28 March 2024, Thursday

Related news

March 3, 2024
October 11, 2023
October 10, 2023
August 20, 2023
May 25, 2023
May 16, 2023
May 13, 2023
January 31, 2023
January 2, 2023
December 23, 2022

പൗരന്മാരെ പരീക്ഷണ വസ്തുക്കളാക്കി കേന്ദ്രം; വാക്സിൻ കയറ്റുമതി അഴിമതിയില്‍

അര്‍ജുൻ അനി
ന്യൂഡല്‍ഹി
November 13, 2021 4:03 pm

ആത്മനിര്‍ഭര്‍ ഭാരത് എന്ന് കേന്ദ്രം അഭിമാനഭൂരിതമാകുമ്പോഴും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്റെ ഫലപ്രാപ്തിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലും വിശ്വാസമില്ലെന്ന് റിപ്പോര്‍ട്ട്. നിസാരമായ കരുതുന്ന തലവേദനയ്ക്ക് പോലും നല്‍കുന്ന മരുന്നുകള്‍ നിരവധി പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയാണ് വിപണികളിലെത്തുന്നത്. എന്നാല്‍ തട്ടികൂട്ട് പരീക്ഷണങ്ങള്‍ക്കൊടുവില്‍ ജനങ്ങള്‍ക്ക് മേല്‍ കെട്ടവെയ്ക്കാൻ നോക്കുന്ന കോവാക്സിൻ സ്വീകരിക്കാൻ ഇപ്പോള്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലും തയ്യാറല്ല. 

ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവാക്സിൻ സ്വീകരിക്കാനായി വിസമ്മതിച്ചത്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെടുന്ന വാക്സിന്‍ ഫലപ്രാപ്തിയില്‍ വിശ്വാസമില്ലാത്തതിനാലാണ് ഡോക്ടര്‍മാര്‍ കോവാക്സിനെ കണ്ണുുംപൂട്ടി തള്ളിയത്. 

വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. വിദേശത്തേക്ക് പോകുന്നവരില്‍ രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളും ഇക്കാരണത്താല്‍ കോവിഷീല്‍ഡ് വാക്സിനാണ് തെരഞ്ഞെടുത്തിരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതിനാല്‍ കോവാക്സിന്‍ പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാതെ തന്നെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കുകയായിരുന്നു. രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ കോവാക്സിൻ സ്വീകരിച്ച പ്രവാസികള്‍ അടക്കമുളള നിരവധി പേര്‍ക്ക് വിദേശ യാത്രകള്‍ നടത്താൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴും കേന്ദ്ര സര്‍ക്കാര്‍ മൗനം നടിച്ചു. ബ്രസീലുമായി നടത്തിയ കോവാക്സിൻ ഇടപാടിലെ കോടികളുടെ അഴിമതി വിവരം പുറത്തായതും മോഡി സര്‍ക്കാരിന്റെ വാക്സിൻ നയത്തിന്റെ ഏറ്റവും വലിയ പാളിച്ചയായാണ് കണക്കാക്കപ്പെടുന്നത്. 

അതേസമയം, കോവാക്സിന്റെ കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി നീട്ടിയതായി ഭാരത് ബയോടെക് അവകാശപ്പെടുന്നു. നിലവില്‍ വാക്സിൻ സ്വീകരിക്കുന്നവരില്‍ ഒരു വലിയ ശതമാനം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡാണ് പരിഗണിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ഡോസ് കോവാക്സിൻ ഇപ്പോഴും രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുകയാണ്. അതോടൊപ്പം തന്നെ നിലവിലെ കാലാവധി കഴിഞ്ഞ കോവാക്സിൻ ഡോസുകള്‍ വാക്സിനെടുക്കാൻ വരുന്ന സാധാരണക്കാരനെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ അവര്‍ മറ്റ് വാക്സിൻ സ്വീകരിക്കാൻ താത്പര്യപ്പെടുമെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ കൂട്ടികളില്‍ കോവാക്സിൻ നല്‍കാനൊരുങ്ങുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തതെന്നത് അമ്പരപ്പിക്കുന്നതാണ്. മുതിര്‍ന്നവരില്‍ പോലും പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാക്കാത്ത കോവാക്സിൻ ഇപ്പോള്‍ കുട്ടികളില്‍ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുയാണ് കേന്ദ്രം. എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ പൗരന്മാരെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയും വാക്സിൻ കയറ്റുമതിയിലൂടെ കോടികളുടെ അഴിമതി നടത്തുകയും ചെയുന്ന മോഡി സര്‍ക്കാരിന്റെ കപട മുഖമാണ് ഇവിടെ വെളിവാകുന്നത്. 

Eng­lish Sum­ma­ry : cen­tral gov­ern­ment mak­ing indi­ans lab rats

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.