Tuesday
19 Mar 2019

ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ തൂവല്‍ പക്ഷികള്‍: ഹസ്സന്‍

By: Web Desk | Thursday 8 November 2018 10:15 PM IST


വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന വേദിയില്‍ കെപിസിസി മുന്‍ പ്രസിഡണ്ട് എം എം ഹസ്സന്‍ ജാഥ ലീഡര്‍ കെ സുധാകരന് പതാക കൈമാറുന്നു

പെര്‍ള: ശബരിമലയെ കലാപ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്‍െറയും ബിജെപിയുടെയും ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് ഒത്താശ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ തുവല്‍ പക്ഷികളാണെന്നും മുന്‍ കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ പറഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ വര്‍ഗ്ഗീയത തുരത്താന്‍ എന്ന മുദ്ര വാക്യവുമായി കെപിസിസി യുടെ നേതൃത്വത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ വാഹന പ്രചരണ ജാഥ പെര്‍ളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ തകര്‍ച്ചയാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍െറ ലക്ഷ്യം. സിപിഎംന്‍െറ എറ്റവും വലിയ പ്രത്യയ ശാസ്ത്ര പ്രതിസന്ധി വിശ്വാസമാണ്. അത് മറി കടക്കാന്‍ ക്ഷേത്രങ്ങളെ തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ശബരിമല മത സൗഹര്‍ദ്ദത്തിന്‍െറ പൂങ്കവനമാണ്.

കേരളത്തിലെ സാമുഹ്യ അന്തരീക്ഷം കലുഷിതമാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്നും ഇതിന് പ്രത്യേകം ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലയിലെ പതിനെട്ടാം പടി കയറണമെങ്കില്‍ ഇരു മുടി കെട്ടുമായി പോവണം എന്നിരിക്കെ ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനമാണ്. ശബരിമലയില്‍ എല്ലാം വിഭാഗം ജനങ്ങള്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ ദളിതര്‍ക്ക് കയറാന്‍ പറ്റാത്ത ഒരു സ്ഥലമുണ്ടെങ്കില്‍ അത് സിപിഎം ന്‍െറ പോളിറ്റി ബ്യുറോയാണെന്നും അദ്ദേഹം കുറ്റപെടുത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള രഥ യാത്ര നടത്തേണ്ടത് മോദിയുടെ വീട്ടിലേക്കണമെന്നും ഹസ്സന്‍ പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭക്തര്‍ക്ക് തെരുവിലിറങ്ങേണ്ട ദുരാവസ്ഥ സൃഷ്ഠിച്ചവര്‍ക്ക് കാലം മാപ്പു നല്‍കില്ല. വിശ്വാസങ്ങളും ആചാരങ്ങളും മത നിരപേക്ഷ സമൂഹത്തിന്‍െറ ആണി കല്ലുകളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണ് ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമല വിഷയത്തില്‍ മോദിക്ക് മിണ്ടട്ടമില്ലെന്നും അത്കൊണ്ടു തന്നെ ശബരിമലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍െറ ഉത്തരവാദിത്വമാണ് അത്കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ജാഥ ലീഡര്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എഎെസിസി സെക്രട്ടറി പി സി വിഷ്ണു നാഥ് , കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖ് , കെ സി ജോസഫ്, കെപി അനില്‍ കുമാര്‍ എം എല്‍ എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, കെപിസിസി ജനഃ സെക്രട്ടറിമാരായ കെ പി കുഞ്ഞികണ്ണന്‍, പി എം സുരേഷ് ബാബു കെ നീലകണ്ഠന്‍ , അഡ്വ. പ്രവീണ്‍ കുമാര്‍, സുമ ബാലകൃഷ്ണന്‍, പി സുബ്രഹ്മണ്യന്‍, മുന്‍ ഡി സി സി പ്രസിഡണ്ടുമൊരാ യ കെ സുരേന്ദ്രന്‍, കെ സി അബു, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് ഹരീഷ് കുമാര്‍, യൂത്ത് പാര്‍ലിമെന്‍റ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി കമറുദ്ദീന്‍ സോമശേഖര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News