25 April 2024, Thursday

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; പരസ്യങ്ങളിലൊതുങ്ങി

*78 ശതമാനം തുകയും പരസ്യം നല്‍കുന്നതിന്
*രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി
Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2022 10:20 pm

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിക്കായി അനുവദിച്ചതില്‍ 78 ശതമാനവും കേന്ദ്രം ചെലവഴിച്ചത് പരസ്യത്തിനു വേണ്ടിയെന്ന് പാര്‍ലമെന്ററി സമിതി.
2016–19 കാലയളവില്‍ പദ്ധതിക്കായി അനുവദിച്ച 446.72 കോടിയില്‍ മുക്കാല്‍ ഭാഗവും പരസ്യത്തിനാണ് വിനിയോഗിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുനരവലോകനം നടത്തേണ്ടതുണ്ടെന്നും സമിതി ശുപാ‍ര്‍ശ ചെയ്തു. ‘വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ സ്ത്രീ ശാക്തീകരണ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിയുടെ ആറാമത് (2021–22) റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയെ ആധാരമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇത്തരം പ്രധാനപ്പെട്ട പദ്ധതികളില്‍ പരസ്യങ്ങള്‍ക്കുള്ള തുക വെട്ടിച്ചുരുക്കി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.
പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായാണ് ബിബിബിപിയെ വിശേഷിപ്പിക്കുന്നത്.
പദ്ധതിക്ക് കീഴിലുള്ള പരസ്യങ്ങൾക്കുള്ള ചെലവ് സർക്കാർ പുനഃപരിശോധിക്കുകയും ആസൂത്രിത ചെലവ് വിഹിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് ശുപാര്‍ശ ചെയ്തു.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ പതിവായോ അല്ലെങ്കില്‍ ത്രൈമാസാടിസ്ഥാനത്തിലോ യോഗം ചേരണമെന്നാണ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ചെലവുകളും മറ്റും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കല്‍, റിപ്പോര്‍ട്ട് തയാറാക്കല്‍, യോഗം ചേരല്‍ തുടങ്ങിയ കാര്യങ്ങളില്‍ ദൗത്യസംഘങ്ങള്‍ പരാജയപ്പെട്ടു. പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശരിയായ രീതിയില്‍ അവലോകനം ചെയ്യപ്പെടുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ നോഡൽ മന്ത്രാലയം എന്ന നിലയ്ക്ക് ദേശീയ, സംസ്ഥാന, ജില്ലാ ദൗത്യ സംഘങ്ങളുടെ അവലോകന യോഗങ്ങൾ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി നടക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പാക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, വില്ലേജ് തലങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് ഓൺലൈൻ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ കൂടുതൽ കാലതാമസം കൂടാതെ വികസിപ്പിക്കണം. സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിവരങ്ങള്‍ വെബ് പോർട്ടലില്‍ ലഭ്യമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 

Eng­lish Sum­ma­ry: Cen­tral gov­ern­ment spends mon­ey for adver­tis­ing Beti Bachao or Beti Pad­hao scheme

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.