ബേബി ആലുവ

കൊച്ചി:

November 18, 2020, 9:54 pm

കയറ്റുമതി മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കുടിശിക 10000 കോടി

Janayugom Online

ബേബി ആലുവ

കേരളത്തിൽ നിന്നുള്ള ചരക്കു വിമാനങ്ങൾ നിർത്തലാക്കി പ്രതിസന്ധി സൃഷ്ടിച്ചതിനു പിന്നാലെ കയറ്റുമതി മേഖലയ്ക്ക് ഇരട്ടപ്രഹരമായി കയറ്റുമതി പ്രോത്സാഹന ആനുകൂല്യങ്ങളിൽ വൻ തുക കുടിശിക വരുത്തി കേന്ദ്ര സർക്കാർ. ഈ ഇനത്തിൽ 10,000 കോടിയിലേറെ രൂപ സർക്കാരിൽ നിന്നു കിട്ടാനുണ്ടെന്നാണ് കയറ്റുമതി വ്യാപാരികളുടെ കണക്ക്. മർച്ചൻഡൈസ് എക്സ്പോർട്ട് ഫ്രം ഇന്ത്യ സ്കീം (എംഇ ഐഎസ്) പ്രകാരം ലഭിച്ചിരുന്ന ആനുകൂല്യങ്ങളിലാണ് മാസങ്ങളായി മുടക്കം വന്നിട്ടുള്ളത്. 8000‑ത്തിലധികം വസ്തുക്കളുടെ കയറ്റുമതിക്കാണ് പദ്ധതി പ്രകാരം പ്രോത്സാഹന ആനുകൂല്യങ്ങൾ നൽകി വന്നിരുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായ മേഖലയിലെ കയറ്റുമതി വ്യാപാരികളാണ് റീഫണ്ട് കിട്ടാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. സമുദ്രോല്പന്ന കയറ്റുമതിക്കാർ മുതൽ കയർ ഉല്പന്ന വ്യാപാരികൾ വരെ ഇതിൽപ്പെടും. വായ്പയെടുത്ത് വ്യാപാരം ചെയ്യുന്ന ചെറുകിട കയറ്റുമതിക്കാർ, ആനുകൂല്യങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായതോടെ നിലവിലുള്ള വായ്പയ്ക്കു പുറമെ, കൂടുതൽ പലിശ നൽകി വീണ്ടും വായ്പയെടുക്കേണ്ട അവസ്ഥയിലാണ്.

പ്രവർത്തന മൂലധനമില്ലാത്തതിന്റെ ഫലമായി കയറ്റുമതിക്കുള്ള പുതിയ ഓർഡറുകൾ വേണ്ടെന്നു വയ്ക്കുന്നവരും ഏറെയുണ്ട്. ഈ വർഷം ഡിസംബർ അവസാനത്തോടെ എംഇഐഎസ് അവസാനിക്കും. തുടർന്ന് കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നടപടിയെ സംബന്ധിച്ച് വ്യക്തതയില്ലാതെ കയറ്റുമതി വ്യാപാരി സമൂഹം കടുത്ത ആശങ്കയിലുമാണ്. 2015‑ലായിരുന്നു പദ്ധതിയുടെ തുടക്കം. അടുത്ത കാലത്ത് കേരളത്തിൽ നിന്നുള്ള വിദേശ ചരക്കു വിമാനങ്ങൾ നിർത്തലാക്കി കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കൂടുതൽ വഷളാക്കിയിരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഖത്തർ എയർവെയ്സ് എന്നീ ചരക്കു വിമാനങ്ങളാണ് സെപ്റ്റംബർ 15 മുതൽ നിർത്തലാക്കിയത്. അതേസമയം ഈ വിമാനങ്ങൾക്ക് ബംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം നിലനിർത്തുകയും ചെയ്തു.

ഇതോടെ കേരളത്തിൽ നിന്നു വിദേശത്തേക്കുള്ള കയറ്റുമതി ഏതാണ്ട് പൂർണ്ണമായിത്തന്നെ നിലയ്ക്കുകയും കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറികൾ തുടങ്ങിയവ കയറ്റുമതിക്കായി റോഡ് മാർഗ്ഗം ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ എത്തിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. കൊച്ചി തുറമുഖത്ത് കപ്പൽക്കമ്പനികൾ തോന്നുംപോലെ അടിക്കടി നിരക്കു വർധിപ്പിക്കുന്നതിൽ കേന്ദ്രം പുലർത്തുന്ന ഉദാസീനതയ്ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു കേരളത്തിൽ നിന്നുള്ള വിദേശ ചരക്കു വിമാനങ്ങൾ നിർത്തലാക്കിയ നടപടി.

ENGLISH SUMMARY: Cen­tral gov­ern­ment owes Rs 10000 crore to exports

YOU MAY ALSO LIKE THIS VIDEO