ഡൽഹി കലാപം വസ്തുതാപരമായി നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാളം വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളുടെ പ്രക്ഷേപണമാണ് ഇന്ന് രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേയ്ക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞിരിക്കുന്നത്. ഇരുചാനലുകളിലും പ്രക്ഷേപണം സാധ്യമാകാത്തവിധം ഉപഗ്രഹ സംവിധാനമുപയോഗിച്ച് തടയുകയായിരുന്നു. ഇനി ഞായറാഴ്ച രാത്രി മുതൽ മാത്രമേ പ്രക്ഷേപണം സാധ്യമാകൂ. ഇരുചാനലുകളും പക്ഷപാതപരവും പ്രകോപനപരവുമായാണ് ഡൽഹി കലാപം സംബന്ധിച്ച വാർത്തകൾ പ്രക്ഷേപണം ചെയ്തെന്നായിരുന്നു വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. ഒരു പ്രത്യേക സമുദായത്തെയും ഡൽഹി പൊലീസിനെയും ചില സംഘടനകളെയും വാർത്തകളിൽ വിമർശിക്കുന്നു, കലാപം നിയന്ത്രിക്കുന്നതിന് ഒന്നും ചെയ്യാതിരുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചുവെന്നും ഉത്തരവിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കലാപം പടർന്ന് മണിക്കൂറുകൾ കഴിഞ്ഞ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നതിന് ശേഷം മാത്രമാണ് കലാപം അമർച്ച ചെയ്യുന്നതിന് കേന്ദ്ര സേന രംഗത്തിറങ്ങിയതെന്ന് വാർത്ത നല്കിയെന്നാണ് ഏഷ്യാനെറ്റിന് നല്കിയ നോട്ടീസിലുള്ളത്. വടക്ക്-കിഴക്കൻ ഡൽഹി അക്രമത്തെക്കുറിച്ച് ആരാധനാലയങ്ങൾക്കെതിരായ ആക്രമണത്തെയും ഒരു പ്രത്യേക സമുദായത്തിനെതിരായ ആക്രമണത്തെയും ഉയർത്തിക്കാട്ടുന്ന രീതിയിലാണ് വാർത്തകൾ പ്രക്ഷേപണം ചെയ്തുവെന്നായിരുന്നു മീഡിയാവണ്ണിനെ വിലക്കിയ ഉത്തരവിൽ പറയുന്നത്. ഡൽഹി കലാപത്തെ കുറിച്ചുള്ള ചാനലിന്റെ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുടെ അക്രമ പ്രവർത്തനങ്ങളിൽ ബോധപൂർവ്വം ശ്രദ്ധ കേന്ദ്രീകരിച്ചാണ് വാർത്തകൾ തയ്യാറാക്കിയത്. ആർഎസ്‌എസിൽ കുറ്റമാരോപിക്കുകയും ഡൽഹി പൊലീസിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്യുകയും ചെയ്തു. മീഡിയ വണ്ണുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു.
you may also like this video;
ഫെബ്രുവരി 28 ന് മന്ത്രാലയം ഇരുചാനലുകൾക്കും നല്കിയ കാരണം കാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നല്കിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഡൽഹി നോയിഡ ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ സ്ഥാപനത്തോട് ഉപഗ്രഹസംപ്രേഷണാവകാശം നിർത്തണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളിലെ പ്രത്യേക സമുദായങ്ങളെ പ്രീതിപ്പെടുത്തുക, പ്രകോപിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും സാധ്യതയുള്ളതോ ക്രമസമാധാന പാലനത്തിനെതിരായോ ദേശവിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പരിപാടികൾ സംപ്രേഷണം ചെയ്യുക എന്നിങ്ങനെയുള്ള ചട്ടം 6 (1 സി), ചട്ടം 6 (1 ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്ന് മീഡിയാവൺ എഡിറ്റർ ഇൻ ചീഫ് സി എൽ തോമസ് അറിയിച്ചു. കലാപദിവസങ്ങളിൽ ആർഎസ്എസിനെയും ബിജെപിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ വാർത്തകൾ പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളെയെല്ലാം പൂട്ടിക്കെട്ടുമെന്ന് ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും വെല്ലുവിളിയുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരിക്കുന്ന നടപടി.
ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം നിർത്തിവയ്പ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്ന് കാനം രാജേന്ദ്രൻ അഭ്യർഥിച്ചു. ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
English Summary: Central government banned Asianet and Media one in 48 hours.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.