27 March 2024, Wednesday

Related news

September 15, 2022
May 9, 2022
March 11, 2022
January 11, 2022
December 14, 2021
November 14, 2021
November 10, 2021
November 8, 2021
October 26, 2021
October 23, 2021

കേന്ദ്ര ഭരണകൂടമേ, മായ്ക്കാനാകില്ല ആ പാപക്കറ

ടി കെ പ്രഭാകരകുമാർ
കാസര്‍കോട്
January 11, 2022 4:32 am

രാജ്യത്തെ കർഷകജനതയുടെ ജീവിതം തകർക്കാൻ പര്യാപ്തമായിരുന്ന കാർഷികനിയമങ്ങൾ പിൻവലിച്ചതോടുകൂടി ഇക്കാര്യത്തിൽ തങ്ങൾ വരുത്തിയ പാപങ്ങളും കളങ്കങ്ങളും മനുഷ്യാവകാശലംഘനങ്ങളും അനീതികളുമെല്ലാം അവസാനിച്ചുവെന്നാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ധാരണയെങ്കിൽ അത് തെറ്റാണ്. നിലനിൽപ്പിനുവേണ്ടി പോരാടിയ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രകനെന്ന ആരോപണത്തിന് വിധേയനായ ഒരു മന്ത്രി യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രി അജയ് മിശ്രയാണ് കർഷകഘാതകനെന്ന അപഖ്യാതിയും പേറി തൽസ്ഥാനത്ത് തുടരുന്നത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് ഉത്തർ പ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ സമരത്തിലായിരുന്ന കർഷകർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയത്. നാലു കർഷകർ കൊല്ലപ്പെടുകയും ചെയ്തു. ആശിഷ് മിശ്രയ്ക്ക് സ്വന്തം നിലയിൽ ഇത്തരമൊരു ഘോരകൃത്യം നടത്താൻ സാധിക്കില്ലെന്ന് തന്നെയാണ് കരുതേണ്ടത്. തന്റെ പിതാവ് ഉൾപ്പെടുന്ന കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയില്ലാതെ ഇങ്ങനെയൊരു കൂട്ടക്കൊല നടത്താൻ ആശിഷ് മിശ്രയ്ക്ക് ധൈര്യമുണ്ടാവില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കർഷകസമരങ്ങൾക്കെതിരെ ക്രൂരമായ അടിച്ചമർത്തലുകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്തും വർധിതവീര്യത്തോടെ സമരം തുടരുകയും കേന്ദ്രസർക്കാരിന് ഉറക്കം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ലഖിംപുരിൽ കർഷകകൂട്ടക്കൊല നടന്നത്.

 


ഇതുകൂടി വായിക്കൂ: ജനാധിപത്യം ധ്വംസിക്കപ്പെടുന്ന പാര്‍ലമെന്റ്


 

അജയ് മിശ്ര അധികാരവും പണവും രാഷ്ട്രീയ സ്വാധീനവുമൊക്കെ ഉപയോഗിച്ച് കേസിൽ നിന്ന് മകനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. ആശിഷ് മിശ്ര നിയമത്തിന് മുന്നിലെത്തിയെങ്കിലും ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയെക്കുറിച്ച് ഇപ്പോഴും അന്വേഷണമൊന്നുമില്ല. അന്വേഷണം നടന്നാൽ അത് ചെന്നെത്തുക അജയ് മിശ്രയിലായിരിക്കും. അജയ് മിശ്ര പ്രതിയായാൽ സ്വാഭാവികമായും കർഷകരക്തത്തിന് കേന്ദ്രസർക്കാരും സമാധാനം പറയേണ്ടിവരും. അതുകൊണ്ട് എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അജയ് മിശ്രയെ സംരക്ഷിക്കുകയെന്ന നിലപാടുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപാർട്ടികൾ ദേശീയതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഈ പ്രതിഷേധത്തെപോലും തികഞ്ഞ അസഹിഷ്ണുതയോടെയാണ് കേന്ദ്രം കാണുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിന്റെ പേരിൽ രാജ്യസഭയിലെ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരടക്കം 12 എംപിമാരെ സസ്പെന്റ് ചെയ്തതുകൊണ്ടൊന്നും കർഷക കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ബിജെപി ഭരണകൂടത്തിനാകില്ല. ലോക്‌സഭയിലും രാജ്യസഭയിലും ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണെങ്കിൽ പുറത്ത് ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനും രാജ്യത്തെ ജനങ്ങളോട് കേന്ദ്രത്തിന്റെ നീതി നിഷേധം തുറന്നുകാട്ടാനും ഇടതുകക്ഷികൾക്ക് സാധിക്കും.

 


ഇതുകൂടി വായിക്കൂ: ഐതിഹാസികമായ കര്‍ഷക സമരം


 

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെട്ട കർഷകർ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് അന്നം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ നാടിന്റെ അഭിമാനവും പൊതുസ്വത്തുമാണ് ഈ വിഭാഗം. അധികാരത്തിന്റെയും മറ്റ് ഉന്നതപദവികളുടെയും അമരത്ത് ആരൊക്കെ വിരാജിച്ചാലും കർഷകർ ഇല്ലെങ്കിൽ നാടും സമൂഹവും എന്തിനേറെ രാജ്യം തന്നെയുമുണ്ടാകില്ല. അങ്ങനെ രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരിൽപ്പെട്ടവരെ കൂട്ടക്കൊലക്ക് വിധേയരാക്കിയ സംഭവത്തിന്റെ കളങ്കം പേറിനടക്കുന്ന വ്യക്തിയെ സംരക്ഷിക്കുന്നതിലൂടെ കേന്ദ്രസർക്കാർ കർഷകരോട് തരിമ്പും സ്നേഹമില്ലാത്തവരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്. ബഹുരാഷ്ട്ര കുത്തകകൾക്കുവേണ്ടി കർഷകരെ കൊടുംചൂഷണത്തിന് വിധേയരാക്കാൻ വേണ്ടിയാണ് മോഡി സർക്കാർ കാർഷികനിയമങ്ങൾ കൊണ്ടുവന്നതെന്ന് എല്ലാവർക്കുമറിയാം.

ഒന്നരവർഷത്തോളം നീണ്ടുനിന്ന കർഷകസമരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കൂട്ടരുടെയും ഉറക്കം നഷ്ടപ്പെടുത്തുകയായിരുന്നു. ഈ സമരത്തെ തകർക്കാൻ സമാനതയില്ലാത്ത വേട്ടയാടലുകളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2020 സെപ്തംബർ 20നാണ് കർഷകനിയമം പാർലമെന്റിൽ പാസാക്കിയത്. കർഷകതാല്പര്യങ്ങൾക്ക് എന്നും മുന്നിൽ നിൽക്കുന്ന ഘടകകക്ഷിയായ ശിരോമണി അകാലിദൾ എൻഡിഎ വിട്ടുപോകാൻ ഈ നിയമം കാരണമായി. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം, രാജ്യവ്യാപകമായി റോഡ് തടയൽ സമരം, ദൽഹി ചലോ പ്രക്ഷോഭം, ചെങ്കോട്ടയിലും ജന്തർമന്തറിലും പ്രതിഷേധം, പൊലീസിന്റെ നരനായാട്ടിൽ കർഷകർ കൊല്ലപ്പെട്ട സംഭവം, ലഖിംപുർ ഖേരിയിലെ കൂട്ടക്കൊല തുടങ്ങിയവയെല്ലാം ഐതിഹാസികമായ കർഷകസമരത്തിന്റെ നാൾവഴികളായി മാറി. ഇതിനിടയിൽ യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകൾ ചുമത്തി നിരവധി കർഷകരെയാണ് കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിച്ചത്. ജീവിക്കാൻ വേണ്ടി പോരാടുന്ന കർഷകരെ രാജ്യദോഹികളായും തീവ്രവാദികളായും ചിത്രീകരിച്ചുകൊണ്ടുള്ള വ്യാജപ്രചരണങ്ങൾ നടത്താനും കേന്ദ്രം ഭരിക്കുന്നവർ മുന്നിൽ തന്നെയുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും തിണ്ണമിടുക്ക് ഉപയോഗിച്ചിട്ടുപോലും തളരാതിരുന്ന കർഷകർ ദുഷ്കരമായ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ലക്ഷ്യത്തിലെത്തിച്ചേർന്നത്. കർഷകസമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മുട്ടുമടക്കിയ മോഡിസർക്കാരിന് കാർഷികനിയമങ്ങൾ നടപ്പാക്കിയതിന്റെ പേരിൽ മാപ്പുപോലും പറയേണ്ടിവന്നു. കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി ഉണ്ടായ കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന തിരിച്ചറിവിൽ പരിഹാരം കാണുകയെന്ന ചുമതലയാണ് കേന്ദ്രത്തിനുള്ളത്. കർഷകസമരത്തിനിടെ നഷ്ടമായ ജീവനുകൾ തിരിച്ചുനൽകാനാകില്ലെങ്കിലും അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായത്തിലൂടെ ആശ്വാസം പകരാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

 


ഇതുകൂടി വായിക്കൂ: മോഡി ഭരണകൂടത്തെ മുട്ടുകുത്തിച്ച കര്‍ഷക മഹാവിജയം


 

കർഷകസമരങ്ങളെ അടിച്ചമർത്താനായി ചമച്ച മുഴുവൻ കേസുകളും പിൻവലിക്കുക, സമരത്തിനിടെ മരണപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പൂർണമായും നടപ്പിലാക്കണം. വാഹനാപകടമാണെന്ന് തോന്നിപ്പിച്ച് നാല് കർഷകജീവനുകളെടുത്ത ആസൂത്രിത കൊലപാതകത്തിൽ കേന്ദ്രമന്ത്രിക്കുള്ള ബന്ധം അന്വേഷിക്കണം. ഈ മന്ത്രിയെ അധികാരത്തിൽ നിലനിർത്തിയുള്ള അന്വേഷണമല്ല വേണ്ടത്. സംശയനിഴലിലുള്ള മന്ത്രി അജയ് മിശ്രയെ മാറ്റിനിർത്തണം.

സമഗ്രമായ അന്വേഷണം നടത്തി മന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതൊന്നും ചെയ്യാതെ കർഷകരോട് സ്നേഹവും ആദരവുമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന കാപട്യം അംഗീകരിക്കാനാകില്ല. ഇനി മന്ത്രിയെ അറസ്റ്റ് ചെയ്താലും ശിക്ഷിച്ചാലും കർഷക കൂട്ടക്കൊലയെന്ന വലിയ പാപത്തിന്റെ കറ മോഡിഭരണകൂടത്തെ വിട്ടുപോകില്ല. കർഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കാനും ലഖിംപൂര്‍ സംഭവത്തിൽ രാജ്യത്തോട് മാപ്പ് പറയാനും രാജ്യം ഭരിക്കുന്നവർ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.