അടുത്തമാസം ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ കണ്ടെത്താൻ കഴിയാതെ മോഡി സർക്കാർ. ഇപ്പോഴത്തെ സ്ഥിതിയിൽ കേന്ദ്രാവിഷ്കൃത പദ്ധതി വെട്ടിക്കുറയ്ക്കാനുള്ള നടപടികളാകും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അല്ലെങ്കിൽ കേന്ദ്ര പദ്ധതികളിലുള്ള സംസ്ഥാന വിഹിതം ഗണ്യമായി വർധിപ്പിക്കാനുള്ള നടപടികളാകും ഉണ്ടാകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഒരോ വർഷവും വരുമാനത്തിൽ നിന്നും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കുള്ള അനുപാതം ഗണ്യമായി വെട്ടി കുറയ്ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം വിഹിതം 20 ശതമാനമായി വെട്ടിക്കുറച്ചു. ഇനി അവതരിപ്പിക്കുന്ന ബജറ്റിൽ വീണ്ടും കുറവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വീക്ഷണം.
രാജ്യത്ത് വായ്പ എടുക്കുന്ന പണം, നികുതി വരുമാനം എന്നിവയുടെ ഭൂരിഭാഗവും ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായാണ് ചെലവിടുന്നത്. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും മറ്റ് ചെലവുകൾക്കായി വിനിയോഗിക്കുമ്പോൾ 20 ശതമാനം പോലും കൃത്യമായി പൊതുവികസന പ്രവർത്തനങ്ങൾക്ക് ( പബ്ലിക് ഫണ്ടിങ്) ഉപയോഗിക്കാൻ കഴിയുന്നില്ല. ടെലികോം മേഖലയിൽ നിന്നുള്ള വരുമാനത്തിന്റെ കുറവും വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
സർക്കാരിന്റെ സാമ്പത്തിക പരാധീനത, റവന്യൂ ചെലവുകൾക്കായുള്ള വായ്പ എടുക്കൽ, നികുതി വരുമാനത്തിലെ കുറവ് തുടങ്ങിയ കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
ബജറ്റ് തയ്യാറാക്കുന്നതിന് മോഡി സർക്കാർ അവലബിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങൾ കുരുടൻ ആനയെ കാണുന്നതുപോലെയാണ്. വളർച്ചാ നിരക്ക് 12 ശതമാനവും മൊത്തം ആഭ്യന്തര ഉൽപ്പാദനം 7.8 ശതമാനവുമായാണ് മാനദണ്ഡങ്ങൾ. ഇത്തരത്തിലുള്ള സർക്കാരിന്റെ ശുഭാപ്തി വിശ്വാസങ്ങൾ ന്യായീകരിക്കാൻ കഴിയാത്തതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
നിലവിലുള്ള ധനക്കമ്മി പരിഹരിക്കാതെയുള്ള ഉയർന്ന വളർച്ചാ നിരക്ക് ആധാരമാക്കിയുള്ള ബജറ്റ് കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങും. വളർച്ചാ നിരക്ക് പത്ത് ശതമാനത്തിൽ എത്തിയാൽപോലും ധനക്കമ്മി 4.5 ശതമാനമായി തുടരുമെന്നാണ് വിലയിരുത്തൽ.
ബജറ്റ് ഇതര വായ്പകൾ കൂടി കണക്കാക്കിയാൽ ധനക്കമ്മി ഇനിയും വർധിക്കും. നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ ആറര വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലുള്ള 4.8 ശതമാനമാണ്. ഇതിൽ നിന്നും പത്ത് ശതമാനമായി വർധക്കുക എന്നത് കേവലം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് കണ്ടെത്തുന്ന തുകയിലൂടെയാണ് ധനക്കമ്മി പരിഹരിക്കുമെന്ന് മോഡി സർക്കാർ പറഞ്ഞിരുന്നത്. ഈ ലക്ഷ്യം കൈവകരിക്കാനും സർക്കാരിന് കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ വരുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ കേവലം വാക്കുകളിലൊതുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.