
വോട്ട് ചോരി ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ ദിവസം റോഡ്ഷോയ്ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പര്യടനം. ‘അടുത്തതായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ 2029ല്‍ ഇവരുടെ ഭരണകാലാവധി അവസാനിക്കുമെന്ന് നമുക്ക് അറിയാം. എല്ലാവര്‍ക്കും ഒരേസമയത്ത് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നതാണ് ഇവരുടെ ആശയം. അങ്ങനെയെങ്കില്‍ എളുപ്പത്തില്‍ ആളുകളെ പറ്റിക്കാമല്ലോ. ഇതിന്റെ പേരെന്താണ്? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമല്ലെ’ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് ചോദിച്ചു.
‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസര്‍ക്കാര്‍ ആശയത്തെ വിജയ് ശക്തമായി വിമർശിച്ചു, ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വോട്ടര്‍ ഐഡിയില്‍ വീട്ടുനമ്പര്‍ പൂജ്യം എന്നെഴുതിയതടക്കമുള്ള തട്ടിപ്പുകള്‍ നമ്മള്‍ കണ്ടതാണല്ലോ എന്നും എത്ര മോശമായ കാര്യമാണ് അവര്‍ ചെയ്യുന്നതെന്ന് നോക്കൂ എന്നും വിജയ് പറഞ്ഞു. പ്രത്യേകിച്ച് തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുക എന്ന ആശയം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുക മാത്രമല്ല, സംസ്ഥാന സർക്കാരുകളുടെ പിരിച്ചുവിടലിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിജയ് വാദിച്ചു. അത്തരമൊരു നീക്കം തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.