Web Desk

ന്യൂഡൽഹി

October 20, 2020, 9:44 pm

അഞ്ച് പരിസ്ഥിതി ഗവേഷക സ്ഥാപനങ്ങളെ പിരിച്ചുവിടാൻ കേന്ദ്രസർക്കാർ

Janayugom Online

കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് കാലാവസ്ഥാ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രധാന പരിസ്ഥിതി ഗവേഷക സ്ഥാപനങ്ങളെ പിരിച്ചുവിടാൻ മോഡി സർക്കാർ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി. ഗവേഷക സ്ഥാപനങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കികൊണ്ട് സമയബന്ധിതമായി സ്ഥാപനങ്ങളെ പിരിച്ചുവിടാനാണ് ശുപാർശ. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ) ഡെറാഡൂൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐഐഎഫ്എം) ഭോപ്പാൽ, ഇന്ത്യൻ പ്ലൈവുഡ് ഇൻഡസ്ട്രീസ് റിസർച്ച് ആന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരു, സിപിആർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ സെന്റർ ചെന്നൈ, എന്നീ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന ഫണ്ടാണ് നിർത്തലാക്കുന്നത്. ഇതുസംബന്ധിച്ച മെമ്മോറാണ്ടം കാബിനറ്റ് ജോയിന്റ് സെക്രട്ടറി അഷുതോഷ് ജിൻഡാൽ പുറത്തിറക്കി.

പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ വരുന്ന 16 സ്വയംഭരണ ഗവേഷക സ്ഥാപനങ്ങളുടെ അവലോകനത്തിനു ശേഷമാണ് ഈ നടപടി. പൊതു ഫണ്ടുകളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിനു പിന്നിലുള്ളതെന്നാണ് കേന്ദ്ര വാദം. രണ്ടു ഘട്ടങ്ങളിലായാണ് പിരിച്ചു വിടൽ നടക്കുക എന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. ആദ്യഘട്ടത്തിൽ സമയബന്ധിതമായി സ്ഥാപനങ്ങൾക്കു നൽകി വരുന്ന സർക്കാർ പിന്തുണ പിൻവലിക്കും. സ്ഥാപനങ്ങൾക്കായി വകമാറ്റിയിരിക്കുന്ന തുകയുടെ 25 ശതമാനം ഓരോ വർഷവും വെട്ടിക്കുറച്ച് മൂന്നു വർഷത്തിനുള്ളിൽ ഇവ പിരിച്ചുവിടണമെന്നാണ് ശുപാർശയിലുള്ളത്.

ഡബ്ല്യുഐഐ, ഐഐഎഫ്എം എന്നിവയെ സ്വയം ഭരണ സ്ഥാപനങ്ങളോ കൽപ്പിത സർവകലാശാലകളോ ആക്കി മാറ്റാനും ശുപാര്‍ശയുണ്ട്. എന്നാൽ 2017 മുതൽ കേന്ദ്രം ഫണ്ട് അനുവദിക്കാത്ത സിപിആർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ സെന്റർ, സിഇഇ എന്നിവയെ പൂർണമായും പിരിച്ചുവിടും. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കോയമ്പത്തൂരിലെ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആന്‍ഡ് നാചുറൽ ഹിസ്റ്ററിയെ പൂർണമായി വകുപ്പിന്റെ കീഴിൽ കൊണ്ടുവരും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര മൃഗശാലാ അതോറിറ്റി, ദേശീയ കടുവ സംരക്ഷണ കേന്ദ്രം, ദേശീയ ജൈവവൈവിധ്യ അതോറിറ്റി എന്നിവ മന്ത്രാലയത്തിന് കീഴില്‍ തുടരുമെങ്കിലും ഇവയെ സ്വന്തമായി ഫണ്ട് കണ്ടെത്തി പ്രവര്‍ത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുമെന്നും പറയുന്നു.

Eng­lish sum­ma­ry; cen­tral gov­ern­ment new updation

You may also like this video;