റബ്ബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം: കാനം രാജേന്ദ്രൻ

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 2:47 pm

റബ്ബർ കർഷകർക്ക് ഏറെ സഹായകമായി നിലവിലുണ്ടായിരുന്ന റബ്ബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു.
1947‑ൽ രൂപീകരിച്ചതും റബ്ബർ കൃഷിക്കും കർഷകർക്കും പ്രയോജനപ്രദമായിരുന്ന്തുമായ റബ്ബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം ലക്ഷക്കണക്കായ കൃഷിക്കാരേയും ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വലിയ വിഭാഗം ജനങ്ങളേയും ഏറെ ദോഷകരമായി ബാധിക്കും.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഈ നീക്കത്തിലൂടെ റബ്ബർ ബോർഡും ഇല്ലാതാവും. റബ്ബർ കർഷകർക്കുള്ള സഹായം, സബ്സിഡി, താങ്ങുവില, തറവില എന്നിവയെല്ലാം ഇല്ലാതാവുന്നതി ലേക്കാണ് എത്താൻ പോകുന്നത്. ഇറക്കുമതി, കയറ്റുമതി എന്നിവയ്ക്കൊന്നും നിയന്ത്രണങ്ങൾ ഇല്ലാതാവുമെന്ന പ്രത്യേകതയുമുണ്ട്.
ആഗോളവൽക്കരണ നയങ്ങൾ തകർത്തു തുടങ്ങിയ ഇന്ത്യയിലെ റബ്ബർ മേഖല ആസിയാൻ കരാറോടെ വലിയ പ്രതിസന്ധിയിൽ ആയതാണ്.

കോവിഡ് തീർത്ത ബുദ്ധിമുട്ടുകളിൽപെട്ട് നട്ടം തിരിയുന്നതിനിടയിലുള്ള ഈ നീക്കം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ മനോഭാവം വെളിപ്പെടുത്തുകയാണ്.
കോവിഡിന്റെ പേരിൽ പ്രഖ്യാപിച്ച പാക്കേജുകളിലെ പൊള്ളത്തരം ഒരിക്കൽകൂടി പുറത്തുവരികയാണ്. മോദി സർക്കാർ കർഷകർക്കൊപ്പമില്ലെന്നും വൻകിട കോർപ്പറേറ്റുകൾക്കൊപ്പം ചേർന്ന് സാധാരണക്കാരെ കയ്യൊഴിയുകയും ചെയ്യുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകരെ ദ്രോഹിക്കാൻ ഒരുമ്പെടുന്ന നിലപാടുകളിൽ നിന്ന് പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.
റബ്ബർ ആക്ട് റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറാനും കർഷകരെ സഹായിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് കർഷകർ രംഗത്തിറങ്ങണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish sum­ma­ry; move by the Cen­tral Gov­ern­ment to repeal the Rub­ber Act should be aban­doned

you may also like this video;