May 28, 2023 Sunday

കേന്ദ്രസർക്കാരിന്റെ കടൽക്കൊള്ള

ആര്‍ പ്രസാദ്
March 4, 2023 4:00 am

കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടൽ മേഖലയാകെ അളന്ന് വിൽക്കുവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. കടലിനെ ഏഴു മേഖലകളായി തിരിച്ചു കൊണ്ടാണ് നയം നടപ്പിലാക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് കടലിലെ ഖനനമാണ്. ആഴക്കടലും തീരക്കടലും സ്വകാര്യ കമ്പനികൾക്ക് നൽകിക്കൊണ്ട് പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശം. നിലവില്‍ കടലിലെ ഖനനവുമായി ബന്ധപ്പെട്ട 2002ലെ കടൽ മേഖല ധാതുക്കൾ വികസനവും നിയന്ത്രണവും നിയമം ഭേദഗതി ചെയ്തുകൊണ്ട് എത്രയും വേഗം ഇത് നടപ്പിലാക്കുവാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പതിന് കേന്ദ്ര ഖനി മന്ത്രാലയം ഒരു പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അത് പ്രകാരം രാജ്യത്ത് നിലനിൽക്കുന്ന 2002ലെ കടൽ ഖനന നിയമം ഭേദഗതി ചെയ്തുകൊണ്ട് മത്സരാധിഷ്ഠിത ലേലത്തിലൂടെ കടൽ മേഖല ആകെ പല ബ്ലോക്കുകളായി തിരിച്ചു കൊണ്ട് സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകുവാനാണ് നിർദേശിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കണക്കുകൾ പ്രകാരം ഇന്ത്യയുടെ കടലിൽ വിവിധതരം ധാതു നിക്ഷേപങ്ങളെ സംബന്ധിക്കുന്ന കണക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 


ഇതുകൂടി വായിക്കു: പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ല


അതനുസരിച്ച് ഒഡിഷ, ആന്ധ്രാപ്രദേശ്, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഘന ധാതുക്കളും (ലോഹ മണൽ) ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ ചുണ്ണാമ്പ് നിക്ഷേപവും കേരളത്തിന്റെ തീര കടലിലും പുറത്തും നിർമ്മാണത്തിന് ആവശ്യമായ മണലും ലഭ്യമാണ് എന്ന് വ്യക്തമാക്കുന്നു. 79 ദശലക്ഷം ടൺ ലോഹമണലും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം നിർമ്മാണത്തിന് ആവശ്യമായ മണലും കടലിൽ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പരമാവധി ഖനനം ചെയ്തെടുക്കുവാൻ നിലവിലെ നിയമം വളരെയധികം തടസങ്ങൾ സൃഷ്ടിക്കുന്നു എന്നും ഖനനം എളുപ്പത്തിൽ ആക്കുവാൻ നിയമ ഭേദഗതി ആവശ്യമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് ലേലത്തിലൂടെ ഈ കടൽ മേഖലയെ ആകെ പതിച്ചു നൽകുവാനാണ് കേന്ദ്രസർക്കാർ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ നിയമ ഭേദഗതിക്കുമേൽ പൊതുജനങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഇതുമായി ബന്ധപ്പെട്ട ജീവിക്കുന്ന ജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തുവാൻ മാർച്ച് 11 വരെ സമയം അനുവദിച്ചിരിക്കുകയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എന്ത് വിഷയവും പൊതുജനങ്ങൾക്ക് മനസിലാവുന്ന പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണം എന്ന് കോടതി വിധികൾ ഉള്ളപ്പോഴാണ് കേന്ദ്ര മൈനിങ് മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിപ്പ് ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 


ഇതുകൂടി വായിക്കു:  സുപ്രീം കോടതിയുടെ സുപ്രധാന വിധി


 

നിലവിലെ നിയമം ഭേദഗതി ചെയ്തുകൊണ്ട് തീരക്കടലും ആഴക്കടലും ബ്ലോക്കുകളായി തിരിച്ച് സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്തു കൊടുക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഈ രീതിയിൽ കടൽ ഖനനം സ്വകാര്യ കമ്പനികൾക്ക് കൈമാറിയാൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കും എന്ന കാര്യത്തിൽ സംശയമില്ല. തീരക്കടലിലും ആഴക്കടലിലും നടക്കുന്ന ഖനനം കടലിന്റെ ആവാസ വ്യവസ്ഥയാകെ തകരാറിലാക്കും. വലിയ തോതിൽ മത്സ്യ സമ്പത്ത് നശിക്കുവാൻ ഇടവരുത്തും, സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്ന കടൽ മേഖലയിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടന്നുചെല്ലാൻ കഴിയാത്ത തരത്തിലുള്ള നിയന്ത്രണങ്ങളും വരും. കടലിൽ നടത്തുന്ന ഏത് ഖനനവും തൊട്ടടുത്ത തീരത്തെ ബാധിക്കുകയും ചെയ്യും. കേരളം പോലെ ജനസാന്ദ്രമായ തീരദേശ സംസ്ഥാനത്ത് അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതുകൊണ്ട് കേരളവും മറ്റ് തീരദേശ സംസ്ഥാനങ്ങളും ശക്തമായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയുമാണ്. അതുകൊണ്ട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കേന്ദ്രസർക്കാരിന്റെ കടൽക്കൊള്ളക്കെതിരായി ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.