June 29, 2022 Wednesday

Latest News

June 29, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കേന്ദ്ര ബജറ്റ്: കോർപ്പറേറ്റുകൾക്ക് അനുകൂല പ്രമാണം

By Janayugom Webdesk
February 6, 2020

ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച 2020–21ലെ ബജറ്റ് നിരാശയുളവാക്കുന്നതാണ്. കോർപ്പറേറ്റുകൾക്ക് അനുകൂലമായ ഒരു പ്രമാണം മാത്രമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകുന്നില്ല. സാധാരണ ജനങ്ങളുടെ വാങ്ങൽശേഷി വർധിച്ച് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറുന്നതിനുള്ള മാർഗങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് കൂടാതെയുള്ള ഉയർന്ന വളർച്ചാ നിരക്ക് കേവലം വഞ്ചനയാണ്. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായ കാർഷിക മേഖലയ്ക്ക് അർഹമായ വിഹിതം ബജറ്റിൽ അനുവദിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോഡി സർക്കാരിന്റെ പ്രഖ്യാപനം കേവലം ഒരു തമാശയായി മാറുന്നു.

കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി കുറഞ്ഞ താങ്ങുവില ലഭ്യമാക്കാനുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 13 ശതമാനം വെട്ടിക്കുറച്ചു. പട്ടികജാതി- പട്ടിക വർഗക്കാരുടെ വികസനത്തിനുള്ള ഫണ്ടിലും ഗണ്യമായ കുറവ് വരുത്തി. ജിഎസ്‌ടി നടപ്പാക്കിയതിലൂടെ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നിരന്തരം നൽകുന്നു. ഇതിന്റെ ബാധ്യതയും പാവപ്പെട്ട ജനങ്ങളുടെ ചുമലിലാണ്. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്ന ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. നൂറ് വിമാനത്താവളങ്ങൾ പുതുതായി നിർമ്മിക്കുമെന്ന പ്രഖ്യാപനവും കോർപ്പറേറ്റുകൾക്ക് അനുകൂലമാണ്. ആദ്യം പൊതുസ്വത്ത് ഉപയോഗിച്ച് നിർമ്മിച്ച ശേഷം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു.

നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പോലും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു. എൽഐസി, ഐഡിബിഐ എന്നീ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഈ നിലപാടുകൾ തികച്ചും വികസന വിരുദ്ധമാണ്. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖല കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്നു. രാജ്യത്ത് കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ ആവശ്യമുള്ള സാഹചര്യത്തിൽ ഇവർക്ക് വിദേശത്ത് തൊഴിൽ തേടാനുള്ള പരിശീലനം നൽകുന്നു. നിഷ്ക്രിയ ആസ്തികളുടെ വർധന ബാങ്കുകൾക്ക് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് കുറയ്ക്കുന്നതിനോ കിട്ടാക്കടം പിരിച്ചെടുക്കുന്നതിനോ ഉള്ള നടപടികൾ ഉണ്ടാകുന്നില്ല.

അതിന് പകരം കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളുകയും കൂടുതൽ ആനുകൂല്യം നൽകുകയും ചെയ്യുന്നു. വ്യക്തമായ സാമ്പത്തിക നടപടികൾ ഇല്ലാതെ ജിഡിപി പത്ത് ശതമാനം ആകുമെന്നത് കേവലം ഭാവനയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുന്നു. അവരുടെ അടിസ്ഥാന അവകാശങ്ങൾപോലും ഹനിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് തികച്ചും കോർപ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമാണ്. മോഡി സർക്കാർ പിന്തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തു.

എൽഐസിയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക

സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇക്കുറിയും മോഡി സർക്കാർ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിലൂടെ എൽഐസിയെ ഒരു കമ്പനിയാക്കി മാറ്റാനുള്ള തീരുമാനമാണ് മോഡി സർക്കാർ കൈക്കൊണ്ടത്. ദേശീയ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് എൽഐസി. കൂടാതെ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിലും എൽഐസിയുടെ പങ്ക് ശ്രദ്ധേയമാണ്.

ഈ സ്ഥാപനത്തെ വിറ്റഴിക്കാനുള്ള തീരുമാനമാണ് മോഡി സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. എൽഐസി പോളിസി ഉടമകൾക്ക് സർക്കാർ നൽകുന്ന സോവറിൻ ഗ്യാരന്റി നീക്കി എൽഐസിയെ ഒരു കമ്പനിയാക്കണമെന്ന നിർദ്ദേശം 2018ൽ ഐഎംഎഫ് മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ മോഡി സർക്കാർ നടപ്പാക്കുന്നത്. ഒരോ വർഷവും കോടികളാണ് ലാഭവിഹിതമായി എൽഐസി സർക്കാരിന് നൽകുന്നത്. അത്തരത്തിൽ പൊൻമുട്ടയിടുന്ന താറാവിനെയാണ് മോഡി സർക്കാർ കൊല്ലുന്നത്. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സിപിഐ ദേശീയ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയോടുള്ള അവഗണന

2020–21 ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള അവഗണനയിൽ സിപിഐ ദേശീയ കൗൺസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. കേവലം 69,000 കോടി രൂപമാത്രമാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. 1.17 ലക്ഷം കോടി രൂപയാണ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് കേവലം എട്ട് ശതമാനം തുക മാത്രമാണ് വർധിപ്പിച്ചത്. നിലവിലുള്ള പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധി പോലും മറികടക്കാൻ ഈ തുക പര്യാപ്തമല്ല.

കൂടാതെ ജില്ലാ ആശുപത്രികളെ പിപിപി മാതൃകയിലാക്കാനുള്ള മോഡി സർക്കാരിന്റെ നടപടി തികച്ചും അപകടകരമാണ്. ഈ തീരുമാനം സാധാരണജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ അന്യമാകുന്ന അവസ്ഥ സൃഷ്ടിക്കും. ജില്ലാ ആശുപത്രികളുടെ അധീനതയിലുള്ള ഭൂമി കോർപ്പറേറ്റുകൾക്ക് മെഡിക്കൽ കോളജുകൾ ആരംഭിക്കാനായി ലഭിക്കും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയം പറയുന്നു.

വിജയകരമായ ദേശീയ പൊതുപണിമുടക്ക്

ജനുവരി എട്ടിന് നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾ, കർഷകർ, പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ വിദ്യാർത്ഥി യൂണിയൻ എന്നിവരെ സിപിഐ ദേശീയ കൗൺസിൽ യോഗം അനുമോദിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 30ന് ന്യൂഡൽഹിയിൽ നടന്ന തൊഴിലാളി കൺവൻഷനിലാണ് ജനുവരി എട്ടിനുള്ള ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത്. തൊഴിലാളികളുടെ 12 ആവശ്യങ്ങളാണ് ആദ്യം ഉന്നയിച്ചത്. പിന്നീട് ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവും ഉൾപ്പെടുത്തി.

മോഡി സർക്കാർ പാസാക്കിയ വേജ് കോഡ് ബില്ലുകൾ ഉൾപ്പെടെയുള്ളവ തികച്ചും തൊഴിലാളി വിരുദ്ധമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നു, ബാങ്കുകളെ ലയിപ്പിക്കുന്നു, റയിൽവേ സ്വകാര്യവൽക്കരിക്കുന്നു, എൽഐസി, ബിപിസിഎൽ, കോൾ ഇന്ത്യ, എയർ ഇന്ത്യ, രാജ്യത്തെ എയർപോർട്ടുകൾ എന്നിവ വിറ്റഴിക്കുന്നു. പൊതുപണിമുടക്കിൽ വിവിധ തൊഴിലാളിയൂണിയനുകൾ പ്രകടിപ്പിച്ച ഐക്യം മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് അനിവാര്യമാണെന്നും ഇതിനായി എഐടിയുസി ഇരട്ടി ശക്തിയോടെ പ്രവർത്തിക്കണമെന്നും ദേശീയ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ആരോഗ്യനിലയിൽ ആശങ്ക

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനം പ്രതിസന്ധിയിലായി. ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളിൽ സിപിഐ ദേശീയ കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സർക്കാരിന്റെ നിയന്ത്രണങ്ങൾ, തീവ്രവാദ വിഭാഗങ്ങളുടെ ഭീഷണി എന്നിവ പ്രദേശത്തെ ജനങ്ങളുടെ മാനസിക- ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ റദ്ദാക്കിയശേഷം സാധാരണക്കാർ, രാഷ്ട്രീയ നേതാക്കൾ, കുട്ടികൾ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഇത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. കുട്ടികളിൽ മാാനസികമായ അസ്വസ്തത ഉളവാക്കുന്ന വിധത്തിൽ ദീർഘനാൾ സ്കൂളുകൾ അടച്ചിട്ടു. ഇവർക്ക് പരീക്ഷപോലും എഴുതാൻ കഴിയാത്ത അവസ്ഥയായി. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന ബോധം ജനങ്ങളിൽ ഉണ്ടായി. തങ്ങൾ അടിച്ചമർത്തപ്പെട്ടവരാണെന്ന ബോധം രോഷത്തിലേയ്ക്ക് നയിക്കുന്നു.

ഇന്റർനെറ്റ്, ടെലിഫോൺ സർവീസുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗികൾക്ക് ആശുപത്രികളിൽ എത്താനോ ഡോക്ടർമാരുമായി ബന്ധപ്പെടാനോ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഇത് നിരവധി പേരുടെ മരണത്തിന് കാരണമായി. മരുന്നുകളുടെ ക്ഷാമം ഇപ്പോഴും തുടരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കശ്മീർ താഴ് വരയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടി പിൻവലിക്കണം. സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് നിഷ്പക്ഷമായ പഠനങ്ങൾ നടത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ദേശീയ കൗൺസിൽ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.