Saturday
14 Dec 2019

ഗള്‍ഫ് ആകാശക്കൊള്ള കേന്ദ്രസൃഷ്ടി

By: Web Desk | Tuesday 4 June 2019 9:48 PM IST


കെ രംഗനാഥ്

ദുബായ്: ഗള്‍ഫിലെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ ആകാശക്കൊള്ളയ്ക്കും യാത്രാ ദുരിതത്തിനും എറിഞ്ഞുകൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന കണക്കുകള്‍ പുറത്തുവരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മധ്യവേനലവധിയും റംസാനും പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരില്‍ നിന്നും ഈ സീസണില്‍ മൂന്നിരട്ടി വിമാനക്കൂലിയാണ് അധികം ഈടാക്കുന്നത്.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് നാലിരട്ടിയില്‍ മുട്ടിനില്‍ക്കുന്നു. സീറ്റുകളുടെ അപര്യാപ്തതമൂലമാണ് പ്രവാസികളെ യാത്രാദുരിതത്തിലാഴ്ത്തി ആകാശകൊള്ളയ്ക്കു കളമൊരുക്കുന്നതെന്ന് വ്യോമയാന വിദഗ്ധര്‍ കരുതുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, ഗള്‍ഫിലെ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സൗദിഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ്, എയര്‍ ഒമാന്‍ തുടങ്ങിയവയ്ക്ക് ഒരാഴ്ചയില്‍ ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത് 1.13 ലക്ഷം സീറ്റുകള്‍.

ജെറ്റ് എയര്‍ അടച്ചുപൂട്ടിയപ്പോള്‍ ഒഴിവുവന്ന സീറ്റുകള്‍ മറ്റു വിമാനക്കമ്പനികള്‍ക്കു പകുത്തുനല്‍കാന്‍പോലും കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പു തയ്യാറായിട്ടില്ല. ജെറ്റ് എയര്‍വേസ് ഇന്ത്യയിലേക്ക് ആഴ്ചയില്‍ 39 സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇവയില്‍ പലതും പ്രതിവാര സര്‍വീസുകളും ആഴ്ചയില്‍ മൂന്നും അഞ്ചും വരെയുള്ള സര്‍വീസുകളാണ് നടത്തിയിരുന്നത്. ജെറ്റ് എയറില്‍ 24 ശതമാനം ഓഹരിയുള്ള എത്തിഹാദ് എയര്‍വേസിന് ഈ സീറ്റുകള്‍ നല്‍കാനുള്ള മര്യാദപോലും കേന്ദ്രം കാട്ടിയില്ലെന്ന് ഈ വിമാന കമ്പനിയുടെ വക്താവ് അറിയിച്ചു.
ഗള്‍ഫ് സെക്റ്ററില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗതാവകാശ നിയമപ്രകാരം അനുവദിക്കേണ്ട സീറ്റുകളില്‍ വെറും 45 ശതമാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആകെ ആഴ്ചയില്‍ 1.13 ലക്ഷം സീറ്റുകള്‍ മാത്രം. ഇതുസംബന്ധിച്ച് പല വിമാന കമ്പനികളുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിന് 10 വര്‍ഷത്തോളം പഴക്കമുണ്ട്. ഇതിനുശേഷം വ്യോമ ഗതാഗതത്തില്‍ പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ യാത്രക്കാരുടെ എണ്ണം പലമടങ്ങു വര്‍ധിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായി സീറ്റുകള്‍ ഉയര്‍ത്താന്‍ കേന്ദ്രം കൂട്ടാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയായ ദുബായ് എമിറേറ്റ്‌സിന് 10 വര്‍ഷം മുമ്പ് അലോട്ട് ചെയ്തത് ആഴ്ചയില്‍ 54,200 സീറ്റുകള്‍. യാത്രക്കാരുടെ സംഖ്യ ഇരട്ടിയായപ്പോള്‍ ആഴ്ചയില്‍ അരലക്ഷം അധിക സീറ്റുകള്‍ക്ക് എമിറേറ്റ്‌സ് അധികൃതര്‍ നല്‍കിയ അപേക്ഷ കേന്ദ്രം പരിഗണിച്ചിട്ടുപോലുമില്ല. സീറ്റുകള്‍ 63,000 ആയി ഉയര്‍ത്താമെന്ന് മൂന്നു മാസം മുമ്പ് ഇന്ത്യ നല്‍കിയ ഉറപ്പും പാഴായി.

ഖത്തര്‍ എയര്‍വേയ്‌സിന് അനുവദിച്ചിട്ടുള്ളത് ആഴ്ചയില്‍ 12,800 സീറ്റുകള്‍. ഏഴ് ലക്ഷം ഇന്ത്യക്കാരുള്ള ഖത്തറിലെ ഇന്ത്യക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ 13,000 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന അപേക്ഷ ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര വ്യോമയാന വകുപ്പില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് മേധാവി അക്ബര്‍ അല്‍ ബേക്കര്‍ വെളിപ്പെടുത്തിയത്. 16 ലക്ഷം മലയാളികളടക്കം 36 ലക്ഷം ഇന്ത്യാക്കാരുള്ള യുഎഇയിലെ എത്തിഹാദ് എയര്‍വേയ്‌സിന്റെയും 32 ലക്ഷം ഇന്ത്യാക്കാരുള്ള സൗദി അറേബ്യയുടെ സൗദിയയുടെയും മലയാളികളുടെ ഗള്‍ഫിലെ ഏറ്റവുമധികം കേന്ദ്രീകരണമുള്ള ഷാര്‍ജയുടെ എയര്‍ അറേബ്യയും സീറ്റുവര്‍ധിപ്പിച്ചുകിട്ടാന്‍ നല്‍കിയ അപേക്ഷകളും കേന്ദ്രത്തിന്റെ ചവറ്റുകൊട്ടയില്‍.

2 ലക്ഷം അധിക സീറ്റുകള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കു പങ്കുവച്ചു നല്‍കിയാല്‍ തീരാവുന്നതേയുള്ളു. ആകാശകൊള്ളയും പ്രവാസികളുടെ യാത്രാദുരിതവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ സീറ്റിനുമുള്ള നികുതി കേന്ദ്രത്തിന് വന്‍ വരുമാനമാര്‍ഗവുമാകുമെന്നിരിക്കേ ആവശ്യമായ സീറ്റുകള്‍ അനുവദിക്കാതെ സ്വന്തം പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന ആരോപണവും ശക്തം. പ്രവാസികളുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളെടുത്തുകളയുമെന്ന് വിദേശകാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് വി മുരളീധരന്‍ അറിയിച്ചിരുന്നു. രണ്ട് ലക്ഷം അധിക സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വെറും ഒരാഴ്ച മതിയെന്നിരിക്കെ പ്രശ്‌നം വലിച്ചുനീട്ടുന്നത് ദുരൂഹമാണെന്നാണ് വ്യോമയാന വിദഗ്ധരുടെ പക്ഷം.

Related News