Web Desk

കോഴിക്കോട്

December 08, 2020, 4:43 pm

കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു: എ വിജയരാഘവൻ

Janayugom Online

കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി അന്വേഷണം നടത്തിയിട്ടും സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളവയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണ്. സ്പീക്കറെ അപമാനിക്കാനാണ് ശ്രമം.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് എങ്ങനെയാണ് സുരേന്ദ്രന് കിട്ടിയത് എന്ന് വ്യക്തമാക്കണം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹം.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് ശിഥിലീകരിക്കപ്പെടും. കോൺഗ്രസ്സിലും ഈ ശിഥിലീകരണമുണ്ടാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ അവിശുദ്ധ കൂട്ട് കെട്ട് യുഡിഎഫിന്റെ അടിത്തറയിളക്കും. മതമൗലികവാദികളായ ജമാഅത്തുമായുള്ള കൂട്ടുകെട്ടിനെ എങ്ങിനെയാണ് ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ന്യായീകരിക്കാൻ കഴിയുക. ബിജെപിയെ സഹായിക്കാനാണ് ഇത്തരം കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപിയ്ക്കെതിരെ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒന്നും പറയുന്നില്ലെന്നതാണ് അവസ്ഥ. ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

ജമാഅത്ത ഇസ്ലാമിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ചത് ലീഗാണ്. കേരളത്തിൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം മുസ്ലീംലീഗ് നിശ്ചയിക്കുകയാണ്. ഇത് കോൺഗ്രസ്സിന്റെ ഭാവിയെത്തന്നെ ഇല്ലാതാക്കും. ഇടതുപക്ഷം ഒരു കാലത്തും ഇത്തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെ പ്രാദേശികമായി വല്ലതും ഉണ്ടായെങ്കില്‍ അതിനെ അംഗീകരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.  ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും മാറാനുള്ള നീക്കമാണ് കേരളത്തിൽ യു ഡി എഫ് നടത്തുന്നത്. അവർ കോൺഗ്രസിന്റെ തന്നെ ദേശീയ നയങ്ങളെ തള്ളിപ്പറയുന്നു. മത ന്യൂനപക്ഷ സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് എന്നും എൽ ഡി എഫ് സ്വീകരിച്ചിട്ടുള്ളത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്വന്തം വാര്‍ഡില്‍ പോലും കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാനാവാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറി. ബിജെപിയിലേക്ക് കോൺഗ്രസ്സിൽ നിന്നും നേതാക്കളും അണികളും കൂട്ടമായി ചേക്കേറുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെയാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. മറിച്ചുള്ള പ്രചാരണം ശരിയല്ല. വെബ് റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി ഓരോ വീട്ടിലുമാണ് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ഇടതുപക്ഷ മുന്നണി തിളക്കമാർന്ന വിജയം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Cen­tral agen­cies leak infor­ma­tion to rivals: A. Vijayaraghavan

You may like this video also