കെ ജെ റാഫി

(വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ ആർടിഐ കേരള ഫെഡറേഷൻ തൃശൂര്‍ ജില്ലാ കൺവീനർ )

October 12, 2021, 5:59 am

വിവരാവകാശനിയമത്തെ അസ്ഥിരപ്പെടുത്തുന്ന കേന്ദ്ര ഭരണം

Janayugom Online

ദ്യോഗിക രേഖകൾ അപ്രാപ്യമായ കാലത്തിന് വിരാമമിട്ടുകൊണ്ട്, ഇന്ത്യൻ പൗരന് വിവരങ്ങളറിയാനും പ്രതികരിക്കാനും അവസരമൊരുക്കിയ വിവരാവകാശ നിയമം നിലവിൽ വന്നിട്ട് പതിനാറുവർഷം പൂർത്തീകരിക്കുകയാണിന്ന്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ നിയമനിർമ്മാണമായിരുന്നു 2005 ലെ വിവരാവകാശ നിയമം. ഒന്നാം യുപിഎ സർക്കാരിന് നിരുപാധിക പിന്തുണ നല്കിയിരുന്ന ഇടതുപക്ഷ കക്ഷികളുമായുണ്ടാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലും ഇടതുപക്ഷ കക്ഷികളുടെ നിരന്തര സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ നിയമം യാഥാർത്ഥ്യമായത്. പ്രതിവർഷം അറുപതു ലക്ഷത്തോളം അപേക്ഷകൾ ഈ നിയമപ്രകാരം സമർപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. സമൂഹത്തിലെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും മാത്രമല്ല, അതിനേക്കാളേറെ സാധാരണ ജനങ്ങളാണ് ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നത്. 2005 ൽ കേന്ദ്രത്തിൽ വിവരാവകാശ നിയമം വരുന്നതിന് മുൻപുതന്നെ, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗോവ, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ സംസ്ഥാന നിയമങ്ങൾ നിലവിൽ വന്നിരുന്നു. വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവരാവകാശ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചിരുന്നതിന്റെ ഫലമായി ഇത്തരം നിയമനിർമ്മാണത്തിന്റെ അനിവാര്യത പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരുന്നെങ്കിലും ഭരണകൂടം ആ വഴിക്ക് ചിന്തിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. പൗരന്റെ വിവരാവകാശമെന്നത്, ഭരണഘടന വിഭാവനം ചെയുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലുകളാണ് വിവരാവകാശ നിയമത്തിന് അടിസ്ഥാനശില പാകിയത്. വിവരങ്ങളറിയാതെ എങ്ങനെയാണ് പൗരന് അഭിപ്രായം പറയാനും പ്രതികരിക്കാനും കഴിയുക എന്നതായിരുന്നു നിയമനിർമ്മാണത്തിന് അനുകൂലമായി ഉയർന്ന ചോദ്യം.

 


ഇതുകൂടി വായിക്കൂ: സിവിൽ സർവീസിന്റെ അനിവാര്യത


 

ഇത്രയും വിപ്ലവാത്മകമായ നിയമത്തിന്റെ പല്ല് തല്ലിക്കൊഴിച്ച്, നഖം പിഴുതെറിഞ്ഞ് വെറും നാമമാത്രമായ നിയമമാക്കി മാറ്റാൻ ഭരണവർഗം നടത്തിവരുന്ന ശ്രമങ്ങൾ നാൾക്ക് നാൾ വിജയിച്ചുക്കൊണ്ടിരിക്കുകയാണ്. നരേന്ദ്രമോഡി 2014 ൽ അധികാരമേറ്റെടുത്ത ശേഷം ലോക്പാൽ, വിവരാവകാശ നിയമങ്ങളെ വന്ധ്യംകരിക്കുന്നതിൽ അസാമാന്യ മെയ്‌വഴക്കം പ്രകടിപ്പിച്ചു. വിവരങ്ങളറിയാവുന്ന പൗരന്റെ ശക്തി ഒരു ഭരണകൂടത്തിനും സഹിക്കാവുന്നതല്ല. തങ്ങളുടെ അധികാരശക്തിക്ക് അത് ഭീഷണിയാകുമെന്നതിനാലാണ് ഈ അസ്വസ്ഥത. ഒന്നാം യുപിഎ സർക്കാരാണ് ഈ നിയമം പാസാക്കിയതെങ്കിലും ആ സർക്കാരിനും പിന്നീട് വന്ന രണ്ടാം യുപിഎ സർക്കാരിനും ഈ നിയമം കൊണ്ടുണ്ടായ അലോസരം, ഈ നിയമത്തോട് യു പി എ സർക്കാരിൽ തന്നെ അമർഷം ഉയർത്തിയിരുന്നു. യുപിഎ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ പരമ്പര തന്നെ സ്യഷ്ടിച്ച് മുതലെടുത്ത് അധികാരത്തിൽ വന്ന നരേന്ദ്രമോഡി അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ ആയുധമായ വിവരാവകാശനിയമത്തിന്റെ കടയ്ക്ക് തന്നെ കോടാലി വയ്ക്കുന്ന നടപടികളാണ് തുടക്കം മുതൽ എടുത്തുവന്നത്. ഇതിലൂടെ തങ്ങൾക്കെതിരെ ഉയർന്നുവരാവുന്ന എല്ലാ നീക്കങ്ങളേയും ഇല്ലാതാക്കി, തങ്ങളുടെ നില ഭദ്രമാക്കലായിരുന്നു ലക്ഷ്യം. വിവരാവകാശ കമ്മിഷണർമാരെ നിയമിക്കുന്നതിൽ അലംഭാവം വരുത്തിക്കൊണ്ടാണ് ഈ നിയമത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ആദ്യനീക്കം മോഡിസർക്കാർ നടത്തിയത്. പൊതുജനങ്ങളുടെ അപേക്ഷകളിന്മേൽ സർക്കാർ എടുക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെ, സമീപിക്കാനുള്ള അപ്പീലധികാരികളെ തന്നെ ഇല്ലാതാക്കിയാൽ പിന്നെയെവിടെനിന്നാണ് പൗരന് നീതി ലഭിക്കുക? വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ നശിപ്പിക്കുന്ന തരത്തിൽ വിവരാവകാശ കമ്മിഷണർമാരെ നിയമിക്കാത്ത നടപടിക്കെതിരെ നീതിപീഠങ്ങളെ സമീപിച്ചു തുടങ്ങിയപ്പോഴാണ് സർക്കാർ ഒന്ന് അനങ്ങിയത്. അതോടെ വിവരാവകാശ കമ്മിഷണർമാരെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുള്ള മാർഗങ്ങൾ സർക്കാർ എടുത്ത് തുടങ്ങി. വിവരാവകാശ കമ്മിഷണർമാരുടെ സേവന കാലാവധി, സേവന‑വേതന വ്യവസ്ഥകൾ എന്നിവ ക്യത്യമായി നിർവചിക്കപ്പെട്ടതായിരുന്നു മൂലനിയമമെങ്കിൽ, 2019 ൽ മോഡിസർക്കാർ കൊണ്ടുവന്ന ഒരു ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് ഇതെല്ലാം നിര്‍ണയിക്കുന്നതിന് അധികാരം ലഭിച്ചിരിക്കുകയാണ്. വിവരാവകാശ കമ്മിഷണർമാരെ തങ്ങളുടെ ചൊ­ൽപ്പടിക്ക് നിർത്താനും, അവരുടെ തലയ്ക്കുമുകളിൽ ഡെമോക്ലിസിന്റെ വാൾ നിർത്തി അപ്പീലുകളിന്മേൽ സർക്കാരിന് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനുമാണിത്. വ്യക്തികൾക്കനുസരിച്ച് സേവന‑വേതന കാലവധിയും, പെൻഷനും നിശ്ചയിക്കപ്പെടുന്ന ഈ പുതിയ ഏർപ്പാട് അതിനല്ലാതെ പിന്നെന്തിനാണ്? .

വിവരാവകാശനിയമം നിലനിൽക്കുന്നത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾ തന്നെ കൈവശമില്ലാതാക്കുന്ന പുതിയ തന്ത്രമാണ് സർക്കാർ ഇപ്പോൾ പല കാര്യങ്ങളിലും പയറ്റുന്നത്. ഔദ്യോഗികരേഖകൾ ലഭ്യമാകാത്തിടത്ത്, അല്ലെങ്കിൽ സൂക്ഷിക്കാത്തിടത്ത് വിവരാവകാശ നിയമം നോക്കുകുത്തിയാകുമല്ലോ. പല വിവരങ്ങളുടെയും കാര്യത്തിൽ ഇപ്പോൾ പാർലമെന്റിൽപ്പോലും മോഡിസർക്കാർ കൈമലർത്തുകയാണ്. എത്ര പേർ ഓക്സിജൻ കിട്ടാതെ മരിച്ചുവെന്ന കാര്യത്തിലും, എത്ര അതിഥിത്തൊഴിലാളികൾ മരിച്ചുവെന്ന കാര്യത്തിലും വിവരങ്ങൾ ലഭ്യമല്ല എന്ന ഒഴുക്കൻ മറുപടി നൽകി വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘ഹൗസ് ഹോൾഡ് കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേ’ തന്നെ നിർത്തിവയ്ക്കുകയും നേരത്തെ ലഭിച്ച സർവേഫലം തെറ്റാണെന്ന് പറഞ്ഞ് പുറത്തുവിടാതിരിക്കുകയും ചെയ്യുന്ന നടപടിയും ഇത്തരം തന്ത്രങ്ങളുടെ ഭാഗമാണ്. തൊഴിലില്ലായ്മ സർവേയുടെ സ്ഥിതിയും തഥൈവ.

 


ഇതുകൂടി വായിക്കൂ: ജനപ്രതിനിധികളും ജനങ്ങളും അറിയാൻ


 

പി എം കെയേഴ്സ് ഫണ്ട്, ഒരു സ്വകാര്യ ട്രസ്റ്റാണെന്ന് പറയുന്ന കേന്ദ്രസർക്കാർ, കമ്പനി നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്ത് പി എം കെയേഴ്സ് ഫണ്ടിലേക്ക് കുത്തകകളുടെ സിഎസ്ആർ ഫണ്ട് വാങ്ങാമെന്ന അവസ്ഥ വരുത്തിയിരിക്കുകയാണ്. പി എം കെയേഴ്സ് ഫണ്ട് വിവരാവകാശനിയമത്തിന്റെ പരിധിക്കപ്പുറത്താണെന്നും പറഞ്ഞ് ഇതു സംബന്ധിച്ച അപേക്ഷകൾ നിരസിക്കുന്ന മോഡിസർക്കാർ വിവരാവകാശനിയമത്തെ തന്നെ കശാപ്പ് ചെയ്യുകയാണ്. നരേന്ദ്രമോഡിയുടെ ബിരുദത്തെ സംബന്ധിച്ച ദുരൂഹത ഇന്നും തുടരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന അപേക്ഷ, അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖാനിച്ച് നിരസിച്ചിരിക്കുകയാണ്. വർഷംതോറും കൺവൊക്കേഷനുകൾ നടത്തുകയും, ബിരുദധാരികളുടെ പേരുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന യൂണിവേഴ്സിറ്റികളുള്ള ഇന്ത്യയിലാണ് ഇതും നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ഏറെ ഭീഷണികളാണ് വിവരാവകാശ പ്രവർത്തകരും, അപേക്ഷകരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വന്നതിന് ശേഷം ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ മാത്രം നൂറോളം പേർ കൊലചെയ്യപ്പെട്ടു, വളരെയേറേ പേർ ആക്രമിക്കപ്പെട്ടു. വിവരാവകാശ പ്രവർത്തകർക്കും അപേക്ഷകർക്കും മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിയമനിർമ്മാണം അത്യാവശ്യമായിരിക്കുകയാണിന്ന്. വിവരാവകാശ പ്രവർത്തകരേയും, അപേക്ഷകരേയും സർക്കാർ തന്നെ ശത്രുക്കളായി കാണുകയും, പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്ന പ്രവണതയും കൂടിവരുന്നുണ്ട്. വിവരാവകാശ പ്രവർത്തകരേയും, അപേക്ഷകരേയും ശത്രുതാമനോഭാവത്തോടെ കാണുന്ന പ്രവണതയും അവർ കൊല്ലപ്പെടുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് “നമ്മുടെ രാജ്യത്ത് ഒരു പ്രശ്നമുണ്ട്. എന്തിനേയും ചോദ്യം ചെയ്യുന്ന ഒരു സംസ്കാരം രാജ്യത്ത് വളർന്നു വരുന്നു” എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം അക്രമികൾക്ക് പ്രോത്സാഹനമാണ് നൽകുന്നത്.

ഭരണസിരാകേന്ദ്രത്തിലെ അപ്രാപ്യമായിരുന്ന രേഖകളിലേക്ക് കടന്നുചെല്ലാനും, പ്രതികരിക്കാനും പൗരന് അവകാശം ലഭിച്ച ഈ മഹത്തായ നിയമനിർമ്മാണത്തിന്റെ പതിനാറാം വാർഷികം, ആ നിയമത്തിന്റെ ഏതാണ്ട് പതിനാറടിയന്തിരം ആചരിക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന മോഡിസർക്കാർ നടപടികൾക്കെതിരെ വിവരാവകാശ പ്രവർത്തകർ മാത്രമല്ല പൊതുസമൂഹം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന് കാലികപ്രാധാന്യമുണ്ട്.

 

You may like this video also