ഷിബു ടി ജോസഫ്

കോഴിക്കോട്

July 09, 2021, 8:16 pm

സഹകരണമേഖലയെ വരുതിയിലാക്കി കുത്തകവൽക്കരണത്തിന് ബിജെപി ശ്രമം

Janayugom Online

തെരഞ്ഞെടുപ്പിലൂടെ കേരളത്തെ കീഴടക്കാന്‍ കഴിയാത്ത ബിജെപി സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ സുശക്തമായ സഹകരണസംവിധാനത്തെക്കൂടി. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായ സഹകരണ സംവിധാനമുള്ള കേരളം, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും അതിലൂടെ ഗ്രാമീണ സമ്പത്ത് കയ്യടക്കുകയും ചെയ്യുക എന്ന വന്‍ ലക്ഷ്യവും മന്ത്രാലയ രൂപീകരണത്തിന് പിന്നിലുണ്ടെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു.

ഫെഡറല്‍ ഭരണസംവിധാനത്തിന്റെ എല്ലാ മര്യാദകളെയും കാറ്റില്‍പ്പറത്തി സംസ്ഥാനങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതും അമിത് ഷാ തന്നെ ചുമതല ഏറ്റെടുത്തതും. ഗുജറാത്തില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ സഹകരണ സംഘങ്ങളെ മുഴുവന്‍ കുതന്ത്രങ്ങളിലൂടെ കൈപ്പിടിയിലൊതുക്കാന്‍ മോഡിക്കൊപ്പം നിന്നത് അമിത്ഷാ ആയിരുന്നു. അത് പൂര്‍ണമായും വിജയത്തിലെത്തിയതോടെയാണ് മോഡിക്കും അമിത്ഷായ്ക്കും ഗുജറാത്തില്‍ എതിരാളികള്‍ ഇല്ലാതായത്. ഈ തന്ത്രം തന്നെ രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് രാജ്യമൊട്ടാകെ പരീക്ഷിക്കുന്നത് വലിയ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ട് തന്നെയാണ്. നോട്ട് നിരോധനകാലത്ത് ബിജെപിയുടെ കണക്കില്ലാത്ത കള്ളപ്പണം വെളുപ്പിച്ചതും ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളിലൂടെയായിരുന്നുവെന്ന ആരോപണങ്ങളും അതിശക്തമായിരുന്നു.

സഹകരണ മന്ത്രാലയം രൂപീകരിച്ചത് രാജ്യത്തെ സഹകരണ മേഖലയില്‍ ഭരണപരവും നിയമപരവുമായ നടപടികള്‍ ശക്തിപ്പെടുത്താനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനര്‍ത്ഥം സഹകരണ മേഖലയിലൂടെ സമാഹരിക്കപ്പെട്ട പണം കൈപ്പിടിയിലാക്കാനാണെന്നതും വ്യക്തമാണ്. കേരളത്തില്‍ മാത്രം രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയില്‍ ഉള്ളത്. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം സഹകരണരംഗം സംസ്ഥാനങ്ങളുടെ അധികാരമാണ്. ഇത് ദുര്‍ബലപ്പെടുത്തി കേന്ദ്രത്തിന് ഇടപെടാനുള്ള നിയമങ്ങള്‍ പിന്നാലെയുണ്ടാകുമെന്ന് ഉറപ്പാണ്. അതോടെ സംസ്ഥാനത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സഹകരണ മേഖല കുത്തകകള്‍ക്ക് മുന്നില്‍ തുറന്നിടുകയും അതാത് പ്രദേശങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെന്ന നിലയിലുള്ള സഹകരണ സ്ഥാപനങ്ങളുടെ പ്രസക്തി ഇല്ലാതാവുകയും ചെയ്യും. കുത്തകകള്‍ കയ്യിട്ടുവാരിയ പൊതുമേഖലാ ബാങ്കുകളുടെ അവസ്ഥയിലേക്ക് സഹകരണ മേഖലയും എത്തുകയായിരിക്കും ഇതിന്റെ അനന്തരഫലം.

സാധാരണക്കാരെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അകറ്റുന്ന വിധത്തിലുള്ള നടപടിക്രമങ്ങള്‍ മൂലം രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ കോടിക്കണക്കിനാളുകള്‍ക്ക് വലിയൊരളവോളം ആശ്വാസമായിരുന്നു. എന്നാല്‍ നിലവിലെ ലളിതമായ നടപടിക്രമങ്ങള്‍ കേന്ദ്രത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവും. അര്‍ബന്‍ ബാങ്കുകളില്‍ ഉണ്ടായ ഇടപെടല്‍ പോലെ സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടിയാകും ഉടന്‍ തന്നെയുണ്ടാവുക.

ജൂലൈ ആറിനാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാന്‍ കേന്ദ്രം തയ്യാറായില്ല.

വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും സഹകരണ മേഖലയില്‍ വ്യവസായസൗഹൃദ അന്തരീക്ഷമൊരുക്കുമെന്നും കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലുണ്ട്. സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന എല്ലാ അധികാരാവകാശങ്ങളും അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ വഴി പൂര്‍ണമായും കവര്‍ന്നെടുക്കപ്പെടുമെന്ന് തന്നെയാണ് ആശങ്കപ്പെടുന്നത്. രാജ്യത്ത് ധവളവിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ഡോ. വി കുര്യനെ അമൂലില്‍ നിന്നും പുകച്ചു പുറത്തുചാടിച്ച് ഗുജറാത്തിലെ സഹകരണ സംവിധാനങ്ങളെ ഒന്നാകെ വിഴുങ്ങിയ ചരിത്രമാണ് അമിത്ഷായ്ക്കുള്ളത്.

രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളും ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനീക്കത്തെ പ്രതിരോധിക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമയുദ്ധത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍.

Eng­lish sum­ma­ry: Cen­tral gov­ern­ment and BJP tar­get­ting kerala

You may also like this video: