20 July 2024, Saturday
KSFE Galaxy Chits Banner 2

Related news

February 3, 2024
February 1, 2024
March 17, 2023
February 1, 2023
February 1, 2023
January 2, 2023
February 2, 2022
February 1, 2022
February 1, 2022

കോര്‍പറേറ്റ് പ്രീണനം വെളിപ്പെടുത്തി കേന്ദ്ര ബജറ്റ്

സത്യന്‍ മൊകേരി
വിശകലനം
February 2, 2022 4:00 am

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ നാലാം ബജറ്റ് പ്രസംഗത്തിലൂടെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയം ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണ്. ബജറ്റിന്റെ തലേദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് മൂലധന ശക്തികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കുമെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നതാണ്. രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗവും കേന്ദ്രത്തിന്റെ സ്വകാര്യവല്ക്കരണ നയം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപനമായിരുന്നു. 1990 മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന ആഗോള – ആഭ്യന്തര മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന നയം ശക്തമായി തുടരുമെന്നു തന്നെയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും തുടര്‍ന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റും വ്യക്തമാക്കുന്നത്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗ്രാമീണ – നഗര മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലല്ല ബജറ്റ് ശ്രദ്ധിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിന് പുതിയ തലക്കെട്ടുകള്‍ (ഹെഡ് ലൈനുകള്‍) അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം വളരെ പ്രകടമായി ബജറ്റ് പ്രസംഗത്തില്‍ ഉടനീളം കാണാവുന്നതാണ്. ആസാദികാ അമൃതോത്സവം ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും. പൗര ശാക്തീകരണ(സിറ്റിസണ്‍ എംപവര്‍മെന്റ്)മാണ് ലക്ഷ്യം. പിഎം ഗതിശക്തി‍ പദ്ധതി നടപ്പിലാക്കും. ഇന്ത്യയിലെ അഞ്ച് നദികളെ സംയോജിപ്പിക്കും. 25000 കിലോമീറ്റര്‍ റോഡ് ലോകനിലവാരത്തില്‍ വികസിപ്പിക്കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങളുടെ വികസനമാണ് ലക്ഷ്യം. 400 പുതിയ വന്ദേമാതരം ട്രെയിനുകള്‍ ഓടിക്കും. മലയോര മേഖലയില്‍ പുതിയ ഗതാഗത സൗകര്യം ഉണ്ടാകും. 2000 കിലോമീറ്ററില്‍ പുതിയ റയില്‍വേ ലൈന്‍ ശൃംഖല നടപ്പിലാക്കും. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കും. നാരി ശക്തിക്ക് പ്രോത്സാഹനം നല്കും തുടങ്ങിയവയാണ് ബജറ്റിലെ വാഗ്ദാനങ്ങള്‍. ഇതെല്ലാം മുന്‍ ബജറ്റുകളിലെ തുടര്‍ച്ച മാത്രമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ കാര്യത്തില്‍ വര്‍ധനവ് ഉണ്ടായില്ല. പിറകോട്ട് പോകുകയാണ് ചെയ്തത്. തൊഴിലില്ലായ്മ വര്‍ധിച്ചു. കോവിഡ് മഹാമാരി രാജ്യത്തെ 40 ലക്ഷത്തിലധികം തൊഴില്‍ നഷ്ടപ്പെടുത്തി. തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ പട്ടിണിയിലാണ്. രാജ്യത്തെ 84 ശതമാനത്തിലധികം ജനങ്ങള്‍ക്ക് അവരുടെ വരുമാനത്തില്‍ വലിയ കുറവ് സംഭവിച്ചു. 2021ലെ കണക്കനുസരിച്ച് 116 രാജ്യങ്ങളുള്ള ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം കുത്തനെ കുറഞ്ഞതുകാരണം ജീവിക്കാന്‍ വഴിയില്ലാത്ത സാഹചര്യമുണ്ടായി. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വരുമാനം കുത്തനെ കുറയുകയും സമ്പന്നരുടെ വരുമാനം വലിയതോതില്‍ വര്‍ധിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ല.


ഇതുകൂടി വായിക്കാം; കടവും ചെലവും ഉയരും: തൊഴിലില്ലായ്മയും ഉയര്‍ന്ന ധനക്കമ്മിയും വെല്ലുവിളി


എല്ലാ പദ്ധതികളും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്ളത്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം പൊതു സ്വകാര്യ പങ്കാളിത്ത (പ്രൈവറ്റ് പബ്ലിക് പാര്‍ട്ണര്‍ഷിപ്പ് — പിപിപി) പദ്ധതിക്ക് കൈമാറുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അങ്കണവാടികളിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആവശ്യത്തിന് ഭക്ഷണവും ചികിത്സാ സൗകര്യവും ലഭ്യമാക്കുന്നതിന് നടപടികള്‍ ഒന്നുംതന്നെ കൈക്കൊണ്ടിട്ടില്ല. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഗ്രാമീണ മേഖലയില്‍ എത്തിച്ച് ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ തയ്യാറാകാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. നാരിശക്തി പദ്ധതി ബജറ്റില്‍ അവതരിപ്പിച്ച ധനമന്ത്രി അ‍ഞ്ച് വയസിന് മുമ്പ് മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ അമ്മമാരെക്കുറിച്ചും ചിന്തിച്ച്, അതിന് എന്തു പരിഹാരമാണ് നിര്‍ദേശിച്ചത്? അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതൊക്കെ ബജറ്റില്‍ വിസ്മരിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ രാജ്യത്തെ ഫെഡറല്‍ സംവിധാനം ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. അതില്‍ ഏറ്റവും പ്രധാനമാണ് സംസ്ഥാനങ്ങളെ കേന്ദ്രം സമ്പത്ത് നല്കി സഹായിക്കുക എന്നത്. അതിന് സഹായകരമായ നിലപാടല്ല അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിലും ഉള്ളത്. രാജ്യത്തിന്റെ പൊതുതാല്പര്യത്തിനായി രൂപം നല്കിയ എല്‍ഐസിയുടെ സ്വകാര്യവല്ക്കരണം അതിവേഗതയില്‍ പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി. സാമ്പത്തിക മേഖലയെ ആകെ സ്വകാര്യവല്ക്കരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കണം. 31 ലക്ഷം കോടിയില്‍ അധികം രൂപ ബാലന്‍സ്ഷീറ്റുള്ള എല്‍ഐസി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണ്. 13 ലക്ഷത്തിലധികം പേര്‍ക്ക് ആ സ്ഥാപനം തൊഴില്‍ നല്കുന്നുണ്ട്. ഏറെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എന്‍ഐസി സ്വകാര്യവല്ക്കരണം എളുപ്പത്തില്‍ പൂര്‍ത്തിയാകുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നതോടെ ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള ധൃതിപിടിച്ച നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നു. അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയിലൂടെ രാജ്യത്തിന്റെ ആസ്തികള്‍ മൂലധന ശക്തികള്‍ക്ക് വിറ്റഴിക്കാന്‍ തീരുമാനിച്ച ധനമന്ത്രിതന്നെ പിപിപി പദ്ധതി രാജ്യത്തുടനീളം വിവിധ മേഖലകളില്‍ നടപ്പില്‍ വരുത്തുമെന്ന പ്രഖ്യാപനവും ബജറ്റിലൂടെ ‍ മുന്നോട്ടുവച്ചു. കാര്‍ഷിക മേഖല ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് കോവിഡ് കാലത്തും ഭക്ഷ്യ ഉല്പാദനം രാജ്യത്ത് വര്‍ധിച്ചു എന്നാണ്.


ഇതുകൂടി വായിക്കാം; കോവിഡും വിലക്കയറ്റവും ഏഷ്യൻ ജനതയുടെ ഭക്ഷ്യസുരക്ഷയെ ബാധിച്ചു


ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന സമയത്തും അവരുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നു. അവരെ സഹായിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ ബജറ്റിലില്ല. കുറഞ്ഞ താങ്ങുവില (മിനിമം സപ്പോര്‍ട്ട്പ്രൈസ്) നല്കി സംഭരിക്കുമെന്ന പ്രഖ്യാപനവും ആവശ്യമായ പണവും ബജറ്റില്‍ വകയിരുത്തിയില്ല. 2021 ലെ ബജറ്റില്‍ 2.48 ലക്ഷം കോടി രൂപ സംഭരണത്തിനായി മാറ്റിവച്ചപ്പോള്‍ 2022 ല്‍ 2.37 ലക്ഷം കോടി രൂപ മാത്രമാണ് ഉള്‍ക്കൊള്ളിച്ചത്. തുക വെട്ടിക്കുറവിന് ഗവണ്‍മെന്റ് തയാറായതിന് കാരണം വ്യക്തമാക്കിയിട്ടില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് ഇപ്പോഴും തുടരുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. കേരളത്തിന് പുതിയ ഒരു പദ്ധതിയും അനുവദിച്ചതായി ബജറ്റില്‍ ഇതുവരെയുള്ള പരിശോധനകളില്‍ മനസിലായിട്ടില്ല. സംസ്ഥാനത്തിന്റെ പ്രത്യേകത പരിഗണിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, തിരിച്ചുവരുന്ന പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ക്ക് സഹായിക്കുക, അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ അനുവദിക്കുക, അടിസ്ഥാന വികസനത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം സഹായം നല്കുക, റവന്യൂ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കുവാന്‍ സഹായിക്കുക, ജിഎസ്‌ടി നഷ്ടപരിഹാരം നല്കുന്നത് അഞ്ച് വര്‍ഷം നീട്ടുക, അയ്യങ്കാളി നഗര തൊഴില്‍ദാന പദ്ധതിക്ക് കേന്ദ്ര സഹായം നല്കുക, കേന്ദ്രം നല്കേണ്ട സാമ്പത്തിക വിഹിതം കേരളത്തില്‍ ഉടനെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിരന്തരമായി കേരളം സമര്‍പ്പിച്ചിരുന്നതാണ്. ഇതിനൊന്നും തന്നെ അനുകൂലമായ നിലപാടല്ല കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചത്. ആ നിലപാടുതന്നെ 2022 ലെ ബജറ്റിലും തുടരുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത കേന്ദ്ര ബജറ്റ്, രാജ്യത്തെ കോര്‍പ്പറേറ്റു ശക്തികള്‍ക്ക് വാരിക്കോരി സഹായങ്ങള്‍ നല്കുകയാണ് ചെയ്തത്.

ബജറ്റിൽ കർഷകർക്ക് എന്തുണ്ടെന്നായിരുന്നു ആദ്യം നോക്കിയത്. എല്ലാ വിളകൾക്കും മിനിമം സഹായ വില പ്രഖ്യാപിക്കണം എന്ന കർഷകരുടെ ആവശ്യത്തിന് നേരെ കണ്ണടച്ചിട്ടുണ്ടെന്ന് മാത്രമല്ല, സംഭരിക്കുന്ന രണ്ട് വിളകളുടെയും (നെല്ല്, ഗോതമ്പ്) അളവ് കുറച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം 1286 ലക്ഷം ടൺ പ്രൊക്യുർമെന്റിന് ബജറ്റിൽ നിർദ്ദേശമുണ്ടായത്, ഇത്തവണ 1208 ലക്ഷം ടൺ ആയി കുറച്ചിട്ടുണ്ട്. കർഷകർക്കുള്ള പേമെന്റ് 2.48 ലക്ഷം കോടിയിൽ നിന്ന് 2.36 ലക്ഷം കോടി ആയി. കാർഷിക മേഖലയിൽ 16,000 കോടി രൂപയുടെയും ഗ്രാമീണ വികസന മേഖലയിൽ 14,000 കോടി രൂപയുടെയും വെട്ടിക്കുറവ് വരുത്തി.

വൻകിടകൾക്ക് മാത്രം ഗുണംചെയ്യുന്ന മെഗാ ഇൻഫ്രാസ്ട്രക്ചർ നിർമ്മിതികൾക്ക് വാരിക്കോരി കൊടുത്തിട്ടുമുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള നീക്കിയിരുപ്പ് 98,000 കോടി രൂപയിൽ നിന്ന് 73,000 കോടി രൂപയായി കുറച്ചു. കാർഷിക- കാർഷിക അനുബന്ധ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തൽ മൊത്തം ബജറ്റിന്റെ 4.26 ശതമാനം എന്നതിൽ നിന്നും 3.86 ശതമാനമായും രാസവളം 1.40 ലക്ഷം കോടിയിൽ നിന്ന് 1.05 ലക്ഷം കോടിയായും കുറച്ചു.

ഭക്ഷ്യ വസ്തുക്കൾ 2.95 ലക്ഷം കോടിയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായും കുറച്ചു. പെട്രോളിയം സബ്സിഡി 6517 കോടി രൂപയിൽ നിന്ന് 5,813 കോടി രൂപയായും കുറച്ചു. പിഎം ആശ (Prad­han Mantri Anna­da­ta Aay San­rak­shan Abhiyan- PM- AASHA scheme) എന്ന പേരിൽ 2018ലെ ബഡ്ജറ്റിൽ ബിജെപിയുടെ Flag­ship സ്കീം ആയി അവതരിപ്പിക്കപ്പെട്ട പദ്ധതിക്ക് 2022–23 കാലയളവിലേക്ക് നീക്കിവച്ച തുക കേവലം ഒരു കോടി രൂപ. കഴിഞ്ഞ വർഷം ഇത് 400 കോടിയും 2020–21 ൽ 500 കോടിയും

2019–20 കാലയളവിൽ 1500 കോടിയും ആയിരുന്നുവെന്നോർക്കുക. കാർഷിക നിയമം പിൻവലിപ്പിച്ച കർഷകരോടുള്ള മോഡി സർക്കാരിന്റെ അടങ്ങാത്ത ക്രോധം വെളിപ്പെടുത്തുന്ന നടപടികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.