Web Desk

കൊച്ചി

April 27, 2020, 9:06 pm

കൊച്ചി തുറമുഖത്തിന് വിനയായി കേന്ദ്ര ഉത്തരവ്

Janayugom Online

കോവിഡ് ബാധ്യതയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ടെർമിനൽ ഓപ്പറേറ്റർമാർക്കും കപ്പൽ കമ്പനികൾക്കുമുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത മേജർ തുറമുഖങ്ങൾ വഹിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കൊച്ചി തുറമുഖത്തെ കടുത്ത കടക്കെണിയിലാക്കും.  ഇന്ത്യയിലെ 13 മേജർ തുറമുഖങ്ങളിൽ മുംബൈ, ഗോവ എന്നിവയെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കൊച്ചി തുറമുഖത്തിന് 100 കോടി രൂപയോളം അധിക സാമ്പത്തിക സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാർ എല്ലാ മാസവും തുറമുഖത്തിന് നൽകാൻ ബാധ്യസ്ഥമായ വരുമാന വിഹിതം, തുറമുഖ ഉപഭോക്താക്കൾ നൽകേണ്ട ഭൂമിയുടെ വാടക, കെട്ടിടങ്ങളുടെയും ഗോഡൗണുകളുടെയും വാടക, കപ്പൽ കമ്പനികൾക്ക് വിവിധ തരത്തിൽ ഭീമമായ സൗജന്യം, മിനിമം ഗ്യാരണ്ടി വ്യവസ്ഥ പ്രകാരം പുതിയ കമ്പനികൾ നൽകേണ്ട വിഹിതം വേണ്ടെന്നു വെക്കൽ ഉൾപ്പെടെ കൊച്ചി തുറമുഖത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കി സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാക്കാൻ ഇടയാക്കുന്ന ഉത്തരവാണ് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം ഏപ്രിൽ 21 ന് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു മാസക്കാലം ഇളവുകൾ തുടരുകയും വേണം.
കൊച്ചി തുറമുഖത്തിന്റെ ജനറൽ റിസർവ് ഫണ്ട് കേവലം 35 കോടിയോളം മാത്രമാണ് ഉള്ളത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകുന്നതിനും തുറമുഖത്തിന്റെ മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കും വേണ്ടി പ്രയാസം നേരിടുന്ന സന്ദർഭത്തിലാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് വന്നിട്ടുള്ളത്. കപ്പൽ ചാലിന്റെ ആഴം നിലനിർത്താൻ ചെളി നീക്കൽ പ്രക്രിയ നിരന്തരം നടത്തിക്കൊണ്ടിരിക്കയാണ്. ഇതിനാവശ്യമായ ചിലവും തുറമുഖം വഹിക്കുകയാണ്. കൊച്ചി തുറമുഖത്തിന് ഉണ്ടായേക്കാവുന്ന 100 കോടി രൂപയുടെ ബാധ്യത കേന്ദ്ര സർക്കാർ നൽകമെന്നും തുറമുഖം കേന്ദ്രത്തിന് നൽകാനുള്ള 557 കോടി രൂപ എഴുതി തള്ളണമെന്നും കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറം ജനറൽ കൺവീനർ സി ഡി നന്ദകുമാർ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: cen­tral gov­ern­ment order affect cochin port

You may also like this video