ഡോ. കെ പി വിപിൻ ചന്ദ്രൻ

February 11, 2020, 5:30 am

കേന്ദ്ര‑സംസ്ഥാന ബജറ്റുകളും രണ്ട് വികസന സമീപനങ്ങളും

Janayugom Online

ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റും ഫെബ്രുവരി ഏഴാം തീയതി സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ബജറ്റും അവതരിപ്പിച്ചു. ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര‑സംസ്ഥാന ബജറ്റുകൾ വികസനത്തെ സമീപിക്കുന്ന വിശകലന രീതി വിലയിരുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസർക്കാരിന്റെ 2019–20 വർഷത്തെ സാമ്പത്തിക സർവേ പ്രധാനമായും പരിഗണിക്കുന്നത് “വിപണികൾ പ്രാപ്തമാക്കുക, ബിസിനസ് അനുകൂലമായ നയം പ്രോത്സാഹിപ്പിക്കുക, സമ്പദ് വ്യവസ്ഥയിൽ വിശ്വാസം ശക്തിപ്പെടുത്തുക” എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകിയാണ്. ആഗോള വ്യാപാരവും ഡിമാൻഡും ദുർബലമായ സാഹചര്യത്തിൽ ഇന്ത്യയിലെ ജിഡിപി വളർച്ച നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയിൽ അതിതീവ്രമായ സാമ്പത്തിക പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സാമ്പത്തിക സർവേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. 2020–21 വർഷത്തിൽ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ സാധ്യമാകുന്നതിന് പത്ത് പുതിയ ആശയങ്ങൾ സാമ്പത്തിക സർവേ മുന്നോട്ടുവയ്ക്കുന്നു. സമ്പത്ത് സൃഷ്ടിക്കുക എന്ന ആശയത്തിന് മുൻതൂക്കം നൽകിയാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അതിനോടൊപ്പം ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഒരു തന്ത്രമായി സംരംഭകത്വത്തെ പരിഗണിക്കണമെന്നാണ് വാദിക്കുന്നത്.

73 ശതമാനത്തോളം ഇന്ത്യയുടെ സമ്പത്ത് ഒരു ശതമാനം ശതകോടീശ്വരന്മാരുടെ കൈയിലാണ്. സമ്പത്ത് വർധിപ്പിക്കുക എന്നത് ആരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് പ്രസക്തമായ ചോദ്യം. സാധാരണ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതിലൂടെ മാത്രമേ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് ഉണ്ടാവുകയുള്ളൂ. എന്നാൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക ഉത്തേജക പാക്കേജിലൂടെ കേന്ദ്രസർക്കാർ കോർപ്പറേറ്റ് മേഖലയ്ക്ക് വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തുകയും കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ബജറ്റ് പ്രഖ്യാപനത്തിൽ പുതുതായി ബിസിനസ് തുടങ്ങുന്നവർക്ക് കോർപ്പറേറ്റ് നികുതി 15 ശതമാനമായി കുറച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ സാധാരണ ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതികളിൽ കൂടുതൽ പണം വകയിരുത്താതെ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഉദാഹരണമായി കഴിഞ്ഞവർഷം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 71000 കോടി രൂപ വകയിരുത്തിയെങ്കിൽ 2020–21 വർഷത്തെ ബജറ്റിൽ 61,500 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. അതുപോലെ പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന കഴിഞ്ഞവർഷം 75,000 കോടി അനുവദിച്ചുവെങ്കിലും 54,370 കോടി മാത്രമാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ കേന്ദ്രവിഹിതം വർഷം തോറും കുറഞ്ഞു വരുന്നതായി കാണുന്നു. ഉദാഹരണമായി 2019–20 സാമ്പത്തികവർഷത്തിൽ വിദ്യാഭ്യാസത്തിന് കേന്ദ്ര സർക്കാരിന്റെ ബജറ്റ് വിഹിതം 3.5 ശതമാനമാണ്. എന്നാൽ ഈ വർഷം 3.3 ശതമാനമായി ചുരുങ്ങി. അതുപോലെ ആരോഗ്യമേഖലയിൽ ക­ഴി­ഞ്ഞ വർഷത്തിൽ 2.5 ശതമാനം ആയിരുന്നത് 2.3 ശതമാനമായി ചുരുങ്ങി. ഗ്രാമീണ വികസനത്തിന് കേന്ദ്ര ബജറ്റ് വിഹിതം 2019- 20 ൽ 4.5 ശതമാനം ആയിരുന്നത് 2020–21 ൽ 3.9 ശതമാനമായി ചുരുങ്ങി. സ്ത്രീക്ഷേമത്തിന് 2019–20 ൽ 5.29 ശതമാനമാണ് കേന്ദ്ര ബജറ്റിൽ മാറ്റിവച്ചതെങ്കിൽ 2020–21 ൽ എത്തുമ്പോൾ 4.7 ശതമാനമായി ചുരുങ്ങി.

കഴിഞ്ഞ അഞ്ചു വർഷത്തെ ഏത് കേന്ദ്രബജറ്റ് എടുത്തു പരിശോധിച്ചു നോക്കിയാലും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഒരു പതിവ് പല്ലവിയായി മാറി. കഴിഞ്ഞ വർഷങ്ങളിൽ കാർഷികപുനരുദ്ധാരണത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവെങ്കിലും ലക്ഷ്യ നേട്ടത്തിലേക്ക് കുതിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. ഈയൊരു സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ 16 ഇന കാർഷിക പരിപാടികളാണ് വിഭാവനം ചെയ്തത്. കാർഷിക‑വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന വികസന മേഖലയിൽ സ്വകാര്യവത്കരണം അല്ലെങ്കിൽ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഈ കേന്ദ്രബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. സാമ്പത്തിക സർവേ തന്നെ ചൂണ്ടിക്കാട്ടുന്നത് ബിസിനസ് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നാണ്. സാമ്പത്തിക വളർച്ചയ്ക്ക് ആനുപാതികമായ വളർച്ച ബാങ്കിംഗ് മേഖല നേടിയിട്ടില്ലെന്നും ആഗോളതലത്തിൽ നൂറു ബാങ്കുകളുടെ പട്ടികയെടുത്താൽ ഇന്ത്യയിലെ ഒരു ബാങ്ക് മാത്രമേ ഉള്ളൂവെന്ന് സാമ്പത്തിക സർവേ കുറ്റപ്പെടുത്തുന്നു. പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് എല്ലാ പ്രവർത്തനങ്ങളിലും ഫിനാൻസ് ടെക്നോളജി നടപ്പിലാക്കൽ സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. സ്വകാര്യവൽക്കരണത്തെയും ഓഹരി വിറ്റഴിക്കൽ നടപടികളെയും സാമ്പത്തിക സർവേ ന്യായീകരിക്കുന്നു. പൊതുമേഖലയിലെ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ കേന്ദ്രസർക്കാറിന് യഥാർത്ഥ സമ്പത്ത് നഷ്ടപ്പെടുത്തുകയും കോർപ്പറേറ്റ് മേഖലയ്ക്ക് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് തന്നെ അഞ്ചുശതമാനത്തിൽ താഴെയാണെന്ന് സാമ്പത്തിക സർവേ തന്നെ സൂചന നൽകുന്നു. എങ്കിലും ഈ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ കോർപ്പറേറ്റ് അനുകൂലമായ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂ എന്ന വികസന സമീപനമാണ് കേന്ദ്രബജറ്റും സാമ്പത്തിക സർവേയും സ്വീകരിച്ചത്.

ഇന്ത്യയിൽ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ സാധാരണ ജനങ്ങളുടെ കയ്യിൽ നേരിട്ട് പണം ലഭ്യമാകുന്ന രീതിയിലുള്ള ക്ഷേമ പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനുള്ള നയങ്ങളും സ്വീകരിക്കേണ്ടത് എന്ന യാഥാർത്ഥ്യ ബോധത്തിലൂടെയുള്ള വികസന സമീപനം സ്വീകരിച്ചതുകൊണ്ടാണ് കേരളത്തിലെ ഈ വർഷത്തെ ബജറ്റ് ശ്രദ്ധേയമാകുന്നത്. കേരളത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ട് 2019 വെളിപ്പെടുത്തുന്നത് 2018–19 സാമ്പത്തികവർഷത്തിൽ കേരളത്തിലെ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനമായി വളർന്നു എന്നാണ്. 2017–18 ൽ7.3 ശതമാനം മാത്രമേ വളർച്ച നിരക്ക് ഉണ്ടായിരുന്നുള്ളൂ. ആഗോള സാമ്പത്തിക വളർച്ച പോലും 3.9 ശതമാനം മാത്രമുള്ള സമയത്താണ് കേരളം മെച്ചപ്പെട്ട വളർച്ച നേടിയത്. കേരള സർക്കാരിന്റെ ലക്ഷ്യനേട്ടത്തിന് ആധാരമായത് ക്ഷേമാധിഷ്ഠിതമായ വികസന സമീപനം സ്വീകരിച്ചത് മൂലമാണ്. കേരള സർക്കാരിന്റെ നയമായി പരിഗണിക്കുന്നത് പൊതുസമൂഹത്തിൽ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക, സമ്പദ്‌വ്യവസ്ഥയിലെ ഉല്പാദനശക്തികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. അതിനൊപ്പം ഐക്യരാഷ്ട്രസംഘടന വിഭാവനം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യനേട്ടത്തിൽ ഇന്ത്യയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കാർഷിക സംരക്ഷണം, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കായാണ് കേരളം ഇന്ന് പരിഗണന നൽകുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയവും, ജിഎസ്‌ടി നടപ്പിലാക്കിയതിലെ പ്രശ്നങ്ങൾക്കിടയിലാണ് കേരളം മികച്ച വളർച്ച നിരക്കിലേക്ക് എത്തിച്ചേർന്നത്. ഈയൊരു സാഹചര്യത്തിലാണ് ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചത്. ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1300 രൂപയാണ് നല്കുന്നത്.

ഇതിലൂടെ ദശലക്ഷക്കണക്കിനു സാധാരണ ജനവിഭാഗത്തിന് സാമൂഹ്യ സുരക്ഷ ഏർപ്പെടുത്താൻ സഹായിക്കുന്നു. 25 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 1000 ഹോട്ടലുകൾ എന്നത് നൂതനാശയമാണ്. കേരള ബജറ്റ് കാർഷിക‑വ്യവസായിക മേഖലയിൽ മെച്ചപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കാർഷികമേഖലയിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയും അതുപോലെ വർഷംതോറും ഒരു കോടി ഫലവൃക്ഷ തൈകൾ നടുന്ന പത്തുവർഷത്തെ പരിപാടി കാർഷികമേഖലയ്ക്ക് ഉണർവ് ഉണ്ടാകും. കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനത്തിന് ഉബർ മാതൃകയിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കെ-ഡെസ്ക് പദ്ധതിയ്ക്ക് തുടക്കമാകും. സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ‑സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും കേരള ബജറ്റ് ഊന്നൽ നൽകുന്നു. കുടുംബശ്രീ 12 ഇനം സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് ബ്രാൻഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാർക്കറ്റിംഗ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ബജറ്റ് അടിവരയിടുന്നു. മൊത്തം കേരള ബജറ്റിന്റെ പദ്ധതി ചെലവിന്റെ 18.4 ശതമാനം സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക അവലോകന റിപ്പോർട്ട് 2019ലെ രണ്ടാം അധ്യായം “വിദ്യാഭ്യാസവും ആരോഗ്യവും: പൊതു ഇടപെടലുകളുടെ വ്യാപ്തി” എന്ന തലക്കെട്ടിൽ കഴിഞ്ഞകാലങ്ങളിൽ കേരളം നേടിയെടുത്ത വിദ്യാഭ്യാസ‑ആരോഗ്യ പുരോഗതിയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. വിദ്യാഭ്യാസ‑ആരോഗ്യ മേഖലയിൽ പൊതു ഇടപെടലുകൾ തുടരേണ്ടതിന്റെ പ്രാധാന്യം പതിമൂന്നാം പഞ്ചവത്സര പദ്ധതി അംഗീകരിച്ചതിലൂടെ മാനവിക വികസന രംഗത്ത് കേരളം നേടിയ നേട്ടങ്ങൾ ഏകീകരിക്കുവാനും ആഴത്തിലാക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ‑ആരോഗ്യ മേഖലകളിലെ ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ട് കേരളം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ ഘടനയും ആധുനിക സമൂഹത്തിന്റെ മാറിവരുന്ന വിദ്യാഭ്യാസ‑ആരോഗ്യ മേഖലയിലെ മാറ്റങ്ങളെയും നേരിടാൻ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രാപ്തരായിരിക്കണമെന്ന് പതിമൂന്നാം പദ്ധതിയുടെ നയരേഖ ചൂണ്ടികാട്ടുന്നു. ജനങ്ങൾക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന തരത്തിലുള്ള ജനസൗഹൃദപരമായ ആരോഗ്യ‑വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അതിനൊപ്പം കേരളത്തിന്റെ പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കുന്ന പകർച്ചവ്യാധികളെ നേരിടാൻ ചില പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ രോഗികളുടെ ചികിത്സചെലവ് കുറയ്ക്കുന്നതിന് ഓങ്കോളജി പാർക്ക് സഹായകമാകും. ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കും പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾ സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് ഗുണകരമാണ്. 2020 ഓഗസ്റ്റ് മാസത്തോടെ ജനകീയാസൂത്രണം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. അധികാര വികേന്ദ്രീകരണത്തിന് തനതായ മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. വൻകിട പശ്ചാത്തല സൗകര്യങ്ങൾക്കും നിക്ഷേപങ്ങൾക്കും കേന്ദ്രീകൃത സംവിധാനങ്ങൾക്കുമാണ് മുൻഗണനയെങ്കിൽ ജനകീയ പങ്കാളിത്തം അനിവാര്യം ആകുന്ന ചെറുകിട ഉല്പാദന മേഖലകൾ, സേവന തുറകൾ എന്നിവിടങ്ങളിൽ അധികാര വികേന്ദ്രീകരണത്തിന് ഊന്നൽ നല്‍കേണ്ടതാണ്. ഇത്തരമൊരു ദ്വിമുഖവികസന സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നത്. ഇരുപത്തിയഞ്ചാം വാർഷികത്തിൽ ജനകീയാസൂത്രണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തപ്രതിരോധത്തിനു സമഗ്രമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനാണ്. അതിനൊപ്പം പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവർഷം 1.5 ലക്ഷം പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകുന്നതിനുള്ള പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ആരംഭിക്കുന്നു. ഇവിടെയാണ് രണ്ട് ബജറ്റിന്റെയും വികസന സമീപനരീതി പരിശോധിക്കേണ്ടത്. സാമ്പത്തിക വികസനത്തിന്റെ പ്രധാന ലക്ഷ്യമായി കരുതുന്നത് ജനങ്ങൾക്ക് സാമൂഹിക അവസരങ്ങൾ ലഭ്യമാക്കി അവരുടെ ക്രയശേഷിയും ജീവിത ഗുണമേന്മയും മെച്ചപ്പെടുത്തുമ്പോഴാണ്. സാമ്പത്തികവളർച്ച നേടിയെടുക്കണമെങ്കിൽ നീതിപൂർവകമായ വികസനവും ജനപക്ഷ വിനിയോഗ രീതിയുമാണ് അവലംബിക്കേണ്ടത്. ഈ സമീപനമാണ് ഈ വർഷത്തെ കേരള ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ 1990 കളിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായ സ്വകാര്യ വൽക്കരണവും ഓഹരി വിറ്റഴിക്കൽ നടപടികളുമാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റിലൂടെ സ്വീകരിക്കുന്നത്.

ഇവിടെ നാം മനസിലാക്കേണ്ടത് മനുഷ്യന്റെ ചിന്തയിലും പ്രവൃത്തിയിലും മുതലാളിത്തം അജയ്യമാണ് എന്ന ചിന്ത ബോധപൂർവമായി സൃഷ്ടിക്കുകയും മറ്റൊരു ബദൽ ഇല്ലെന്ന് ആധുനിക മുതലാളിത്ത ശക്തികൾ ഭരണത്തെ സ്വാധീനിച്ചു തങ്ങളുടെ സ്വാധീനത്തിനു കീഴിൽ കൊണ്ടുവരുന്ന കാലഘട്ടമാണിത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ 28 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ പ്രകടമാകുന്നത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, പട്ടിണി, ദാരിദ്ര്യം, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തുടങ്ങിയവയാണ്. ഇതിലൂടെ ഇന്ത്യന്‍ സമൂഹം ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്. നിലവിലുള്ള വികസനമാതൃകയ്ക്ക് സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്താൻ സാധിക്കുന്നില്ല. അവിടെയാണ് ബദൽ വികസന മാതൃകാ കേരളം പോലുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഒരു വ്യവസ്ഥ മാറ്റമാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. സമ്പദ് വ്യവസ്ഥയെ വ്യക്തികേന്ദ്രീകൃത മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ നിന്ന് മോചിപ്പിക്കുകയും, ബദൽ വികസന പ്രക്രിയ സുസ്ഥിരവും, ആസൂത്രിതവും വികേന്ദ്രീകൃത പങ്കാളിത്തത്തോടെ കൂടിയതുമായിരിക്കണം. കേരളം ഈ ബജറ്റിലൂടെ ഒരു പുതിയ വികസന മാതൃകയാണ് സൃഷ്ടിക്കുന്നത്.