Web Desk

ന്യൂഡൽഹി

March 30, 2020, 8:52 pm

ജീവൻ രക്ഷാ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ

Janayugom Online

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ജീവൻ സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് ചികിത്സ സംബന്ധ ഉപകരണങ്ങളുടെയും കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഇതിനോടകം തന്നെ 40,000 വെന്റിലേറ്ററുകൾ വാങ്ങാനുള്ള അനുമതി കേന്ദ്രം നൽകി കഴിഞ്ഞു. പ്രദേശിക നിര്‍മ്മാതാക്കളുമായി കൂടിചേർന്ന് രണ്ടു മാസത്തിനകം 30,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഭാരത് ഇലക്ട്രോണിക്സിന് നിർദേശം നൽകി. ഓട്ടോ മൊബൈൽ നിർമ്മാതാക്കളോടും വെന്റിലേറ്ററുകൾ നിര്‍മ്മിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരുമാസത്തിനുള്ളിൽ 10,000 വെന്റിലേറ്റുകൾ നിർമ്മിക്കാൻ നോയിഡ ആസ്ഥാനമായുള്ള കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.

ഏപ്രിൽ രണ്ടാമത്തെ ആഴ്ച മുതൽ കമ്പനി നിർമ്മാണം ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടാതെ സ്ക്രീനിങ്ങും മറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവർക്കും വേണ്ടിയുള്ള 21 ലക്ഷത്തിലേറെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിഇ കവർഓൾ) നിർമ്മിക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി 11 ആഭ്യന്തര നിർമ്മാതാക്കള്‍ യോഗ്യത നേടിയിട്ടുണ്ട്.

അതേസമയം വിദേശകാര്യ മന്ത്രാലയം വഴി 10 ലക്ഷം പിപിഇ കിറ്റുകൾക്ക് ഓർഡർ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ഇവ നിർമ്മിച്ചു നൽകുക. ഇവ എത്രയും പെട്ടെന്നു തന്നെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ ആശുപത്രികളിലായി മൂന്ന് ലക്ഷം പിപിഇ കവറുകളാണ് ഉള്ളത്. ഏപ്രിൽ നാലിനുള്ളിൽ മൂന്ന് ലക്ഷം കവർഓളുകൾ കൂടി സംഭാവനയായി ഇന്ത്യയിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചു. ഇവയിൽ റെഡ് ക്രോസിന്റെ സംഭാവനയും ഉൾപ്പെടും.

Eng­lish Sum­ma­ry: Cen­tral Gov­ern­ment to solve short­age of life sav­ing equipment

You may also like this video