കാഞ്ഞങ്ങാട്: പെരിയയില്‍ എയര്‍ സ്ട്രിപ്പിന് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. വിമാനത്താവള നടപടികള്‍ വേഗത്തിലാക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്ന് കേരള റവന്യൂ വകുപ്പിന് ഔദ്യോഗിക നിര്‍ദേശം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഉഡാന്‍ 4 പദ്ധതി പ്രകാരം കേരളത്തില്‍ നാല് സ്ഥലങ്ങളിലാണ് മിനി എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഇത് സമയ ബന്ധിതമായി ഉടന്‍ ചെയ്തു തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി. ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് പ്രവര്‍ത്തകരെ അറിയിച്ചു.
25 മുതല്‍ 125 സീറ്റുകള്‍ വരെയുള്ള മിനി വിമാനങ്ങളാണ് പെരിയയില്‍ നിന്നും പറന്ന് ഉയരുക. ബേക്കല്‍, റാണീ പുരം വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചിട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. പിന്നീട് പദ്ധതി പൊതുജനങ്ങള്‍ക്ക് കൂടി ഉപകാര പെടുന്ന രീതിയിലേക്ക് വിഭാവനം ചെയ്യുകയാണുണ്ടായത്. പൂര്‍ണ്ണമായും സബ്സിഡി നിരക്കിലാണ് വിമാന സര്‍വീസുകളുടെ ടിക്കറ്റ് വിതരണം ചെയ്യുക. മൂവായിരം രൂപയില്‍ താഴെ വരുന്ന വിമാന നിരക്കിലുള്ള ദൂരങ്ങളിലേക്കാവും പെരിയയില്‍ നിന്നും വിമാനം പറക്കുക. പൊതുഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് കഴിഞ്ഞ ദിവസം രാവിലെ എയര്‍ സ്ട്രിപ്പ് അനുമതി ലഭിച്ച വിവരം മന്ത്രി. ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
ഹോസ്ദുര്‍ഗ് താലൂക്കില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പെരിയ ടൗണില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരത്താണ് ചെറുവിമാനത്താവളത്തിന് ഭൂമി കണ്ടെത്തിയിട്ടുള്ളത്. ബേക്കല്‍ കോട്ടയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വളരെ ഉപകാരപ്രദമാകുന്നതാണ് പദ്ധതി. 80.41 ഏക്കര്‍ സ്ഥലമാണ് ചെറുവിമാനതാവളത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടത്. ഇതില്‍ 26.29 ഏക്കര്‍ റവന്യൂ ഭൂമി നിലവിലുണ്ട്. ബാക്കിവരുന്ന 54.12 ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും. ഇതിനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കും. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കണിയംകുണ്ടിലാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നത്.
you may also like this video
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ (സി ഐ എ എല്‍) വിദഗ്ധ സംഘം നേരത്തെ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ചെറുവിമാനതാവളത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ എന്‍ ജി നായര്‍ എയര്‍സ്ട്രിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായും ജില്ലാ കലക്ടറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിര്‍മാണത്തിന് വേണ്ടിവരിക. 1400 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വെയാണ് ഇതിനുവേണ്ടി നിര്‍മിക്കേണ്ടിവരിക. സ്വകാര്യ സംരംഭകരും പ്രവാസികളും വ്യക്തികളും കമ്പനികളും വിമാനത്താവള നിര്‍മാണവുമായി സഹകരിക്കാന്‍ മുമ്പോട്ട് വന്നിട്ടുണ്ട്.
സാധാരണ ജനങ്ങളുടെ വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കാനായുള്ള ഉഡാന്‍ സ്കീംമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നാലാംഘട്ടമായാണ് ബേക്കല്‍, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ ബേക്കല്‍ മാത്രമാണ് പദ്ധതി നടപടികള്‍ വേഗത്തിലായി നടപ്പിലായി വരുന്നത്. ബംഗളൂരു, തിരുവനന്തപുരം, ഗോവ, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരസര്‍വ്വീസ് നടത്താനും ആലോചനയുണ്ട്. ബേക്കല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രം, പെരിയ കേന്ദ്ര സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്കും വിമാനത്താവളം ഏറെ ഗുണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.