Web Desk

ന്യൂഡല്‍ഹി

February 17, 2020, 11:02 pm

ശബരിമല: ആചാരങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്രം

Janayugom Online

വിശ്വാസം അനുസരിച്ച് നിര്‍മ്മിച്ച നിയമങ്ങള്‍ മതത്തിന്റെ ഭാഗമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച കേസില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശാല ബെഞ്ചിനു മുന്നില്‍ ഇന്നലെ വാദം തുടങ്ങി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വാദത്തിന് തുടക്കം കുറിച്ചത്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതങ്ങളില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും തുല്യമായ അവകാശമുണ്ട്. എന്നാൽ ഇത്തരമൊരു തുല്യത എന്ന സംഗതി ബ്രിട്ടീഷുകാരില്‍നിന്നും കടം കൊണ്ടതാണ്. അവിടെ ഒരു മതവും വ്യത്യസ്ഥ ആചാരവുമാണ്. എന്നാലിവിടെ രാജ്യത്തിനു മതമില്ല.

മുസ്‌ലിമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ല. ഒരു മതവും മറ്റൊരു മതത്തിനു മുകളിലല്ലെന്നും മേത്ത വാദിച്ചു. ഒരു മതത്തിലോ മതാചാരത്തിലോ വിശ്വസിക്കാത്ത ഒരാള്‍ക്ക് അതേ മതത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനാകില്ല. ശിരൂര്‍ മഠം കേസിലെ വിധി ചൂണ്ടിക്കാട്ടി മേത്ത പറഞ്ഞു. ഇതേകാര്യം കൊണ്ടുതന്നെ ഒരു വ്യക്തിയുടെ വിശ്വാസ സംബന്ധമായ വിഷയങ്ങള്‍ മറ്റൊരു വ്യക്തിക്കു ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമല്ല. ഭരണഘടനയുടെ ആമുഖമനുസരിച്ച് സ്വതന്ത്രമായി ചിന്തിക്കാനും വിശ്വസിക്കാനും ആരാധിക്കാനും ഓരോ പൗരനും അവകാശമുണ്ട്. അതില്‍ ഏത് വിശ്വാസം, ഏത് ആചാരം എന്നു പറയുന്നില്ലെന്നും ഓരോ മതത്തിന് അനുസരിച്ച് ആചാരങ്ങള്‍ക്കു വ്യത്യാസമുണ്ടാകാമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ സ്വഭാവമില്ലാത്ത ആചാരങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും നിര്‍വചിക്കപ്പെടാത്ത ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിക്കാട്ടി കോടതികള്‍ വിധി പുറപ്പെടുവിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു ദിവസം എത്രപ്രാവശ്യം നിസ്‌കരിക്കുന്നു എന്നതുപോലല്ല ഘോഷയാത്ര നടത്തുന്നതെന്നും പൊതു താല്പര്യം മാനിച്ച് നിയമം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100, 500 എന്നിങ്ങനെ നിശ്ചയിക്കുമെന്നും മതത്തിന്റെ പേരില്‍ നരബലി നടത്താനാകില്ലെന്നും സതി നിരോധിച്ചതുമൊക്കെ തുഷാര്‍ മേത്തയുടെ വാദമുഖങ്ങള്‍ കേള്‍ക്കവെ കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ആര്‍ ഭാനുമതി എന്നിവരാണ് മറ്റംഗങ്ങള്‍. കേസില്‍ ഇന്നും വാദം തുടരും.

Eng­lish Summary:central gov­ern­ment said court should not inter­fere in sabari­mala rituals

You may also like this video