Saturday
16 Feb 2019

പൊതുജനാരോഗ്യമേഖലയെ ഇന്‍ഷുറന്‍സിന്റെ പേരില്‍ കേന്ദ്രം കയ്യൊഴിയുന്നു

By: Web Desk | Saturday 9 February 2019 11:03 PM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സിനെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്രം പൊതുജനാരോഗ്യമേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നു. ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം) ത്തിനും വിവിധ ആരോഗ്യ പദ്ധതികള്‍ക്കും നീക്കിവയ്ക്കുന്ന തുകയിലുണ്ടാകുന്ന കുറവ് ഇതിന്റെ സൂചനയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്ന വിഹിതത്തില്‍ 2014-15 വര്‍ഷം വരെ 60 ശതമാനം തുക ദേശീയ ആരോഗ്യ ദൗത്യത്തിനായിരുന്നു. എന്നാല്‍ അത് കുറച്ചുകൊണ്ടുവന്ന് ഇടക്കാല ബജറ്റിലെത്തുമ്പോള്‍ 50 ശതമാനമായി.

2014-15 ല്‍ ആരോഗ്യമേഖലയ്ക്കായി 31,274 കോടി രൂപ നീക്കിവച്ചപ്പോള്‍ എന്‍എച്ച്എമ്മിന് 18,609 കോടി (61 ശതമാനം) യായിരുന്നു. 2019-20 വര്‍ഷത്തെ ബജറ്റില്‍ വിഹിതം 63,298 കോടിയായപ്പോള്‍ എന്‍എച്ച്എമ്മിന് നീക്കിവച്ചത് 31.745 കോടി രൂപ (50 ശതമാനം). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. 2018-19ല്‍ 56,045 കോടിയില്‍ 30,683 കോടിയായിരുന്നു (55 ശതമാനം) എന്‍എച്ച്എമ്മിനുണ്ടായിരുന്നത്. അതേസമയം പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായത്ര തുക നീക്കിവച്ചിട്ടില്ലെങ്കിലും ബജറ്റ് വിഹിതത്തിന്റെ പത്തുശതമാനത്തോളം തുക ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്കായി നീക്കി. 63,298 കോടിയില്‍ 6,400 കോടി രൂപയായിരുന്നു ആയുഷ്മാന്‍ ഭാരതിനായി മാറ്റിവച്ചത്.
പകര്‍ച്ചേതര രോഗ ചികിത്സയ്ക്കായുള്ള വിഹിതത്തില്‍ 28.63 ശതമാനം കുറവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം ഈയിനത്തിലേയ്ക്ക് നീക്കിയത് 1,004.67 കോടിയായിരുന്നുവെങ്കില്‍ ഇത്തവണ അത് 717 കോടി രൂപയായി കുറഞ്ഞു.

കുട്ടികള്‍ക്കുള്ള പ്രതിരോധ – പോളിയോ കുത്തിവയ്പുകള്‍, മാതൃസംരക്ഷണം എന്നിവയ്ക്കുള്ള തുകയിലും 30 ശതമാനത്തോളം കുറവ് വരുത്തി. 2017-18 ല്‍ 7,545.07 കോടിയായിരുന്നത് 2018-19 ല്‍ 5,253.51 കോടിയായും കുറച്ചു. 30 ശതമാനത്തോളമാണ് ഈ കുറവ്. ഇടക്കാല ബജറ്റില്‍ ഈ തുകയില്‍ വീണ്ടും കുറവ് വരുത്തി 5,253.46 കോടി രൂപയാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 2017-18 ല്‍ 3,066.80 കോടി രൂപ നീക്കിവച്ചിരുന്നുവെങ്കില്‍ 43 ശതമാനം കുറച്ച് 1,750.90 കോടി രൂപയാണ് ഇത്തവണ നീക്കിവച്ചിരിക്കുന്നത്. ജന്‍സ്വാസ്ഥ്യ അഭിയാന്റെ വിഹിതം 2017-18ല്‍ 3,300 കോടിയായിരുന്നത് ഇടക്കാല ബജറ്റില്‍ 2,000 കോടിയായും കുറച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് അധിഷ്ഠിത ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ പരിപാലനത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ – ആസൂത്രണ വിദഗ്ധനായ അവനി കപൂര്‍ പറഞ്ഞു.