്രകോപനമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

you may also like this video;

വിമാനക്കൂലി വാങ്ങി ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന ഖത്തര്‍ എയര്‍വേയ്സിന്റെയും ജസീറ എയര്‍ വേയ്സിന്റെയും അഭ്യര്‍ത്ഥന കേന്ദ്രം തള്ളിയതും മറ്റൊരു പ്രകോപനമായി മാറി. ആറു ഗള്‍ഫ് രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ഇന്ത്യ ഇതുവരെ അനുമതി നല്‍കാത്തതിനാല്‍ അവ ഇന്ത്യയിലേക്കുള്ള ബുക്കിംഗ് ജൂലൈയിലേക്ക് മാറ്റിവച്ചിട്ടുമുണ്ട്.

ഗള്‍ഫ് സെക്ടറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിദേശവിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചശേഷം സര്‍വീസുകളുടെ മുഴുവന്‍ കുത്തകയും എയര്‍ ഇന്ത്യ സ്വന്തമാക്കിയത് ഈ മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെ ഉലയ്ക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം മുന്‍ഗണനാക്രമം ലംഘിച്ച് വിമാനങ്ങളില്‍ കാശുകൊടുത്ത് കയറിപ്പറ്റിയവരില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രിമിനലുകളുമുണ്ടെന്ന പരാതിയും വ്യാപകം. ഇന്ത്യയിലേക്കുള്ള യത്രക്കാരുടെ പട്ടിക അവസാന നിമിഷം വരെ മറച്ചുവച്ചാണ് സാമ്പത്തിക കുറ്റവാളികളടക്കമുള്ളവരെ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്.

45,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയശേഷം ഇന്ത്യയിലേക്കു മുങ്ങിയ ഡോ. ബി ആര്‍ ഷെട്ടിയുടെ എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിലെ ഉന്നതനും യാത്രാവിലക്കു നേരിടുന്നയാളുമായ സുരേഷ് കൃഷ്ണ മൂര്‍ത്തി ഭാര്യയും മൂന്നു മക്കളും ജോലിക്കാരിയുമടക്കം കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ആലപ്പുഴയിലേക്ക് കടന്നത് യുഎഇ ഇന്ത്യന്‍ എംബസിയിലെ ഒരു മാഫിയ സംഘത്തിന്റെ സഹായത്തോടെയായിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള എട്ടും ഒന്‍പതും മാസം ഗര്‍ഭിണികളായ ആറു പേരെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റിയ ശേഷമാണ് യാത്രാവിലക്കുള്ള ഇവരെ കടത്തിയത്. ചുരുക്കത്തില്‍ കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയുടെ മാനം കെടുത്തിയെന്നാണ് പ്രവാസി സംഘടനകളുടെ ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.