Thursday
21 Mar 2019

തൊഴിലാളി അവകാശങ്ങള്‍ കവരുന്ന നടപടികളാണ് കേന്ദ്രത്തിന്‍റേത്: കാനം

By: Web Desk | Saturday 12 January 2019 2:33 PM IST


KGOF
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ ജി ഒ എഫ്) 23-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ എസ് ശാന്തമ്മ നഗറില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: തൊഴില്‍ നിയമങ്ങളെ ഏകോപിപ്പിക്കുന്നുവെന്ന പേരില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ ജി ഒ എഫ്) 23-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ എസ് ശാന്തമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യ സംരക്ഷണത്തിനായി സ്ഥിരം തൊഴില്‍ എല്ലാ മേഖലകളിലും ഇല്ലാതാക്കുകയാണ്. ഇനി കരാര്‍ നിയമനം മാത്രം മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിയമന നിരോധനവും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉന്‍മൂലനവും കേന്ദ്ര സര്‍ക്കാര്‍ മുഖമുദ്രയാക്കിയിരിക്കുകയാണ്. നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര സര്‍ക്കാരിന് ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍. സിവില്‍ സര്‍വീസിലെ അംഗസംഖ്യ കുറയ്ക്കാനുള്ള കേന്ദ്ര നയത്തിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാര്‍ക്കിടയിലുള്ള ആശങ്കയകറ്റി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കേരളം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രളയം നമ്മുടെ സാമ്പത്തിക മേഖലയെയാകെ പിടിച്ചുലച്ചു. സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം കണക്കുകള്‍ക്കും അപ്പുറത്താണ്. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇത് നമ്മുടെ വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടിയ തുകയാണ്. പുനരധിവാസം എന്നതിലൂടെ കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കാനാവശ്യമായ പദ്ധതികളാണ് സംസ്ഥാന സക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. പ്രളയം സംസ്ഥാനത്തെ 54 ലക്ഷം പേരെയാണ് ബാധിച്ചത്. 483 പേര്‍ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞു. അതിനാലാണ് കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം നേരിട്ടെത്തി പ്രളയ ദുരിതങ്ങള്‍ കണ്ടു മടങ്ങി. എന്നാല്‍ കേരളത്തെ കരകയറ്റുന്നതിനാവശ്യമായ സഹായങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 600 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം നല്‍കാമെന്ന് പറയുന്നതല്ലാതെ ഇതുവരെ അനുവദിച്ചിട്ടില്ല. വിദേശ രാജ്യങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്ത തുക പോലും വാങ്ങാന്‍ അനുവദിക്കുന്നില്ല. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളേയും ഇത്തരത്തില്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുമ്പോള്‍ കേരളത്തിന് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ചോദ്യമുയരുന്നത്. കേരളത്തോടുള്ള വിവേചനപരമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. നവകേരള സൃഷ്ടിക്കായി വായ്പ സ്വീകരിക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പ്രളയത്തില്‍പ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി കേന്ദ്രം സെസ് ചുമത്തുന്നതുപോലും ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്കുമേല്‍ തന്നെയാണെന്നതാണ് വിരോധാഭാസം.
രാജ്യത്തെ ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അന്തരം സമ്പത്തിച്ച് വിവേകാനന്ദന്‍ മുമ്പ് പറഞ്ഞ അവസ്ഥതന്നെയാമ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം നാള്‍ക്കുനാള് വര്‍ധിക്കുന്നു. സ്വാമി വിവേകാനന്ദനെപ്പോലും ഹിന്ദുത്വത്തിന്റെ വക്താവായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാനാണ് പരിശ്രമിക്കുന്നത്.
കേരളത്തിലെ പുതിയ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കേരളത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ അതിനോടൊപ്പമാണ് എന്ന് തെളിയിക്കാനുള്ള ബാധ്യത കെ ജി ഒ എഫിനുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി സമ്മേളനം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

KGOF Flag off

കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് കെ സജീവ് അധ്യക്ഷത വഹിച്ചു. കെ ബി ബിജുക്കുട്ടി രക്തസാക്ഷി പ്രമേയവും ഡോ. ടി എം ബീനാബീവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ഇ കെ വിജയന്‍ എം എല്‍ എ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍, ജോയിന്‍ര് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍, എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ കെ വി സൂരി, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ ടി വി ബാലന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ കെ സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ എസ് സജികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. വി എം ഹാരിസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഇന്ന് രാവിലെ 10.30ന് ‘സമകാലിക ഇന്ത്യ നേരിടുന്ന സാമ്പത്തിക, സാംസ്‌കാരിക വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി പി ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനംചെയ്യും. സി പി ഐ നേതാവ് സി എന്‍ ചന്ദ്രന്‍ വിഷയാവതരണം നടത്തും. വൈകീട്ട് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

Related News