Web Desk

കൊല്‍ക്കത്ത

May 29, 2021, 10:09 pm

ബംഗാളില്‍ മോഡി-മമത യുദ്ധം തുടരുന്നു

ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രം
Janayugom Online

ബംഗാളില്‍ ചുഴലിക്കാറ്റ് അവലോകന യോഗത്തെച്ചൊല്ലിയുള്ള കേന്ദ്ര‑സംസ്ഥാന യുദ്ധം മുറുകുന്നു. പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമതാബാനർജി വിട്ടുനിന്ന് മണിക്കൂറുകൾക്കകം ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചുവിളിച്ചു.

നോർത്ത് ബ്ലോക്കിലെ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിൽ മെയ് 31 മുതൽ ജോലിയിൽ പ്രവേശിക്കാനാണ് ബന്ദോപാധ്യായക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. മെയ് 24ന് ബന്ദോപാധ്യായയുടെ ബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനം അവസാനിച്ചിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ബന്ദോപാധ്യായയുടെ സർവീസ് നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു. അതിനിടയിലാണ് ആലാപൻ ബന്ദോപാധ്യായയെ തിരിച്ചുവിളിച്ചിരിക്കുന്നത്. 2020ലാണ് ബന്ദോപാധ്യായ ബംഗാൾ ചീഫ്‌സെക്രട്ടറിയായി നിയമിതനാകുന്നത്. മുഖ്യമന്ത്രി മമതാബാനർജിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആലാപൻ ബന്ദോപാധ്യായ. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം യാസ് ചുഴലികാറ്റിലുണ്ടായ നാശം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലേക്ക് മമതാബാനർജി വളരെ വൈകി എത്തുകയും നാശനഷ്ടത്തിന്റെ കണക്കുകളടങ്ങുന്ന റിപ്പോര്‍ട്ട് കൈമാറി യോഗത്തിൽ പങ്കെടുക്കാതെ പോവുകയുമാണ് ഉണ്ടായത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ദേബശ്രീ ചൗധരി എന്നിവരുടെ യോഗത്തിലെ സാന്നിധ്യമാണ് മമതയുടെ നടപടിക്ക് പിന്നിലെന്നാണ് സൂചന. ബംഗാൾ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമെന്നും ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരടക്കം നിരവധി ബിജെപി നേതാക്കളും മമതയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 

പ്രതിച്ഛായ തകർക്കാനുള്ള ശ്രമം: മമത
കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ താൻ പങ്കെടുക്കാത്തതിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മമത ആരോപിച്ചു. കേന്ദ്ര സർക്കാർ തന്നെ അപമാനിക്കുകയാണ്. താൻ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം വന്നത്. മൂന്ന് തവണ പ്രധാനമന്ത്രിയോട് അനുവാദം വാങ്ങിയ ശേഷമാണ് താന്‍ യോഗം വിട്ടിറങ്ങിയതെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എന്തിനാണ് പ്രതിപക്ഷ നേതാവിനെയും ബിജെപി നേതാക്കളെയും ക്ഷണിച്ചതെന്നും മമത ആരാഞ്ഞു. ഒഡിഷയില്‍ പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നില്ലെന്നും ടിഎംസി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
eng­lish summary;Central and state war inten­si­fies over hur­ri­cane review meet­ing in Bengal
you may also like this video;