September 29, 2022 Thursday

കർഷക ആത്മഹത്യകളുടെ വിവരങ്ങള്‍ കൈവശമില്ലെന്ന് കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി
September 21, 2020 9:28 pm

രാജ്യത്ത് നടന്ന കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങളും കൈവശമില്ലെന്ന് കേന്ദ്രസർക്കാർ. പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കർഷക ആത്മഹത്യകളുടെ വിശദാംശങ്ങൾ‌ നൽ‌കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിനെ അറിയിച്ചത്. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ കർഷകർ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി അറിയിച്ചു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മറ്റ് മേഖലയിൽ നടക്കുന്ന ആത്മഹത്യയെകുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നില്ലെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ അപകട മരണങ്ങളും ആത്മഹത്യകളും സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2019 ൽ 10,281 കർഷകർ ആത്മഹത്യ ചെയ്തു.

2018 ൽ ഇത് 10,357 ആയിരുന്നു. രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 7.4 ശതമാനമാണ് കാർഷിക മേഖലയിലെ ആത്മഹത്യാനിരക്ക്. ഇതിൽ 5,957 കർഷകരും 4,324 കാർഷിക തൊഴിലാളികളുമാണെന്ന് എൻസിആർബി റിപ്പോർട്ടിൽ പറയുന്നു. ഈ സമ്മേളനകാലയളവിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയങ്ങൾക്കെല്ലാം അറിയില്ലെന്നോ കണക്കുകൾ കൈവശമില്ലെന്നോ ഉള്ള മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. ലോക്ഡൗൺ കാലയളവിൽ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണവും കോവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണവും അറിയില്ലെന്ന കേന്ദ്രസർക്കാർ മറുപടിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.

Eng­lish sum­ma­ry; Cen­tral gov­ern­ment says it has no infor­ma­tion on farmer suicides

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.