Web Desk

October 24, 2020, 4:00 am

അധികാര ദുരമൂത്ത മരണത്തിന്റെ വ്യാപാരികൾ

Janayugom Online

രുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ‘മരണത്തിന്റെ വ്യാപാരികൾ’ തങ്ങളാണെന്ന് അസന്ദിഗ്ധമായി തെളിയിച്ചിരിക്കുകയാണ് ബിജെപി. 1930 കളിൽ, ഒന്നാം ലോക മഹായുദ്ധകാലത്ത്, ആയുധക്കച്ചവടം ആദായമാർഗമാക്കിയ ആയുധനിർമ്മാതാക്കളെയും അതിനായി പണമൊഴുക്കിയ അമേരിക്കൻ ബാങ്കുകളെയും അടയാളപ്പെടുത്താനായി ഉപയോഗിച്ച ആ പ്രയോഗത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ അന്വർത്ഥമാക്കുകയാണ് ബിജെപി.

ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് 78 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുകയും 1,17,336 ജീവൻ അപഹരിക്കുകയും ചെയ്ത മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീഷണമായ മഹാമാരിയെയാണ് ബിജെപി അതിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കരുവാക്കിയിരിക്കുന്നത്. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ബിജെപിയുടെ പ്രഥമവും പ്രമുഖവുമായ വാഗ്ദാനം തങ്ങൾ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു. ആ പ്രഖ്യാപനം നടത്തിയതാവട്ടെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും. ബിഹാറിന്റെ പ്രകടനപത്രിക കേന്ദ്ര ധനമന്ത്രി പുറത്തിറക്കുന്നത് യാദൃച്ഛികമാണെന്ന് ആരും കരുതില്ല. പ്രകടനപത്രികയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഔപചാരിക അംഗീകാരം തന്നെയാണത്. തൊട്ടുപിന്നിലെ രാഷ്ട്രീയ അട്ടിമറിയിലൂടെ ബിജെപി അധികാരം കയ്യടക്കിയ മധ്യപ്രദേശിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ അവിടത്തെ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ ആ സംസ്ഥാനത്തും സമാനമായ വാഗ്ദാനം നല്കുന്നു. ഒരു ലക്ഷത്തില്പരം മനുഷ്യജീവൻ അപഹരിച്ച ഇപ്പോഴും മഹാമാരിയുടെ കരിനിഴലിൽ കഴിയുന്ന ഒരു ജനതയോട് അധികാരത്തിനായി നടത്തുന്ന ഹൃദയശൂന്യമായ വിലപേശലായോ അഥവാ അതിനുവേണ്ടി നിരാശ്രയരായ പട്ടിണിപ്പാവങ്ങൾക്ക് വോട്ടിനുവേണ്ടി നല്കുന്ന കോഴവാഗ്ദാനമായോ മാത്രമേ ഇതിനെ കാണാനാവൂ.

യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം രോഗബാധിതരും യുഎസും ബ്രസീലും കഴിഞ്ഞാൽ ഏറ്റവുമുയർന്ന മരണനിരക്കുമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിലധികമായി അടച്ചുപൂട്ടലിലൂടെയോ സമാനമായ സ്തംഭനാവസ്ഥയിലൂടെയോ ആണ് രാജ്യം കടന്നുപോകുന്നത്. ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം, ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മ, മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തെ ആ­രോ­­ഗ്യ പരിപാലനരംഗം നേരിടുന്ന അപര്യാപ്തത തുടങ്ങിയവയെല്ലാം മഹാഭൂരിപക്ഷത്തെയും വേട്ടയാടുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യസംഭരണികളിൽ കുമി‍­ഞ്ഞുകൂടിയ ഭക്ഷ്യധാന്യങ്ങൾ അർഹരായവർക്ക് സൗജന്യമായും നിയന്ത്രിത നിരക്കിലും വിതരണം ചെയ്യണമെന്ന ആവശ്യം ഭരണകൂടത്തിന്റെ ബധിരകർണങ്ങളിലാണ് പതിക്കുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക സഹായം നല്കണമെന്ന ആവശ്യവും ആവർത്തിച്ച് നിരാകരിക്കപ്പെട്ടിരിക്കുന്നു. മോഡി ഭരണകൂടം പ്രഖ്യാപിച്ച സമാശ്വാസ പാക്കേജുകളുടെ ഗുണഭോക്താക്കളാകട്ടെ വൻകിട കോർപ്പറേറ്റുകളും ഉയർന്ന ഇടത്തരക്കാരും മാത്രം. മഹാഭൂരിപക്ഷത്തിന് നേരെ എറിഞ്ഞുകൊടുത്ത ആനുകൂല്യങ്ങളാകട്ടെ ദുരിതകാലത്ത് ഒരു നേരത്തെ ഭക്ഷണത്തിനുപോലും മതിയാവാത്തതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം ഇനിയും ഫലപ്രദമെന്ന് ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് സംസ്ഥാനങ്ങളിൽ സൗജന്യമായി നല്കുമെന്ന വാഗ്ദാനം. മഹാമാരിയെ തുടർന്ന് മടങ്ങിയെത്തിയ തൊഴിലാളികൾക്കായി ബിഹാറിലെ ഖഗരിയ ജില്ലയിലെ ബേൽദൗർ താലൂക്കിലെ ടെലിനർ ഗ്രാമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊട്ടിഘോഷിക്കപ്പെടുന്ന ‘ഗരീബ് കല്യാൺ റോസ്ഗർ യോജന’ (ദരിദ്രർക്കായുള്ള തൊഴിൽദാന പദ്ധതി)ക്ക് തുടക്കം കുറിച്ചത്. അവിടെ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഒരൊറ്റ കുടിയേറ്റത്തൊഴിലാളിക്കും ആ ഗ്രാമത്തിൽ പദ്ധതി വഴി നാളിതുവരെ തൊഴിൽ ലഭിച്ചിട്ടില്ല. വാഗ്ദാന ലംഘനങ്ങളുടെയും വഞ്ചനയുടെയും കഥകളാണ് മോഡി സർക്കാരിന്റെ പദ്ധതികൾ തുറന്നുകാട്ടുന്നത്.

സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ എന്ന ബിജെപിയുടെ വാഗ്ദാനം മിതമായ ഭാഷയിൽ മറ്റൊരു തെരഞ്ഞെടുപ്പ് ജുംല മാത്രമാണ്. മഹാമാരിയെ പ്രതിരോധിക്കാനോ ദുരിതക്കയത്തിൽ ആണ്ടുപോയ ദരിദ്രജനകോടികൾക്ക് ആശ്വാസം പകർന്നു നല്കാനോ വിസമ്മതിക്കുന്ന ഭരണകൂടം അതിനെ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായി മാറ്റുകയാണ്. മഹാമാരിയിൽ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്ന പാവപ്പെട്ടവരുടെ നെഞ്ചിൽ ചവിട്ടി അധികാരത്തിലേക്ക് നടന്നുകയറാനുള്ള കുതന്ത്രമാണ് അവർ എടുത്തു പ്രയോഗിക്കുന്നത്. അവരാണ് യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികൾ എന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും.