കെ രംഗനാഥ്

തിരുവനന്തപുരം

May 28, 2021, 9:15 pm

കുഴല്‍പ്പണക്കേസ് കേന്ദ്ര ബിജെപി അന്വേഷിക്കും: സുരേന്ദ്രനും മുരളീധരനും പ്രതിസ്ഥാനത്തെന്ന് ഒരു വിഭാഗം

Janayugom Online

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കുഴല്‍പ്പണമാക്കി തട്ടിയെടുത്ത കേസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അന്വേഷിക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയായിരിക്കും പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന് പാര്‍ട്ടിയിലെ വിമതപക്ഷ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

മൂന്നര കോടിയുടെ കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തുമ്പോള്‍ കൊടകരവച്ച് കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം സമാന്തര അന്വേഷണം നടത്തുന്നത്. പണം തട്ടിയെടുത്ത സംഘത്തിലെ 19 പേരും അറസ്റ്റിലാണ്. ബിജെപി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി എം ഗണേശനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണ ഏര്‍പ്പാടിന്റെ മുഖ്യ സൂത്രധാരനും ആര്‍എസ്എസ് നേതാവുമായ ധര്‍മ്മരാജന്‍, പാര്‍ട്ടി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എല്ലാ വിവരങ്ങളും താന്‍ അന്വേഷണ സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് തിരക്കിയാല്‍ മതിയെന്നുമായിരുന്നു ചോദ്യം ചെയ്യലിനു ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പാര്‍ട്ടി മധ്യ മേഖലാ സെക്രട്ടറി ജി കാശിനാഥന്‍, ജില്ലാ നേതാക്കളായ കെ ആര്‍ ഹരി, സുജയ് സേനന്‍ എന്നിവരേയും ചോദ്യം ചെയ്തതോടെ അന്വേഷണത്തിന്റെ കുന്തമുന രണ്ടു സംസ്ഥാന നേതാക്കളിലേക്കാണ് നീങ്ങുന്നത്.

പൊലീസിന്റെ അന്വേഷണദിശ ഇവരിലേക്ക് നീങ്ങുന്നതോടെയാണ് കേന്ദ്ര നേതൃത്വം തന്നെ അന്വേഷണത്തിനു തീരുമാനിച്ചത്. തൊട്ടതിനൊക്കെ ഇഡിയെ രംഗത്തിറക്കി രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര നേതൃത്വം നടത്തുന്ന അന്വേഷണം സംഭവം മൂടിവയ്ക്കാനാണെന്ന് വിമത വിഭാഗത്തിലെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി ‘ജനയുഗ’ത്തോട് പറഞ്ഞു. കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഒരു ബിജെപി ഇതര കേന്ദ്രത്തെക്കൊണ്ട് പൊതുതാല്പര്യ ഹര്‍ജി നല്കാനും വിമതനേതാക്കള്‍ തീരുമാനിച്ചതായി അറിയുന്നു. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പ് ഫണ്ട് കുഴല്‍പ്പണമാക്കി തട്ടിയെടുക്കാന്‍ ഔദ്യോഗിക വിഭാഗത്തിലെ രണ്ട് നേതാക്കള്‍ നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇഡിക്ക് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് കേന്ദ്ര നേതൃത്വം നല്കിയത് 107 കോടി രൂപയാണെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമത വിഭാഗത്തില്‍പ്പെട്ട കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണൻ തുടങ്ങി ഇരുപതോളം സംസ്ഥാന ദേശീയ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലേക്ക് നാമമാത്രമായ ഫണ്ടാണ് അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിച്ച സി കെ പത്മനാഭന് വിഹിതം നിശ്ചയിച്ചു കേന്ദ്ര നേതൃത്വം നല്കിയ ഫണ്ടിന്റെ പത്തിലൊന്നുപോലും നല്കിയില്ലത്രേ. അതേസമയം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും കോടികളാണ് വാരിയെറിഞ്ഞത്. എന്നാല്‍ മഞ്ചേശ്വരത്തേയും കോന്നിയിലേയും നാലു ബൂത്തുകളില്‍ വെറും രണ്ട് വോട്ടുവീതമാണ് സുരേന്ദ്രന് ലഭിച്ചത്. സംസ്ഥാനത്തെ 493 ബൂത്തുകളില്‍ ബിജെപിക്ക് ഒരു വോട്ടുപോലും കിട്ടിയില്ല. ആയിരത്തോളം ബൂത്തുകളില്‍ ലഭിച്ചത് രണ്ട് മുതല്‍ അഞ്ചുവരെ വോട്ടുകള്‍ മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫണ്ടു നിഷേധിക്കപ്പെട്ട മണ്ഡലങ്ങളിലായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഈ ദയനീയ പ്രകടനമെന്നും പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഈ സംസ്ഥാന ജനറല്‍ സെക്രട്ടറി പറയുന്നു.

കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഫണ്ടില്‍ നല്ലൊരു വിഹിതം മാത്രമല്ല സംസ്ഥാനത്തു നിന്നു പിരിച്ച കോടികളുടെ ഫണ്ടും രണ്ടു നേതാക്കള്‍ ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നുമുള്ള ആരോപണവും ശക്തമാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പടുതോല്‍വിയുടെ ഉത്തരവാദിത്തം തന്നെ അപ്രസക്തമാക്കി കുഴല്‍പ്പണ വിവാദവും ഫണ്ടു തട്ടിപ്പും ബിജെപി നേതൃത്വത്തെ ആടിയുലയ്ക്കുന്നു. ഇതില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന രണ്ട് അത്യുന്നതന്മാരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റിയാല്‍ പോലും പാര്‍ട്ടിക്ക് നാണക്കേടു വരുത്തിവച്ച ഇവര്‍ക്കെതിരായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും വിമത പക്ഷ നേതാവായ ഈ ജനറല്‍ സെക്രട്ടറി നയം വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; Cen­tral BJP to probe mon­ey laun­der­ing case

You may also like this video;