ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര വിലക്ക്; വന്ദേഭാരതിന് തിരിച്ചും വിലക്കുവീഴും?

കെ രംഗനാഥ്

ദുബായ്:

Posted on July 04, 2020, 9:44 pm

കെ രംഗനാഥ്

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്ര മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഹീനതന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ കൊണ്ടുവരുന്ന വിദേശകമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ പ്രകോപനപരമായ നിലപാടിലേക്കുള്ള നീക്കം. ആദ്യഘട്ടമായി ഏറ്റവും കൂടുതല്‍ ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകള്‍ കേരളത്തിലേക്ക് പറക്കുന്ന യുഎഇയിലെ എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെദുബായ് എന്നീ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയിലിറങ്ങുന്നതു നിരോധിച്ചുകഴിഞ്ഞു.

ഖത്തറിലും കുവെെറ്റിലും ബഹ്റെെനിലും നിന്ന് ഇന്ത്യന്‍ സ്വകാര്യ കമ്പനികളെ വന്ദേഭാരത് ദൗത്യത്തിന് നിയോഗിക്കുമ്പോള്‍ സൗദി അറേബ്യയിലെ സൗദിയ, ഖത്തറിലെ ഖത്തര്‍ എയര്‍വേയ്സ്, കുവെെറ്റ് എയര്‍വേയ്സ് തുടങ്ങിയ ഗള്‍ഫ് വിമാന കമ്പനികളെ അവരുടെ മണ്ണില്‍ നോക്കുകുത്തികളാക്കുകയാണ് ഇന്ത്യയെന്ന ആരോപണം ഗള്‍ഫ് എയര്‍വേയ്സ് സ്ഥാപനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. പ്രകോപനപരവും അന്താരാഷ്ട്ര വ്യോമയാന മര്യാദകള്‍ ലംഘിക്കുന്നതുമായ ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ വന്ദേഭാരത് മിഷനിലൂടെ പരിമിതമായ തോതില്‍ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചടിക്കുമെന്ന ആശങ്കയും വളരുന്നു. ഇന്ത്യയിലേക്ക് യാത്രാവിമാനങ്ങള്‍ പറത്താനുള്ള ഗള്‍ഫ് വിമാന കമ്പനികളുടെ അപേക്ഷകള്‍ ഇന്ത്യ ചവറ്റുകൊട്ടയിലെറിഞ്ഞതിനു തിരിച്ചടിയായി ഒരൊറ്റ ഇന്ത്യാക്കാരനേയും ഇന്ത്യന്‍ വിമാനങ്ങളില്‍ കൊണ്ടുവരരുതെന്ന് കഴിഞ്ഞയാഴ്ച യുഎഇ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ഇതോടെ ഇന്നലെ ഉച്ചയ്ക്ക് 2.20ന് അബുദാബിയില്‍ നിന്നും കരിപ്പൂരിലേക്ക് പറക്കേണ്ടിയിരുന്ന എത്തിഹാദ് എയര്‍വേയ്സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസ് റദ്ദാക്കി. കേരള സര്‍ക്കാരിനോ യുഎഇയിലെ ഇന്ത്യന്‍ എംബസിക്കോ, കേരള പ്രവാസികാര്യ വകുപ്പിനോ ഒരറിയിപ്പു നല്കാതെയായിരുന്നു വിലക്ക്. ജോലി നഷ്ടപ്പെട്ടവരും രോഗികളും വൃദ്ധജനങ്ങളും ഗര്‍ഭിണികളുമടക്കം 178 മുതിര്‍ന്നവരുടേയും അഞ്ച് കുട്ടികളുടേയും കേരളത്തിലേക്കുള്ള മടക്കയാത്രക്കാണ് കേന്ദ്രം വിലക്കുകല്പിച്ചത്. എയര്‍ അറേബ്യയുടെ ഷാര്‍സു-ലക്‌നൗ ചാര്‍ട്ടേര്‍ഡ് സര്‍വീസും ഇന്നലെ റദ്ദാക്കി. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്നേമുക്കാല്‍ ലക്ഷത്തോളം പ്രവാസികളെ അവരുടെ പ്രവാസലോകത്തെ പണിസ്ഥലങ്ങളിലെത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഒരു സമവായത്തിലെത്തേണ്ട നിര്‍ണ്ണായകവേളയിലാണ് ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കുപോലും കേന്ദ്രം ഉടക്കിടുന്നത്.

വിലക്കിനു പിന്നില്‍ സമ്മര്‍ദ്ദ തന്ത്രം

 

ചാര്‍ട്ടേര്‍ഡ് വീമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നു പ്രവാസി യാത്രക്കാരുമായി ഇന്ത്യയില്‍ പറന്നിറങ്ങരുതെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ നല്കിയ കല്പനയ്ക്ക് പിന്നില്‍ പകപോക്കലെന്നു സൂചന. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഗള്‍ഫിലേക്ക് തിരിച്ചുപറക്കുമ്പോള്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കിക്കൊണ്ടു പോകണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഗള്‍ഫ് വിമാനക്കമ്പനികള്‍ നിരസിച്ചതിനാലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാന്‍ അനുമതി നിഷേധിച്ച് ഇന്ത്യ പ്രതികരിച്ചത്.

ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്താന്‍ അനുമതി നല്കാത്ത ഇന്ത്യയ്ക്ക് വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരാമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചിരുന്നു. അതു ചെയ്യാതെ കാലിയടിച്ചാണ് മിഷനിലെ വിമാനങ്ങള്‍ തിരിച്ചു പറന്നിരുന്നത്.

ഒരു മാസമായിട്ടും വന്ദേഭാരത് മിഷനില്‍ പ്രവാസികളെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിക്കാതായപ്പോഴാണ് മേലില്‍ മിഷനിലെ വിമാനത്തില്‍ ഒരൊറ്റ പ്രവാസിയേയും ഗള്‍ഫിലെത്തിക്കരുതെന്ന് യുഎഇ ഉഗ്രമായി തിരിച്ചടിച്ചത്. ഇതിന് പകവീട്ടാനാണ് ഗള്‍ഫ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങുന്നതിന് ഇന്നലെ നാടകീയമായി വിലക്കു പ്രഖ്യാപിച്ചത്.

ENGLISH SUMMARY: Cen­tral ban on char­tered flights

YOU MAY ALSO LIKE THIS VIDEO