23 April 2024, Tuesday

ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റെ പ്രതികാര നടപടി

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 19, 2022 10:50 pm

ഡല്‍ഹി സര്‍ക്കാരിനെതിരെ സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി.
മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഡല്‍ഹിയില്‍ മദ്യവില്പന നടത്താന്‍ കഴിയുമെന്നതായിരുന്നു പുതിയ നയത്തിന്റെ പ്രത്യേകത. ഇതേതുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന വിഷയത്തില്‍ ഇടപെടുകയും മദ്യനയം ആറുമാസത്തേക്ക് മരവിപ്പിച്ച് സിബിഐ അന്വേഷണത്തിന് അനുമതി നല്കുകയുമായിരുന്നു. 

മനീഷ് സിസോദിയയുടെ വീട്ടിലും ഏഴു സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. 11 മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഔദ്യോഗിക ഫയലുകളും മറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തു പണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത 11 പേജുള്ള എഫ്ഐആറില്‍ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമ രേഖയുണ്ടാക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനീഷ് സിസോദിയയുടെ കൂട്ടാളി ദിനേഷ് അറോറയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് മദ്യ വില്പനക്കാരന്‍ സമൂര്‍ മഹേന്ദ്രു ഒരു കോടി രൂപ നല്‍കിയെന്നാണ് സിബിഐ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസ്. മറ്റൊരു കൂട്ടാളി അരുണ്‍ പാണ്ഡെക്കും ഇയാള്‍ രണ്ട്-നാല് കോടി രൂപ നല്‍കിയതായി പറയുന്നു. കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. മുന്‍ എക്‌സൈസ് കമ്മിഷണര്‍ അര്‍വ ഗോപി കൃഷ്ണ, എക്‌സൈസ് വകുപ്പിലെ ആനന്ദ് തിവാരി, പങ്കജ് ഭട്‌നാഗര്‍, ഒണ്‍ലി മച്ച് ലൗഡല്‍ കമ്പനി സിഇഒ വിജയ് നായര്‍, അരുണ്‍ രാമചന്ദ്ര പിള്ള ഉള്‍പ്പെടെ മറ്റ് പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

കഴിഞ്ഞ നവംബറിലാണ് ഡല്‍ഹിയിലെ പുതിയ നയ പ്രകാരം മദ്യ വില്പന പൂര്‍ണമായും സ്വകാര്യ മേഖലക്ക് നല്‍കിയത്. ഇതിനുമുമ്പ് സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ സംയുക്തമായാണ് മദ്യ വില്പന നടത്തിയിരുന്നത്. ആംആദ്മിക്കെതിരെ ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനെ മറ്റൊരു കേസില്‍ ഇഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 

Eng­lish Summary:Center’s retal­ia­to­ry action against Del­hi Govt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.