Web Desk

ന്യൂഡല്‍ഹി

July 19, 2021, 9:41 pm

ലോക്പാല്‍ കേന്ദ്രം അട്ടിമറിക്കുന്നു

Janayugom Online

ലോക്പാല്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷം കഴിയുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനെ (ഡയറക്ടര്‍ ഓഫ് എന്‍ക്വയറി) നിയമിക്കാതെ കേന്ദ്ര സര്‍ക്കാര്‍. 2019ലാണ് ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെയും മറ്റ് ജുഡീഷ്യല്‍, ജുഡീഷ്യല്‍ ഇതര അംഗങ്ങളെയും നിയമിച്ചത്. എന്നാല്‍ ലോക്പാല്‍ നല്‍കുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനായുള്ള ഉദ്യോഗസ്ഥനെ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറി പദവിയ്ക്ക താഴെയല്ലാത്ത ഉദ്യോഗസ്ഥനെ അന്വേഷണ ഡയറക്ടറായി നിയമിക്കണമെന്നാണ് 2013ലെ ലോക്പാല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. പരാതികള്‍ ലഭിച്ചാല്‍ ലോക്പാലിന് സ്വതന്ത്രമായി കേസ് അന്വേഷിക്കുകയോ കേന്ദ്രത്തിനു കീഴിലുള്ള മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യാം. എന്നാല്‍ ലോക്പാല്‍ സമിതി രൂപീകരിച്ച് രണ്ടാണ്ട് പിന്നിടുമ്പോഴും ലോക്പാലിന് സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥനില്ലെന്നതാണ് വാസ്തവം.

അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിനും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കണമെന്നുകാണിച്ച് ലോക്പാല്‍ കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതുവരെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) ആണ് പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്.

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനമാണ് ലോക്പാല്‍. എന്നാല്‍ ആദ്യ ലോക്പാൽ ബിൽ പാസാക്കിയിട്ട‌് അരനൂറ്റാണ്ടും നിലവിലുള്ള നിയമം പ്രാബല്യത്തിലായിട്ട‌് അഞ്ചുവർഷവും പിന്നിടുമ്പോഴാണ‌് പ്രഥമ ലോക്പാലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതെന്നതും ശ്രദ്ധേയമാണ്.

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ അഴിമതി സംബന്ധിച്ച് ഇതുവരെ 12 പരാതികളാണ് ലോക്പാലിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളതാണ്. 2020–21 വര്‍ഷത്തില്‍ എംപിമാര്‍ക്കെതിരെയുള്ള 110 പരാതികള്‍ ലോക്പാലിന് ലഭിച്ചു. 2019–20 വര്‍ഷത്തില്‍ ഇത് 1,427 ആയിരുന്നു.

Eng­lish Sum­ma­ry: Cen­tral gov­ern­ment sab­o­tage Lokpal

You may like this video also