Web Desk

ന്യൂഡല്‍ഹി

February 10, 2021, 8:03 pm

സ്പെഷ്യല്‍ മാര്യേജ് ആക്‌ട് വിവാഹം; 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Janayugom Online

സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കു 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഇതിനെതിരായ ഹര്‍ജി തള്ളാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിവിധ കക്ഷികളുടെ താല്‍‌പ്പര്യത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുക എന്നതാണ് നിയമത്തിന് പിന്നിലെ ലക്ഷ്യമെന്നും 30 ദിവസത്തിനുള്ളില്‍ ആരെങ്കിലും വിവാഹത്തിന് എതിര്‍പ്പ് ഉന്നയിക്കുകയാണെങ്കില്‍, അതേക്കുറിച്ച്‌ അന്വേഷണം നടത്തി പൂര്‍ത്തിയാകുന്നതു വരെ ഉത്തരവാദിത്ത്വപ്പെട്ട ഉദ്യോഗസ്ഥന്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും നിയമ- മന്ത്രാലയം മറുപടിയില്‍ പറഞ്ഞു.

നിയമത്തിലെ 6, 7 വകുപ്പുകള്‍ പ്രകാരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ തങ്ങളെ നേരിട്ട് ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് ഒരു മിശ്രവിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നു. 30 ദിവസത്തെ നോട്ടീസ് എന്ന ആശയം മിശ്ര വിവാഹങ്ങളെ മുഴുവനായും നിരുത്സാഹപ്പെടുത്തുന്നതാണെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച്‌ അഭിഭാഷകന്‍ ഉത്‌കര്‍ഷ് സിങ് വാദിച്ചിരുന്നു. 

വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള തടസം നീക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി അടുത്തിടെ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹങ്ങള്‍ക്കു 30 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമല്ലെന്നായിരുന്നു കോടതി വിധി. സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള 30 ദിവസത്തെ നോട്ടീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമങ്ങളെ ബാധിക്കാനിടയുള്ളതായിരുന്നു വിധി. പ്രത്യേക വിവാഹ നിയമം കേന്ദ്ര നിയമമായതിനാല്‍, രാജ്യത്തുടനീളമുള്ള മിശ്രവിവാഹ ദമ്പതികള്‍ക്ക് ഗുണം ചെയ്യുന്ന വിധിയായിരുന്നു ഇത്. ഇതിനെതിരെയാണ് കേന്ദ്രസർക്കാർ നിലപാടെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:Central gov­ern­ment wants 30-day notice manda­to­ry foe spe­cial mar­riage act
You may also like this video