Web Desk

January 09, 2020, 10:58 pm

സംസ്ഥാനത്തിന്റെ വായ്പാവിഹിതം ഭീമമായി വെട്ടിക്കുറച്ച് കേന്ദ്രം ശ്വാസംമുട്ടിക്കുന്നു: ധനസഹായത്തിൽ 8,330 കോടി രൂപ കുറവു വരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്

Janayugom Online

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വായ്പാവിഹിതമായി ലഭിക്കേണ്ട ധനസഹായം സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ബജറ്റ് വകയിരുത്തൽ പ്രകാരം 10,233 കോടി രൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ 1,900 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്നുള്ള വായ്പയടക്കമുള്ള മൊത്തം ധനസഹായത്തിൽ നിന്നും 8,330 കോടി രൂപയാണ് വെട്ടിക്കുറച്ചതെന്ന് ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്തുകൊണ്ടാണ് വീണ്ടും വായ്പ വെട്ടിക്കുറച്ചത് എന്നതിന് ന്യായമായ വിശദീകരണം കേന്ദ്രം നൽകിയിട്ടില്ല. സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമാണ് വായ്പയായി അനുവദിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ബജറ്റിൽ 24,915 കോടി രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം പകുതിയോടെ വായ്പയിൽ 5,325 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്ന് അറിയിപ്പുണ്ടായി. ഈ പുതിയ മാനദണ്ഡപ്രകാരവും അവസാന പാദത്തിൽ 4,900 കോടി രൂപ വായ്പയെടുക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ 3,000 കോടി രൂപ ഒറ്റയടിക്ക് വീണ്ടും കുറച്ചാണ് കേന്ദ്രത്തിന്റെ പ്രഹരം. കഴിഞ്ഞ വർഷം അവസാനപാദം 3,200 കോടി രൂപ വായ്പ ലഭിച്ച സ്ഥാനത്ത് കേരളത്തിന് നടപ്പു ധനകാര്യ വർഷം 1,920 കോടി രൂപയേ ലഭിക്കൂ. സാധാരണഗതിയിൽ ഡിസംബർ മാസത്തിൽ വായ്പയ്ക്ക് അനുമതി ലഭിക്കേണ്ട സ്ഥാനത്ത് രണ്ടാഴ്ച താമസിപ്പിച്ചാണ് അറിയിപ്പ് വന്നത്.

1900 കോടി രൂപ വായ്പയായി ലഭിക്കുമ്പോൾ 4,615 കോടി രൂപ ഇതുവരെ എടുത്ത വായ്പയുടെ മുതലും പലിശയുമായി കേന്ദ്രസർക്കാരിനു തിരിച്ചു നൽകുകയും വേണം. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 19,500 കോടി രൂപ കിട്ടിയ സ്ഥാനത്ത് 2019–20ൽ 16,602 കോടി രൂപയേ വായ്പ ലഭിക്കൂ എന്ന് മന്ത്രി പറഞ്ഞു. വായ്പ വെട്ടിക്കുറച്ചതിനു കാരണമായി കേന്ദ്രസർക്കാർ പറയുന്നത് കേരളത്തിലെ ട്രഷറി ഡെപ്പോസിറ്റുകളിൽ ബജറ്റിൽ സൂചിപ്പിച്ചതിനേക്കാൾ ആറായിരത്തിൽപ്പരം കോടി രൂപയുടെ വർധനവ് ഉണ്ടായി എന്നാണ്. ഇതിൽ ഗണ്യമായ പങ്ക് വിവിധ വകുപ്പുകളുടെ ചെലവഴിക്കാത്ത പണം ട്രഷറി ഡെപ്പോസിറ്റായി കിടന്നതുമൂലമാണെന്ന വാദം കേന്ദ്രസർക്കാർ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക പലരും ട്രഷറിയിൽ ഡെപ്പോസിറ്റായി സൂക്ഷിച്ചതും മറ്റും മൂലമുണ്ടാകുന്ന വർദ്ധനവ് സംസ്ഥാന സർക്കാരിന്റെ പണമായി കരുതി അടുത്തവർഷത്തെ വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.