March 24, 2023 Friday

വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

Janayugom Webdesk
ന്യൂഡൽഹി
March 27, 2020 8:28 pm

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ പരിപാലന രംഗം മെച്ചപ്പെടുത്താനുള്ള നടപടികളുമായി മോഡി സർക്കാർ. കൂടുതൽ വെന്റിലേറ്ററുകൾ നിർമ്മിക്കണമെന്ന് വിവിധ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വെന്റിലേറ്ററുകൾ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി തന്നെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള സാങ്കേതിക സാഹചര്യങ്ങൾ പ്രകാരം പ്രതിമാസം 5,500 വെന്റിലേറ്റർ യൂണിറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയും.

എന്നാൽ 15,000 യുണിറ്റുകളായി വർധിപ്പിക്കാനാണ് പുതിയ നിർദ്ദേശം. കഴിഞ്ഞ മാസം 2,700 യൂണിറ്റുകളാണ് ആകെ നിർമ്മിച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ യൂണിറ്റുകളുടെ നിർമ്മാണം വർധിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുന്നത്. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 40,000 വെന്റിലേറ്ററുകളാണുള്ളത്. വിദേശരാജ്യങ്ങളിലെ കൊറോണ വ്യാപനത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ ഇത് 40 ലക്ഷമായി വർധിപ്പിക്കണമെന്ന നിർദ്ദേശമാണ് ഐസിഎംആർ കേന്ദ്ര സർക്കാരിന് നൽകിയിട്ടുള്ളത്.

മറ്റ് രോഗബാധിതരെ ശരാശരി രണ്ടോ മൂന്നോ ദിവസമാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാറുള്ളത്. എന്നാൽ കൊറോണ ബാധിച്ച ഒരു രോഗിയെ 21 ദിവസം വെന്റിലേറ്റർ സൗകര്യം ലഭ്യമാക്കണം. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം വെന്റിലേറ്ററുകൾ ലഭ്യമാക്കുകയെന്നത് ഭഗീരഥ പ്രയത്നമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. രാജ്യത്ത് നിർമ്മിക്കുന്ന വെന്റിലേറ്ററുകളുടെ ഭൂരിഭാഗം ഭാഗങ്ങളും യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. ഇക്കാര്യം ഉല്പാദന കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സമർപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

Eng­lish Sum­ma­ry: Cen­tral gov­ern­ment directs com­pa­nies to man­u­fac­ture ventilators

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.