28 March 2024, Thursday

തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി: വി അബ്ദ്ദുറഹിമാൻ

Janayugom Webdesk
ന്യൂഡൽഹി
August 17, 2022 8:52 pm

തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി സംസ്ഥാന മത്സ്യബന്ധന- കായിക വകുപ്പ് മന്ത്രി. മന്ത്രി വി അബ്ദു റഹിമാൻ കേന്ദ്ര മത്സ്യബന്ധന- മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി. പുരുഷോത്തം റുപാലയുമായി ഡൽഹിയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച്ച നടത്തി.
കാലവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 590 കിലോമീറ്ററോളം വരുന്ന തീരപ്രദേശം അഭിമുഖീകരിക്കുന്ന കടലാക്രമണ ഭീഷണി നേരിടുന്നതിന് നൂതന സംരക്ഷണമാർ​ഗങ്ങൾ ആസൂത്രണംചെയ്യുന്നതിനും ഉചിതമായ സംരക്ഷണമാർ​ഗങ്ങൾ അവലംബിക്കുന്നതിനും തീരദേശ ജില്ലകളിലെ ഹോട്ട് സ്പോട്ടുകൾ അടയാളപ്പെടുത്തി തീരസംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ധനസഹായം ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്തിയിരിക്കുന്നത്. 

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പോഷകാഹാരത്തിനുമായി സംസ്ഥാനസർക്കാർ 50% കേന്ദ്രപിന്തുണയോടെ നടപ്പിലാക്കുന്ന എസ്. സി.ആർ.എസ് പദ്ധതിയുടെ കേന്ദ്ര വിഹിതം അനുവദിക്കുന്നതിനും നിവേദനത്തിൽ ആവശ്യപ്പെട്ടു. ട്രോളിം​ഗ് നിരോധന കാലത്തും ക്ഷാമക്കാലത്തും മത്സ്യതൊഴിലാളികൾക്കുള്ള ഏക പദ്ധതിയാണിത്. 2018–2019 മുതൽ 2021–2022 വരെയുള്ള കേന്ദ്ര​ഗവൺമെൻ്റിൻ്റെ പദ്ധതി വിഹിതമായി 72.75 കോടി രൂപയ്ക്കൊപ്പം 2022–2023 കാലയളവിലേക്കുള്ള 26.36 കോടിരൂപയും ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾ പരമ്പരാ​ഗത രീതിയിലുള്ള മത്സ്യബന്ധനമാർ​ഗങ്ങളാണ് ഉപയോഗിക്കുന്നത്.
ഔട്ട് ബോർഡ് മോട്ടർസ് ഉപയോ​ഗിക്കുന്ന 36000ത്തോളം മത്സ്യബന്ധനയാനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ ഭൂരിഭാ​ഗവും ഇന്ധനമായി ഉപയോ​ഗിക്കുന്നത് മണ്ണെണ്ണയാണ്. എന്നാൽ മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചിരിക്കുന്നത് 10869 യാനങ്ങൾക്കാണ്. മണ്ണെണ്ണയുടെ ദൗർലഭ്യവും ഉയർന്ന വിലയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. സബ്സിഡിയില്ലാത്ത മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുക, സബ്സിഡിയില്ലാത്ത മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിനെ ചുമതലപ്പെടുത്തുന്നതിന് പൊതുമേഖല എണ്ണക്കമ്പനികളോട് നിർദ്ദേശിക്കുക. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിലനിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുക. മത്സ്യബന്ധനയാനങ്ങളിൽ പെട്രോൾ‑ഡീഡൽ ഉപയോ​ഗം വർദ്ധിപ്പിക്കുന്നതിന് സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.

മത്സ്യതൊഴിലാളികൾക്ക് വയർലെസ്സ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ ലഘുകരിക്കണമെന്നും ഡോക്യുമെൻ്റുകൾ നേരിട്ട് സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പരിശോധിച്ച് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി. ഇതിനായി അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Summary:Central assis­tance of 2400 crores sought for coastal pro­tec­tion: V Abdurrahman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.