കേന്ദ്ര സർക്കാർ വിദ്യാഭ്യാസം പൂർണമായും ഓൺലൈനിലാക്കുന്നു

Web Desk

ന്യൂഡൽഹി

Posted on August 12, 2020, 11:01 pm

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ ഓൺലൈൻ അടിസ്ഥാനത്തിലേയ്ക്ക് മാറ്റുന്നതിന് കേന്ദ്ര നീക്കം. ആദ്യഘട്ടമായി ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവ ഓൺലൈൻ ക്ലാസുകൾ മാത്രമായി സജ്ജീകരിക്കുന്നതിന് കേന്ദ്രസർക്കാർ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) എന്നിവയോട് നിർദ്ദേശങ്ങൾ ക്ഷണിച്ചു. ക്ലാസുകളിൽ ഇരുന്നുള്ള പഠനം പൂർണമായും ഒഴിവാക്കുന്നതിനാണ് കേന്ദ്ര നീക്കമെന്നാണ് ദേശീയ മാധ്യമം പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. ഇത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് സഹായകമാവുമെന്നാണ് സർക്കാർ കരുതുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസും നിതിആയോഗുമാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ യുജിസിയോടും എഐസിടിഇയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായുള്ള രൂപരേഖ തയ്യാറാക്കുന്നതിന് എഐസിടിഇ അധ്യക്ഷൻ അനിൽ സഹസ്രാബ്‌ധെ, യുജിസി ഉപാധ്യക്ഷൻ ഡോ.എം പി പുനിയ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യൻവിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതിന് ഡിജിറ്റൽ അടിത്തറ ഉണ്ടാക്കുക, അത്യാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ കാര്യങ്ങളാണ് ഈ രണ്ട് വിദഗ്ധരെയും ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എഐസിടിഇ ഉപാധ്യക്ഷൻ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കത്ത് നല്കിയിട്ടുമുണ്ട്. പഠന ‑ഗവേഷണ സ്ഥാപനങ്ങളെ ഡിജിറ്റൽ അടിസ്ഥാനത്തിലേയ്ക്ക് മാറ്റുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രാഥമിക ചുമതലകൾ എന്നിവയും കത്തിൽ ആരാഞ്ഞിട്ടുണ്ട്.

കോവിഡിനെ തുടർന്ന് ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യം ഉപയോഗിച്ച് ഓൺലൈൻ വിദ്യാഭ്യാസം ഏർപ്പെടുത്തുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്.

Eng­lish sum­ma­ry: cen­tral gov­ern­ment is mak­ing edu­ca­tion com­plete­ly online

You may also like this video: