Web Desk

ന്യൂഡല്‍ഹി

February 02, 2020, 6:00 am

കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റ്: വില്പന, വിലക്കയറ്റം

Janayugom Online

എൽഐസി ഉൾപ്പെടെ ഓഹരി വില്പന, കോർപ്പറേറ്റ് നികുതിയിളവ്, വിദേശനിക്ഷേപ വർധന, ജില്ലാ ആശുപത്രികളുടെ സ്വകാര്യവൽക്കരണം, പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയ്ക്ക് ഊന്നൽ നല്കി ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച പൊതുബജറ്റിൽ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന നിർദ്ദേശങ്ങൾ. അതേസമയം രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിനുള്ള മാർഗങ്ങളോ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളോ ബജറ്റിലില്ല. മറിച്ച് മുൻ ബജറ്റുകൾക്കു സമാനമായ പ്രഖ്യാപനങ്ങൾ പെരുമഴപോലെ ആവർത്തിക്കുകുകയും ചെയ്തിരിക്കുന്നു.

ഓഹരിവില്പനയിലൂടെ അടുത്ത വർഷം 2.11 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. വില്ക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ എൽഐസിയെ ഉൾപ്പെടുത്തി. തുറമുഖങ്ങള്‍ വിറ്റഴിക്കാനും ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുമായി ബന്ധപ്പെടുത്താന്‍ പിപിപി മോഡല്‍ പദ്ധതിയും നിർദ്ദേശിക്കുന്നുണ്ട്. കസ്റ്റംസ് എക്‌സൈസ് തീരുവകളിലെ വ്യത്യാസം വരുത്തിയതിലൂടെ 66 ഉല്പന്നങ്ങള്‍ക്ക് വില കൂടും. സെലക്ടീവ് ബ്രീഡിങ്ങിലൂടെ ജനിച്ചയിനം കുതിരകള്‍, ന്യൂസ് പ്രിന്റ്, മൈക്രോ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വില കുറയും. ആഭ്യന്തര വളര്‍ച്ചാ നിരക്ക് പത്തു ശതമാനത്തിലെത്തുമെന്ന അവകാശവാദവുമുണ്ട്.

നിലവില്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് വാസ്തവ വിരുദ്ധമായ കണക്കുകളുമായി സര്‍ക്കാര്‍ മുന്നേറുന്നത്. 22.46 ലക്ഷം കോടിയുടെ വരുമാനമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഇനങ്ങളിലായുള്ള സര്‍ക്കാരിന്റെ ചെലവ് 30.42 ലക്ഷം കോടി. അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 5.36 ലക്ഷം കോടി രൂപ വായ്പയെടുക്കും. ധനക്കമ്മി 3 ശതമാനമായി താഴ്ത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇത് എങ്ങനെ സാധ്യമാകും എന്നതു സംബന്ധിച്ച് കൃത്യതയില്ല. കാരണം വളര്‍ച്ചാ നിരക്കിലെ പത്തു ശതമാനം വളര്‍ച്ചയെന്നത് അസാധ്യമായ സംഗതിയായതിനാല്‍ സര്‍ക്കാരിന്റെ ഈ കണക്കുകളോടു സാമ്പത്തിക വിദഗ്ധര്‍ വിയോജിക്കുകയാണ്. ഡിവിഡന്റ് വിതരണം ചെയ്യുമ്പോള്‍ കമ്പനികള്‍ ഇനി നികുതി നല്‍കേണ്ടതില്ല.

റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി നാലു ലക്ഷം കോടി. ഉഡാന്‍ സ്കീമില്‍ നൂറ് പുതിയ എയര്‍പോര്‍ട്ടുകള്‍. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപ. നിക്ഷേപം നടത്തുന്നവര്‍ക്കായി ഏകജാലക സംവിധാനം. സ്വതന്ത്ര വ്യാപാര കറാറുകള്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തൊഴില്‍ മേഖലയ്ക്ക് യാതൊന്നും നല്‍കാത്ത ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ പിപിപി മോഡലില്‍ തൊഴില്‍ കണ്ടെത്തിക്കോളൂ എന്ന നിലപാടാണ് പുലര്‍ത്തിയത്.

വില കൂടുന്നവ

നെയ്യ്, വെണ്ണ, ഭക്ഷ്യ എണ്ണ, പീനട്ട് ബട്ടര്‍, വാല്‍നട്ട്, ച്യൂയിങ് ഗം, ഡയറ്ററി സോയ ഫൈബര്‍, ഐസലേറ്റഡ് സോയ പ്രോട്ടീന്‍, പാദരക്ഷകള്‍, ഷേവിങ് സെറ്റ്, ഹെയര്‍ ക്ലിപ്, ഹെയര്‍ റിമൂവിങ് ഉപകരണങ്ങള്‍, പ്രിസര്‍വ്ഡ് പൊട്ടറ്റോ, ഷുഗര്‍ബീറ്റ് വിത്ത്, ചോളം, വെയ്, മെലിന്‍, ടേബിള്‍വെയര്‍, കിച്ചന്‍വെയര്‍, വാട്ടര്‍ ഫില്‍ട്ടര്‍, ഗ്ലാസ് വെയര്‍, പോര്‍സെലെയ്ന്‍ വീട്ടുപകരണങ്ങള്‍, ചീനപ്പാത്രം, വാട്ടര്‍ ഹീറ്റര്‍, ഇമ്മേഷന്‍ ഹീറ്റര്‍, പോര്‍ട്ടബിള്‍ ബ്ലോവര്‍, ടേബിള്‍ ഫാന്‍, സീലിങ് ഫാന്‍, പെഡെസ്റ്റല്‍ ഫാന്‍, ചീപ്പ്, ഹെയര്‍പിന്‍, കേളിങ് പിന്‍, കേളിങ് ഗ്രിപ്, ഹയര്‍ കേളേഴ്സ്, ഹാന്‍ഡ് സീവ്, ഹാന്‍ഡ് റിഡില്‍, പാ‌ഡ്‌ലോക്ക്, റൂബി, എമറാള്‍ഡ്, റഫ് കളേഡ് ജെംസ്റ്റോണ്‍, ഇന്ദ്രനീലം, ടോസ്റ്റര്‍, കോഫി-ടീ മെയ്ക്കര്‍, ഫുഡ് ഗ്രൈന്‍ഡര്‍, അവ്ന്‍, കുക്കര്‍, കുക്കിങ് പ്ലേറ്റ്, ബോയിലിങ് റിങ്, ഗ്രില്ലര്‍, റോസ്റ്റര്‍, ഹെയര്‍ ഡ്രയര്‍, ഹാന്‍ഡ് ഡ്രയര്‍, ഇലക്‌ട്രിക് അയണ്‍ ബോക്സ്, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, കൃത്രിമ പൂക്കള്‍, മണികള്‍, മുത്തുമണികള്‍, ശില്‍പങ്ങള്‍, ട്രോഫികള്‍, മൊബൈല്‍ ഫോണുകളിലെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി, ഡിസ്‌പ്ലേ പാനല്‍, ടച്ച്‌ അസംബ്ലി, ഫിംഗര്‍പ്രിന്റ് റീഡര്‍, ഫര്‍ണിച്ചര്‍, വിളക്കുകള്‍, ലൈറ്റിങ് ഫിറ്റിങ്ങുകള്‍, ഇലക്‌ട്രോ-തെര്‍മിക് ഫ്ലൂയിഡ് ഹീറ്റര്‍, ഇലക്‌ട്രിക് ഹീറ്റിങ് റെസിസ്റ്റര്‍, പ്രാണികളെ അകറ്റാനുള്ള റിപ്പല്ലര്‍ ഡിവൈസുകള്‍

എക്സൈസ് തീരുവ കൂട്ടിയത്

സിഗററ്റ്, ഹുക്ക, ചവയ്ക്കുന്ന പുകയില, സുഗന്ധ പുകയില, പുകയില സത്ത്.

വില കുറയുന്നവ

ന്യൂസ് പ്രിന്റ് സ്പോര്‍ട്സ് ഉപകരണങ്ങള്‍ മൈക്രോഫോണ്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ജനിച്ചയിനം കുതിരകള്‍ ചി​ല​യി​നം മ​ദ്യ​ങ്ങ​ള്‍, സോ​യ, പ​ഞ്ച​സാ​ര, സ്കിം​ഡ് മി​ല്‍​ക്ക്