ഉടക്കുമായി ധനമന്ത്രാലയം; ബിഎസ്എന്‍എല്‍ രക്ഷാപദ്ധതി അനിശ്ചിതത്വത്തില്‍

Web Desk
Posted on October 09, 2019, 9:29 pm

ബേബി ആലുവ

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബി എസ് എന്‍ എല്ലിനെ കരകയറ്റാനെന്ന നാട്യത്തില്‍ പ്രഖ്യാപിച്ച രക്ഷാ പാക്കേജ് അനിശ്ചിതത്വത്തില്‍. പുനരുജ്ജീവനം പ്രായോഗികമല്ലെന്ന ഉടക്കുമായി ധനമന്ത്രാലയം രംഗത്തുവന്നതും പ്രഖ്യാപനങ്ങള്‍ക്കപ്പുറം കേന്ദ്രം താല്‍പ്പര്യമെടുക്കാത്തതുമാണ് പാക്കേജിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ശക്തമാക്കിയിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലിനെ രക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘടനകള്‍ സമരരംഗത്തിറങ്ങുകയും ഈ ആവശ്യമുന്നയിച്ച് ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടീവ് അസോസിയേഷന്‍ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയുമൊക്കെ ചെയ്തതിന്റെ ഫലമായാണ്, ബി എസ് എന്‍ എല്ലിന്റെയും മറ്റൊരു പൊതുമേഖലാ ടെലികോം സ്ഥാപനമായ എം ടി എന്‍ എല്ലിന്റെയും പുനരുജ്ജീവനത്തിനു വേണ്ടി ഒരു പാക്കേജ് എന്ന ആലോചന തുടങ്ങിയത്. ഇരു കമ്പനികള്‍ക്കും വേണ്ടി ടെലികോം മന്ത്രാലയം പാക്കേജ് തയ്യാറാക്കുകയും മന്ത്രി അമിത് ഷാ അധ്യക്ഷനും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അംഗങ്ങളുമായ ക്യാബിനറ്റ് ഉപസമിതിക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഉപസമിതി പാക്കേജിന് അംഗീകാരം നല്‍കിയെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാനാവില്ല എന്നുള്ളതിന് 80 തടസ്സവാദങ്ങളടങ്ങുന്ന റിപ്പോര്‍ട്ടുമായി ധനമന്ത്രാലയം രംഗത്തുവന്നത് കുരുക്കായി. ധനമന്ത്രി കൂടി അംഗമായ ഉപസമിതി അംഗീകരിച്ച പദ്ധതിക്കെതിരെ ധനമന്ത്രാലയം തന്നെ രംഗത്തെത്തിയതിനു പിന്നിലെ കളികള്‍ വിവിധ തലങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു. പിന്നീട്, ധനവകുപ്പ് വഴി മുടക്കിയ പാക്കേജ് പുതുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര യോഗം വിളിച്ചെങ്കിലും അതും അലസി.

ധന ടെലികോം മന്ത്രാലയ പ്രതിനിധികളും നിതിആയോഗ് ഉദ്യോഗസ്ഥരും ബിഎസ്എന്‍എല്‍, എം ടി എന്‍ എല്‍ കമ്പനികളുടെ മേധാവികളും ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജുമെന്റ് വകുപ്പ് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ധനകാര്യം, ടെലികോം, നിതി ആയോഗ്, ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജുമെന്റ് വകുപ്പ് എന്നിവയുടെ സെക്രട്ടറിമാരാണ് പുനരുജ്ജീവന പാക്കേജിനെതിരെ കടുത്ത എതിര്‍പ്പുമായി അണിനിരന്നത്. പാക്കേജിനായി വന്‍ തുക ചെലവഴിച്ചാല്‍ അതു കൊണ്ട് പ്രയോജനമുണ്ടാവില്ലെന്നായിരുന്നു അവരുടെ വാദം.

ക്യാബിനറ്റ് ഉപസമിതിയുടെ അംഗീകാരം ലഭിച്ച പുനരുജ്ജീവനപാക്കേജിന് നടപടി ക്രമമനുസരിച്ച് പിന്നീട് വേണ്ടിയിരുന്നത് കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം മാത്രമായിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷാ അധ്യക്ഷനായ ഉപസമിതി അംഗീകരിച്ച രക്ഷാ പാക്കേജ് നാല് വകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പ് മൂലം പ്രതിസന്ധിയിലായത് കേന്ദ്ര സര്‍ക്കാരിനു തന്നെ പൊതുവില്‍ നാണക്കേടായിരിക്കുകയാണ്. തുടക്കത്തില്‍ ധനമന്ത്രാലയത്തിനു മാത്രമായിരുന്നു പാക്കേജിനോട് എതിര്‍പ്പെങ്കില്‍, തുടര്‍ന്ന് മൂന്നു വകുപ്പുകള്‍ കൂടി മന്ത്രാലയത്തിനു പിന്തുണയുമായി എത്തുകയായിരുന്നു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രണ്ട് കമ്പനികള്‍ക്കുമായി വിവിധ ഇനങ്ങളില്‍ 70, 000 കോടി രൂപ നല്‍കുന്നതാണ് രക്ഷാ പദ്ധതി. ഇതില്‍ 34, 000 കോടി രൂപ പണമായി നല്‍കും. 4 ജി സ്‌പെക്ട്രത്തിന്റെ ജി എസ് ടി ഇളവായി 3800 കോടി രൂപ ലഭിക്കും. സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുമെന്നതിനാല്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കേണ്ട സാഹചര്യം കണക്കിലെടുത്തും ജീവനക്കാരുടെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി എന്നിവയ്ക്കുമായി 13, 000 കോടി രൂപ. എക്‌സ്‌ഗ്രേഷ്യ ഇനത്തിലേക്കായി 17, 000 കോടി രൂപ. കമ്പനികളുടെ ആസ്തി വിറ്റഴിക്കലിലൂടെ 34, 000 കോടി രൂപയും ഓഹരി കടപ്പത്രത്തിലൂടെ 20, 500 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നതാണ് പുനരുജ്ജീവന പാക്കേജ്.

ബി എസ് എന്‍ എല്ലിനു രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് ജൂലൈ മധ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അറിയിച്ചതിനു പിന്നാലെ, പ്രഖ്യാപനം വരുന്നതിനു മുമ്പായി ചെലവ് ചുരുക്കല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നു നിഷ്‌കര്‍ഷിച്ചു കൊണ്ട് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിലെ കണ്‍സ്യൂമര്‍ മൊബിലിറ്റി വിഭാഗം ഡയറക്ടര്‍ എല്ലാ സര്‍ക്കിളുകളിലേക്കും സര്‍ക്കുലര്‍ അയച്ചത് അടിയന്തര പ്രാധാന്യത്തോടെയാണ്. അതിന്റെ പിന്നാലെ, ഓരോ മാസവും നിശ്ചയിച്ച ബിസിനസ് ലക്ഷ്യം പൂര്‍ത്തീകരിക്കാത്തതിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നു പിഴ ഈടാക്കലും തുടങ്ങി. ഒരാഴ്ചത്തെ ശമ്പളമായിരുന്നു പിഴ. 1. 76 ലക്ഷം ജീവനക്കാരുടെ ശമ്പളം മുടങ്ങല്‍ പതിവായതിനിടയിലായിരുന്നു ടാര്‍ജറ്റ് തികയ്ക്കാത്തതിന്റെ പേരിലുള്ള പിഴയീടാക്കല്‍. എന്നാല്‍ കേബിള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വിതരണം ചെയ്യാത്തതും കേടായ ഫോണുകള്‍ മാറ്റി നല്‍കാന്‍ സംവിധാനമില്ലാത്തതും ഫീല്‍ഡ് ജോലിക്കാരായ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതും മറ്റും ടാര്‍ജറ്റ് തികയ്ക്കുന്നതിനു തടസ്സമാകുന്നു എന്ന യാഥാര്‍ത്ഥ്യം അധികൃതര്‍ കണക്കിലെടുക്കുന്നില്ല. വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് 1083 ബി എസ് എന്‍ എല്‍ ടവറുകളും 524 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 4 ജി സ്‌പെക്ട്രം കിട്ടാക്കനി. ഈ പ്രാരാബ്ദങ്ങള്‍ക്കിടയിലും, കൈവിടുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം പേര്‍ ബി എസ് എന്‍ എല്ലിനെ തേടിയെത്തുന്നതായാണ് കണക്കുകള്‍. 28, 27, 440 പേര്‍ വിട്ടു പോയപ്പോള്‍ തിരികെയെത്തിയത് 53, 64, 649 പേര്‍.