March 26, 2023 Sunday

വിദേശത്തു നിന്ന് മൃതദേഹം കൊണ്ടുവരാൻ കേന്ദ്രം മാർഗനിർദേശം തയ്യാറാക്കി

Janayugom Webdesk
ന്യൂഡൽഹി
April 28, 2020 9:09 pm

വിദേശത്ത് മരിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യുഎഇയിൽ മരിച്ച പൗരനെ നാട്ടിലെത്തിക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ് ആണ് വീഡിയോ കോൺഫ്രൻസിലൂടെ ഹർജി പരിഗണിച്ചത്. ഉത്തരാഖണ്ഡിലെ ടെഹ്‌രിയിലെ കമലേഷ് ഭട്ട് ആണ് ഹൃദയാഘാദത്തെ തുടർന്ന് അബുദാബിയിൽ ഏപ്രിൽ 17ന് മരിച്ചത്. മൃതദേഹം ഏപ്രിൽ 27ന് ഇത്തിഹാദ് എയർ സർവീസിൽ ഇന്ത്യയിലേക്കയച്ചു. പ­ക്ഷേ, അത് ഇന്ത്യയിൽ ഇറക്കാൻ എ­യർപോർട്ട് അധികൃതർ അനുമതി നൽകിയില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ വിമലേഷ് ഭട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

മൃതദേഹം ഇന്ത്യയിൽ കൊണ്ടുവരുന്നതിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം. കമലേഷിന്റെ മൃതദേഹത്തിന്റെ അവസ്ഥ അറിയാൻ അബുദാബിയിലെ എംബസി വഴി അന്വേഷണം നടത്താൻ കേന്ദ്രം സമയം ആവശ്യപ്പെട്ടു. അതിനിടയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് മൃതദേഹം ഇന്ത്യയിലെത്തിക്കാനായി. ഹർജിക്കാരന്റെ ആവശ്യം നിവർത്തിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കാൻ ഹൈക്കോടതി അനുവദിച്ചു. ഉത്തരാഖണ്ഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും യുഎഇയിലെ സാമൂഹികപ്രവർത്തകൻ റോഷൻ റത്തൂരിയുടെയും സഹായത്താലാണ് മൃതദേഹം ഉത്തരാഖണ്ഡിൽ എത്തിക്കാനായത്. അവിടെ കുടുംബം അന്ത്യകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തിരുന്നു. ഈ പരാതിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ സൂചിപ്പിച്ചുകൊണ്ടുളള മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതുപോലുളള കേസുകളിൽ മൃതദേഹം കൊണ്ടുവരാൻ ഇനി മുതൽ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

Eng­lish Sum­ma­ry:  Cen­tral gov­ern­ment  guide­lines for bring­ing the body from abroad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.